ബോക്‌സിങ് റിങ്ങിൽ ഇന്ത്യയുടെ 'നാരീശക്തി'; ഇടിച്ചിട്ട് നേടിയത് അഞ്ച് സ്വർണം

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസ് ബോക്‌സിങ് റിങ്ങിൽ ഇന്ത്യയുടെ പവർ പഞ്ച്. അഞ്ച് സ്വർണവും ഒരു വെള്ളിയുമാണ് ഇന്ത്യൻ വനിതകൾ നേടിയത്. 51 കിലോഗ്രാം വിഭാഗത്തിൽ സാക്ഷി ചൗധരി, 60 കിലോഗ്രാം വിഭാഗത്തിൽ പ്രിയ ഗൻഗാസ്, 70 കിലോഗ്രാം വിഭാഗത്തിൽ അരുന്ധതി ചൗധരി, 54 കിലോഗ്രാം വിഭാഗത്തിൽ പ്രീതി പവാർ, 57 കിലോഗ്രാം വിഭാഗത്തിൽ ജയ്സ്മിൻ ലംബോറിയ എന്നിവരാണ് സ്വർണം ഇടിച്ചിട്ടത്. 75 കിലോഗ്രാം വിഭാഗത്തിൽ ലവ്ലിന ബോർഗോഹൊയ്ൻ വെള്ളിയും നേടി.
കനേഡിയൻ താരം മേരി ബത്തോളിനെ കീഴടക്കിയാണ് പ്രിയ സ്വർണം നേടിയത്. 4-1 നാണ് പ്രിയയുടെ ജയം. സാക്ഷി ചൗധരിയുടെ ജയം ആധികാരികമായിരുന്നു. 5-0നാണ് സാക്ഷി ഇംഗ്ലണ്ടിന്റെ റൂബി വൈറ്റിനെ കീഴടക്കിയത്. അരുന്ധതി ചൗധരി ഇംഗ്ലണ്ടിന്റെ ചാന്റെല്ല റെയ്ഡിനെയാണ് കീഴടക്കിയത്. കാനഡയുടെ സ്‌കാർലെറ്റ് സവന്നയെ തോൽപ്പിച്ചാണ് പ്രീതിയുടെ സ്വർണനേട്ടം. നോർത്തേൺ അയർലന്റിന്റെ മിക്കായേല വാൽഷിനെയാണ് ജയ്‌സ്മിൻ തോൽപ്പിച്ചത്. ഓസ്ട്രേലിയയുടെ എമ്മാ സ്യൂവിനോട് ലവ്‌ലിന തോറ്റത്.
അതേസമയം പുരുഷന്മാരുടെ 60 കിലോഗ്രാം വിഭാഗത്തിൽ സച്ചിൻ സിവാച്ച് സ്വർണം നേടി. പുരുഷൻമാരുടെ 55 കിലോഗ്രാം വിഭാഗത്തിൽ ജദ്ദുമണി സിങ് ഫൈനലിൽ പരാജയപ്പെട്ട് വെള്ളിയിലൊതുങ്ങി. ഓസ്ട്രേലിയയുടെ ഡിക്സോണിനോട് 5-0ത്തിനായിരുന്നു ജദ്ദുമണിയുടെ തോൽവി.
Content Highlights: Sakshi Chaudhary won gold in the 51kg category defeating Ruby White., Priya secured gold in the 60kg category against Mary Bathol