ഗ്ലാസ്‌ഗോയിലെ ബോക്‌സിങ് റിങ്ങിൽ ഇന്ത്യയുടെ തേരോട്ടം; മെഡലുറപ്പിച്ച് അഞ്ച് താരങ്ങൾ ഫൈനലിൽ

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസ് ബോക്‌സിങ്ങിൽ വൻ മുന്നേറ്റവുമായി ഇന്ത്യൻ താരങ്ങൾ. അഞ്ച് താരങ്ങൾ ഫൈനലിലേക്ക് മുന്നേറിയതോടെ ഇന്ത്യ അഞ്ച് മെഡലുകളുറപ്പിച്ചു. പ്രീതി പവാർ, അങ്കുഷ് പങ്കൽ, ജയ്്‌സ്മിൻ ലംബോറിയ, അരുന്ധതി ചൗധരി, ജദ്ദുമണി സിങ് എന്നിവരാണ് ഫൈനലിലെത്തിയത്.
പുരുഷൻമാരുടെ 80 കിലോഗ്രാം വിഭാഗത്തിലാണ് അങ്കുഷ് കലാശപ്പോരിലെത്തിയത്. കാനഡയുടെ ജോഷ്വ ഒഫോറിയയെ 5-0ത്തിന് തോൽപ്പിച്ചായിരുന്നു മുന്നേറ്റം. വനിതകളുടെ 54 കിലോഗ്രാം വിഭാഗത്തിലായിരുന്നു പ്രീതി പവാറിന്റെ വിജയം. എതിരാളി സാംബിയയുടെ കാതറിൻ മ്വാപയെ ഇടിച്ചിട്ട പ്രീതി ആധികാരികമായാണ് ഫൈനലിലേക്ക് മുന്നേറിയത്. (5-0).
വനിതകളുടെ 57 കിലോഗ്രാം വിഭാഗത്തിലാണ് ജയ്‌സ്മിൻ ലംബോറിയ ഫൈനലിലെത്തിയത്. ലെസോത്തോയുടെ റാപെലാങ് മസെലേലയെ 5-0ത്തിന് പരാജയപ്പെടുത്തി. പിന്നാലെ 70 കിലോഗ്രാം വിഭാഗത്തിൽ അരുന്ധതി ചൗധരിയും ഫൈനലിലേക്ക് മുന്നേറി. നിലവിലെ സ്വർണ മെഡലുകാരി വെയ്ൽസിന്റെ റോസി എക്ലെസിനെ തോൽപ്പിച്ചായിരുന്നു അരുന്ധതിയുടെ മുന്നേറ്റം. 4-0ത്തിനായിരുന്നു വിജയം.
പുരുഷൻമാരുടെ 55 കിലോഗ്രാം വിഭാഗത്തിൽ റിങ്ങിലെത്തിയ ജദ്ദുമണി സിങ്ങും നിരാശപ്പെടുത്തിയില്ല. ആദ്യ രണ്ട് റൗണ്ടിൽ വിജയിച്ച ജദ്ദുമണി മൂന്നാം റൗണ്ടിൽ 3-2ന് പിന്നിൽ പോയെങ്കിലും വിജയം പിടിച്ചെടുത്തി. നമീബിയയുടെ ഫിലിപ് ഹൊസേബിനെ 5-0ത്തിനാണ് തോൽപ്പിച്ചത്.
Content Highlights: Five Indian boxers qualified for the finals at the 2026 Glasgow Commonwealth Games., Preeti Pawar, Ankush Panghal, Jaismine Lamboria, Arundhati Choudhary, and Jaddumani Singh secured final spots., Arundhati Choudhary defeated the defending gold medalist to advance., India maintains a strong performance with dominant 5-0 victories across multiple weight categories.