അമ്പോ ! 17-0; ജൂനിയർ ലോകകപ്പ് ഹോക്കിയിൽ ഒമാനെ തകർത്ത് ഇന്ത്യ

ഇന്ത്യൻ ടീമിന്റെ ​ഗോളാഘോഷം | X.com/@TheHockeyIndia
ഇന്ത്യൻ ടീമിന്റെ ​ഗോളാഘോഷം | X.com/@TheHockeyIndia

ചെന്നൈ: ജൂനിയർ ലോകകപ്പ് ഹോക്കിയിൽ പൂൾ ബി മത്സരത്തിൽ ഒമാനെ തകർത്തെറിഞ്ഞ് ഇന്ത്യ. എതിരില്ലാത്ത 17 ഗോളുകൾക്കാണ് പി.ആർ. ശ്രീജേഷ് പരിശീലിപ്പിക്കുന്ന ടീം ജയിച്ചുകയറിയത്. ദിൽരാജ് സിങ് നാലുഗോളുകളുമായി തിളങ്ങി. ടൂർണമെന്റിലെ ഇന്ത്യയുടെ രണ്ടാം ജയമാണിത്.

ആദ്യ ക്വാര്‍ട്ടറില്‍ ഒരു ഗോള്‍ മാത്രമാണ് ഇന്ത്യക്ക് കണ്ടെത്താനായത്. എന്നാല്‍ രണ്ടാം ക്വാര്‍ട്ടര്‍ മുതല്‍ ഇന്ത്യ കളി മാറ്റി. മുന്നേറ്റം ശക്തമാക്കിയ സംഘം ഒമാന്‍ പോസ്റ്റിലേക്ക് പലകുറി ലക്ഷ്യം കണ്ടു. നാലാം മിനിറ്റില്‍ അര്‍ഷ്ദീപ് സിങ്ങാണ് ആദ്യഗോള്‍ നേടിയത്. പിന്നീട് 17,26 മിനിറ്റുകളില്‍ മന്‍മീത് സിങ് വലകുലുക്കി. ദില്‍രാജ് സിങ്, അന്‍മോള്‍ എന്നിവരും ലക്ഷ്യം കണ്ടതോടെ ആദ്യ പകുതി അഞ്ചുഗോളുകള്‍ക്ക് ടീം മുന്നിട്ടുനിന്നു.

മൂന്നാം ക്വാര്‍ട്ടറിലാകട്ടെ എട്ടുഗോളുകളാണ് ടീം അടിച്ചുകൂട്ടിയത്. അതോടെ ഇന്ത്യ 13-0 ന് മുന്നിട്ടുനിന്നു. അവസാന ക്വാര്‍ട്ടറിലും നാലുഗോളുകൾ കണ്ടെത്തിയ ഇന്ത്യ എതിരില്ലാത്ത 17 ഗോളുകൾക്ക് ജയിച്ചുകയറി.

ജൂനിയർ ലോകകപ്പ് ഹോക്കിയിൽ ഉജ്ജ്വല ജയത്തോടെയാണ് ആതിഥേയരായ ഇന്ത്യ തുടങ്ങിയത്. ആദ്യമത്സരത്തിൽ ലാറ്റിനമേരിക്കൻ ടീം ചിലിയെ എതിരില്ലാത്ത ഏഴു ഗോളുകൾക്കാണ് ഇന്ത്യ തകർത്തുവട്ടത്. റോഷൻ കുജുറും(15, 21) ദിൽരാജ് സിങ്ങും (25, 34) ഇരട്ടഗോളുമായി തിളങ്ങി. അജിത് യാദവ് (35), അൻമോൾ എക്ക (48), രോഹിത് (60) എന്നിവരും സ്കോർ ചെയ്തു.

Content Highlights: india beat oman junior hockey world cup