ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍: പ്രണോയിയും ലക്ഷ്യയും സാത്വിക്-ചിരാഗ് സഖ്യവും ക്വാര്‍ട്ടറില്‍

ടോക്യോ: 2023 ജപ്പാന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യന്‍ താരങ്ങളുടെ കുതിപ്പ്. ഇന്ത്യയുടെ മലയാളി താരമായ എച്ച്.എസ്.പ്രണോയ്, ലക്ഷ്യ സെന്‍ എന്നിവര്‍ പുരുഷ സിംഗിള്‍സ് വിഭാഗത്തിലും സാത്വിക് സാജ്‌രാജ് റങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം പുരുഷ ഡബിള്‍സ് വിഭാഗത്തിലും ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു.
21 കാരനായ കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണ മെഡല്‍ ജേതാവായ ലക്ഷ്യ സെന്‍ നേരിട്ടുള്ള ഗെയിമുകള്‍ക്ക് ജപ്പാന്റെ കാന്റ സുനേയാമയെ തകര്‍ത്ത് ക്വാര്‍ട്ടറിലെത്തി. സ്‌കോര്‍: 21-14, 21-16. 50 മിനിറ്റുകൊണ്ട് സെന്‍ മത്സരം സ്വന്തമാക്കി.
ഇന്ത്യയുടെ തന്നെ കിഡംബി ശ്രീകാന്തിനെ കീഴടക്കിയാണ് പ്രണോയ് അവസാന എട്ടിലെത്തിയത്. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിനൊടുവിലാണ് മലയാളി താരത്തിന്റെ വിജയം. ആദ്യ ഗെയിം നഷ്ടപ്പെട്ടിട്ടും പിന്നീട് തുടര്‍ച്ചയായി രണ്ട് ഗെയിമുകള്‍ നേടിക്കൊണ്ട് പ്രണോയ് വിജയം നേടി. സ്‌കോര്‍: 19-21, 21-9, 21-9.
കൊറിയ ഓപ്പണും സ്വിസ് ഓപ്പണും ഇന്‍ഡൊനീഷ്യ ഓപ്പണും നേടി അപാര ഫോമില്‍ കളിക്കുന്ന സാത്വിക്-ചിരാഗ് സഖ്യം നേരിട്ടുള്ള ഗെയിമുകള്‍ക്ക് ഡാനിഷ് സഖ്യമായ ലസ്സെ മോള്‍ഹെഡെ-ജെപ്പെ ബേ സഖ്യത്തെ പരാജയപ്പെടുത്തി. സ്‌കോര്‍: 21-17, 21-11. എന്നാല്‍ വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ ഗായത്രി ഗോപിനാഥ്-ട്രീസ ജോളി സഖ്യം പ്രീ ക്വാര്‍ട്ടറില്‍ പുറത്തായി.
Content Highlights: HS Prannoy, Lakshya Sen And Satwiksairaj Rankireddy-Chirag Shetty Enter Quarterfinals Of Japan Open