ചരിത്രം കുറിച്ച് മലയാളിതാരം പ്രണോയ്; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണിന്റെ ഫൈനലില്‍

മെല്‍ബണ്‍: മലയാളിതാരമായ ഇന്ത്യയുടെ എച്ച്. എസ്. പ്രണോയ് 2023 ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിന്റെ ഫൈനലില്‍. സെമിയില്‍ ഇന്ത്യയുടെ തന്നെ യുവതാരം പ്രിയാന്‍ഷു രജാവത്തിന്റെ കീഴടക്കിയാണ് ലോക ഒന്‍പതാം നമ്പര്‍ താരമായ പ്രണോയ് ഫൈനലിലെത്തിയത്.
നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് പ്രണോയിയുടെ വിജയം. സ്‌കോര്‍: 21-18, 21-12. ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തെടുത്ത മികവ് രജാവത്തിന് സെമിയിലെടുക്കാനായില്ല. ഈ സീസണിലെ പ്രണോയിയുടെ രണ്ടാം ഫൈനലാണിത്. നേരത്തേ മലേഷ്യ മാസ്‌റ്റേഴ്‌സ് കിരീടം താരം സ്വന്തമാക്കിയിരുന്നു. മലേഷ്യ മാസ്‌റ്റേഴ്‌സ് കിരീടത്തില്‍ കലാശപ്പോരിനെത്തിയ ചൈനയുടെ വെങ് ഹോങ് യാങ്ങാണ് ഓസ്‌ട്രേലിയന്‍ ഓപ്പണിലും പ്രണോയിയുടെ എതിരാളി.
ക്വാര്‍ട്ടറില്‍ ലോക രണ്ടാം നമ്പര്‍ താരവും ടൂര്‍ണമെന്റിലെ ടോപ്‌സീഡുമായ ആന്റണ്‍ ഗിന്‍ടിങ്ങിനെ തകര്‍ത്താണ് പ്രണോയ് സെമിയിലെത്തിയത്. ആ മികവ് സെമിയിലും താരം പുറത്തെടുത്തു. ആദ്യ ഗെയിമില്‍ 18-18 ന് പ്രണോയിയെ ഒപ്പം പിടിക്കാന്‍ രജാവത്തിന് സാധിച്ചെങ്കിലും പിന്നീടൊരു പോയന്റ് നേടാനായില്ല. രണ്ടാം ഗെയിമില്‍ പ്രണോയ് പഴുതടച്ച പ്രകടനം പുറത്തെടുത്തതോടെ മലയാളിതാരം കലാശപ്പോരിന് യോഗ്യത നേടി. ഫൈനല്‍ ഞായറാഴ്ച ഇന്ത്യന്‍ സമയം രാവിലെ 9.30 ന് നടക്കും.
Content Highlights: hs prannoy enter into the finals of australian open 2023