ഇന്ത്യയുടെ തെറ്റായ ഭൂപടം; ക്ഷമാപണവുമായി റസ്റ്ററന്റ്, ലോഗോ മാറ്റും,ഇൻസ്റ്റഗ്രാം അക്കൗണ്ട് അപ്രത്യക്ഷം

ഗ്ലാസ്‌ഗോ: സ്‌കോട്‌ലൻഡിലെ റസ്റ്ററന്റിൽ നിന്ന് ലഭിച്ച നാപ്കിനിൽ ഇന്ത്യയുടെ അപൂർണമായ ഭൂപടം നൽകിയത് വൻ വിവാദത്തിനാണ് തിരികൊളുത്തിയത്. റസ്റ്ററന്റിനെതിരേ സാമൂഹികമാധ്യമങ്ങളിൽ വൻ വിമർശനമുയരുന്നുണ്ട്. അതിന് പിന്നാലെ റസ്റ്ററന്റ് ക്ഷമാപണം നടത്തി. പിന്നാലെ റസ്റ്ററന്റിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് പൂട്ടുകയും ചെയ്തു. കഴിഞ്ഞദിവസം ബോക്‌സിങ് താരം ലവ്‌ലിന ബോർഗോഹെയ്നാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. കോമൺവെൽത്ത് ഗെയിംസിൽ ഏഴ് സ്വർണവും മൂന്ന് വെള്ളിയും ഉൾപ്പെടെ 10 മെഡലുകൾ നേടിയ ഇന്ത്യയുടെ ബോക്‌സിങ് സംഘത്തിന് 'മിസ്റ്റർ സിങ്‌സ് ഇന്ത്യ' എന്ന ഹോട്ടലിൽ വിരുന്ന് ഒരുക്കിയിരുന്നു. ഇതിനിടയിലാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളും കശ്മീരിന്റെ ഭാഗങ്ങളുമില്ലാത്ത നാപ്കിൻ ലവ്‌ലിനയുടെ ശ്രദ്ധയിൽപെട്ടത്.
'ഈ നാപ്കിനിലെ ഭൂപടത്തിൽ ഞങ്ങളുടെ നോർത്ത് ഈസ്റ്റ് കാണാനില്ല. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളും പ്രധാനപ്പെട്ടതാണ്. അതെല്ലാം ഈ ഭൂപടത്തിൽ ഉണ്ടായിരിക്കണം'-നാപ്കിൻ ഉയർത്തിക്കാണിച്ച് ലവ്‌ലിന വ്യക്തമാക്കി. നാപ്കിനിൽ കശ്മീരിന്റെ ഭാഗങ്ങളുമില്ലെന്ന് ബോക്‌സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് അജയ് സിങ്ങും ചൂണ്ടിക്കാട്ടി.
You'd expect an Indian restaurant to know what India looks like. Apparently not. Even worse, they've printed the incorrect version on their hand towels too 🤦♀️
Awkward moment after India's Commonwealth Games success...At a celebratory dinner in Glasgow, boxer Lovlina Borgohain… pic.twitter.com/MhkKvN9jpI— Nabila Jamal (@nabilajamal_) August 2, 2026
ഈ വീഡിയോ ചർച്ചയായതോടെ വിശദീകരണവുമായി ഹോട്ടൽ അധികൃതരും രംഗത്തെത്തി. ഭൂപടത്തിൽ തെറ്റ് പറ്റിയതിൽ ക്ഷമ ചോദിക്കുന്നുവെന്നും ഇത് തിരുത്താൻ അടിയന്ത നടപടികൾ സ്വീകരിക്കുമെന്നും ഹോട്ടൽ അധികൃതർ വ്യക്തമാക്കി. ആരേയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഇന്ത്യൻ ടീമിന് അഭിമാനത്തോടെ തങ്ങളുടെ ഭക്ഷണം വിളമ്പാനാണ് ആഗ്രഹിച്ചതെന്നും അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
മിസ്റ്റർ സിങ്‌സ് ഇന്ത്യ, നമ്മുടെ ഇന്ത്യൻ പൈതൃകത്തിലും പൂർവികരെക്കുറിച്ചും വളരെ അഭിമാനിക്കുന്നു. ഏകദേശം 32 വർഷമായി ഞങ്ങൾ ഇന്ത്യയ്ക്കും ലോകമെമ്പാടും സേവനം അനുഷ്ഠിക്കുന്നു. തെറ്റായ ഭൂപടം നൽകിയതിൽ ഞങ്ങൾ നിരുപാധികം ക്ഷമാപണം നടത്താൻ ആഗ്രഹിക്കുന്നു. ഞങ്ങൾ ഉടനടി നടപടി സ്വീകരിക്കും. ഒരിക്കൽ കൂടി ഞങ്ങളുടെ ക്ഷമാപണം. ആരെയും വേദനിപ്പിക്കാൻ ഞങ്ങൾ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. പകരം ഇന്ത്യൻ പ്രതിനിധി സംഘത്തെ അഭിമാനത്തോടെ സേവിക്കാനാണ് ആഗ്രഹിച്ചത്." -റസ്റ്ററന്റ് പ്രസ്താവനയിൽ പറഞ്ഞു.
തങ്ങൾ ശരിയായ ഭൂപടത്തോടെ ലോഗോ മാറ്റുമെന്നും അവർ പ്രസ്താവനയിൽ അറിയിച്ചു. ഈ പ്രസ്താവന പുറത്തിറക്കി മിനിറ്റുകൾക്ക് ശേഷം റസ്റ്ററന്റ് ഇൻസ്റ്റഗ്രാം അക്കൗണ്ട് ഡിലീറ്റ് ചെയ്തു. അതേസമയം റസ്റ്ററന്റ് ഉടമകളുമായി ഒരു ഏറ്റുമുട്ടലിനില്ലെന്ന് അജയ് സിങ് അറിയിച്ചു. അവർ തെറ്റ് പറ്റിയതായി അംഗീകരിച്ചുവെന്നും അത് ഉടൻ തന്നെ തിരുത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Glasgow restaurant featured an incomplete map of India on napkins., Boxing star Lovelyna Borgohain highlighted the missing North-East and Kashmir regions