ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍: ആദ്യ മത്സരത്തില്‍ ഡി. ഗുകേഷിന് തോല്‍വി

മത്സരത്തില്‍നിന്ന്| Photo: AFP
മത്സരത്തില്‍നിന്ന്| Photo: AFP

സിങ്കപ്പുര്‍: ലോക ചെസ് ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ മത്സരത്തില്‍ ഇന്ത്യന്‍താരം ഡി. ഗുകേഷിന് തോല്‍വി. നിലവിലെ ചാമ്പ്യനും ചൈനീസ് താരവുമായ ഡിങ് ലിറനോടാണ് ഗുകേഷ് പരാജയപ്പെട്ടത്. പതിന്നാലു മത്സരങ്ങള്‍ നീളുന്ന പോരാട്ടത്തിലെ ആദ്യഗെയിം സിങ്കപ്പുരിലെ റിസോര്‍ട്ട് വേള്‍ഡ് സെന്റോസയിലാണ് നടന്നത്. 

വെള്ളക്കരുക്കളുമായാണ് ഇന്ത്യന്‍താരം പോരാട്ടത്തിനിറങ്ങിയത്. ലോകചാമ്പ്യന്‍ഷിപ്പ് കിരീടത്തിന് മത്സരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായ ഈ പതിനെട്ടുകാരന്‍, കിങ് പോണ്‍ ഫോര്‍വേഡ് ഗെയിമിലൂടെയാണ് കരുനീക്കം ആരംഭിച്ചത്. ഇതിന് ഫ്രഞ്ച്  ഡിഫന്‍സിലൂടെയായിരുന്നു ലിറന്റെ മറുപടി. നാൽപത്തിരണ്ട് നീക്കങ്ങൾക്കൊടുവിലായിരുന്നു ഗുകേഷ് പരാജയം സമ്മാനിച്ചത്.

ഇന്ത്യന്‍ ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദ്, 2001-ലെ തന്റെ ആദ്യത്തെ ലോക ചാമ്പ്യന്‍ഷിപ്പ് വിജയത്തില്‍ സ്വീകരിച്ച അതേ ആദ്യനീക്കം തന്നെയായിരുന്നു ഗുകേഷും നടത്തിയത് എന്നത് ശ്രദ്ധേയമാണ്. സ്‌പെയിന്റെ അലെക്‌സി ഷിരോവ് ആയിരുന്നു അന്ന് ആനന്ദിന്റെ എതിരാളി.

ചൊവ്വാഴ്ച നടക്കുന്ന മത്സരത്തില്‍ കറുത്ത കരുക്കളുമായാണ് ഗുകേഷ് മത്സരിക്കുക.  ഇക്കൊല്ലം ജനുവരി 27-ന് ടാറ്റ സ്റ്റീല്‍ മാസ്റ്റേഴ്‌സില്‍ ഡച്ച്താരം മാക്‌സ് വാര്‍മര്‍ഡാമിനെ പരാജയപ്പെടുത്തി 304 ദിവസങ്ങള്‍ക്കുശേഷമുള്ള ലിറന്റെ ആദ്യവിജയമാണ് തിങ്കളാഴ്ചത്തേത്.
 

Content Highlights: g gukesh lost in first round of world chess championship 2024