300 കി.മീ വേഗത്തിൽ പായുന്ന കാർ, ഒരു റേസിൽ കുറയുക നാല് കിലോയോളം, ഭക്ഷണത്തിൽ പ്രധാനം കാർബോഹൈഡ്രേറ്റ്

#സ്പോർട്സ് ഡെസ്ക്

ണിക്കൂറിൽ 300 കിലോമീറ്ററിലധികം വേഗത്തിൽ പായുന്ന കാർ. ഓരോ വളവിലും ശരീരത്തെ വശത്തേക്ക് വലിച്ചെറിയുന്ന അതിശക്തമായ ഗുരുത്വാകർഷണ ബലം. കനത്ത ബ്രേക്കിങ്ങിൽ ശരീരഭാരത്തിന്റെ പലമടങ്ങ് സമ്മർദം. തീപിടിക്കാതിരിക്കാനുള്ള പലപാളികൾ വരുന്ന വസ്ത്രവും ഹെൽമറ്റും ധരിച്ച് 60 ഡിഗ്രി സെൽഷ്യസിന് മുകളിൽ ചൂടാകാവുന്ന കോക്ക്പിറ്റിൽ ഒന്നര മുതൽ രണ്ടുമണിക്കൂർ. ഇതിനിടയിൽ സ്റ്റിയറിങ്ങിലെ ബട്ടണുകൾ നിയന്ത്രിക്കണം, എൻജിനീയറുടെ റേഡിയോ സന്ദേശങ്ങൾ കേൾക്കണം, ടയറുകളുടെ നില മനസ്സിലാക്കണം, എതിരാളികളുടെ നീക്കങ്ങൾ നിരീക്ഷിക്കണം. പുറത്തു നിന്ന് നോക്കുന്നവർക്ക് ഫോർമുല വൺ എന്ന് പറയുന്നത് വെറുമൊരു കാറോടിക്കൽ മാത്രമാണ്. എന്നാൽ യഥാർഥത്തിൽ ഒരു ഫോർമുല വൺ ഡ്രൈവർ തന്റെ ശരീരത്തെയും തലച്ചോറിനെയും ഒരേസമയം അതിന്റെ അങ്ങേയറ്റം ഉപയോഗിക്കുന്ന ഹൈ-പെർഫോമൻസ് അത്​ലറ്റാണ്.

2026-ൽ 'ബ്രിട്ടീഷ് ജേണൽ ഓഫ് സ്‌പോർട്‌സ് മെഡിസിൻ' പ്രസിദ്ധീകരിച്ച ഫോർമുല വൺ ഡ്രൈവർമാരെക്കുറിച്ചുള്ള സമഗ്ര പഠനവും ഇതേ കാര്യമാണ് അടിവരയിടുന്നത്. മറ്റ് കായിക താരങ്ങളെ അപേക്ഷിച്ച് എഫ് 1 ഡ്രൈവർമാരുടെ എയറോബിക് കപ്പാസിറ്റി അസാധാരണമായിരിക്കണമെന്നില്ല. എന്നാൽ അവരുടെ ഏറ്റവും ശ്രദ്ധേയമായ പ്രത്യേകത കഴുത്തിന്റെ അസാമാന്യമായ കരുത്താണ്. അതോടൊപ്പം ചൂട്, ഗുരുത്വാകർഷണ ബലം, ജെറ്റ്‌ലാഗ് എന്നിവ ഒന്നിച്ച് നിയന്ത്രിക്കുകയും ചെയ്യണം.

കഴുത്താണ് എഫ് 1 ഡ്രൈവറുടെ രഹസ്യ ആയുധം. ഫോർമുല വൺ ഡ്രൈവർമാരുടെ ജിം വീഡിയോകളിൽ ഏറ്റവും വിചിത്രമായി തോന്നുന്നത് കഴുത്തിൽ ബെൽറ്റോ കേബിളോ കെട്ടി പരിശീലിക്കുന്ന ദൃശ്യങ്ങളാണ്. റേസിനിടെ ഒരു ഹെൽമറ്റും തലയും ചേർന്ന ഭാരം ഏകദേശം ആറു കിലോയിലധികം വരാം. 300 കിലോമീറ്ററിലധികം വേഗത്തിൽ ഒരു വളവിലൂടെ കടന്നുപോകുമ്പോൾ തലയും ഹെൽമറ്റും പിടിച്ചുനിർത്തേണ്ട കഴുത്തിലെ പേശികൾക്കുമേൽ അതിന്റെ പലമടങ്ങ് ഭാരമാണ് വരിക. ചില സാഹചര്യങ്ങളിൽ കഴുത്തിന് വരുന്ന ഭാരം 30 കിലോയിലധികം വരുമെന്നാണ് പഠനങ്ങൾ പറയുന്നത്. അതിനാൽ തന്നെ കഴുത്തിനായുള്ള വ്യായാമങ്ങൾ (നെക്ക് ട്രെയിനിങ്) എഫ് 1 ഡ്രൈവർമാർക്ക് പതിവാണ്. ലാൻഡോ നോറിസ് ആഴ്ചയിൽ കുറഞ്ഞത് അഞ്ചുതവണ നെക്ക് ട്രെയിനിങ് നടത്താറുണ്ടെന്ന് അദ്ദേഹത്തിന്റെ പരിശീലകൻ ജോൺ മാൽവേൺ വ്യക്തമാക്കിയിട്ടുണ്ട്.

എഫ് വൺ ഡ്രൈവർമാരുടെ ഏറ്റവും വലിയ ശത്രുക്കളിൽ ഒന്ന് ചൂടാണ്. സിംഗപ്പുർ പോലുള്ള റേസുകളിൽ കാറിന്റെ കോക്ക്പിറ്റിലെ താപനില 60 ഡിഗ്രി സെൽഷ്യസ് കടന്നേക്കും. ഹ്യുമിഡിറ്റി 90 ശതമാനത്തോളവും എത്താം. രണ്ട് മണിക്കൂറോളം ഈ സാഹചര്യത്തിലാണ് ഫയർപ്രൂഫ് അടിവസ്ത്രങ്ങളും റേസിങ് സ്യൂട്ടും ഗ്ലൗസും ബലാക്ലാവയും ഹെൽമറ്റുമെല്ലാം ധരിച്ച് ഡ്രൈവർ ഇരിക്കുന്നത്.

ഒരു റേസിൽ കുറയുക നാല് കിലോയോളം

ചില റേസുകളിൽ ഡ്രൈവർമാരുടെ ഭാരം രണ്ടു മുതൽ നാല് കിലോഗ്രാം വരെയാണ് കുറയുക. ശരീരത്തിലെ ജലാംശം നഷ്ടപ്പെടുന്നത് കാരണമാണിത്. ചിലപ്പോൾ ശരീരഭാരത്തിന്റെ ഏകദേശം അഞ്ച് ശതമാനം വരെ കുറഞ്ഞേക്കുമെന്ന് എഫ് വൺ പെർഫോമൻസ് കോച്ച് മാർക്ക് ആർനൽ വ്യക്തമാക്കിയിട്ടുണ്ട്. കടുപ്പമേറിയ ഒരു റേസിൽ 1500 കലോറിയോളമാണ് ഒരു ഡ്രൈവർക്ക് നഷ്ടമാകുക.

2024 സിംഗപ്പുർ ഗ്രാൻഡ്പ്രിയിൽ ജോർജ് റസ്സൽ തനിക്ക് ഏകദേശം നാല് കിലോഗ്രാം നഷ്ടപ്പെട്ടതായി പറഞ്ഞിട്ടുണ്ട്. കാറിലെ കുടിവെള്ളത്തിന്റെ കപ്പാസിറ്റി 1.5 ലിറ്റർ മാത്രമാണ്. അതിനാൽ തന്നെ റേസ് തുടങ്ങുന്നതിനു മുമ്പ് ധാരാളം വെള്ളം കുടിക്കുക എന്നത് പ്രധാനമാണ്.

എഫ് വൺ ഡ്രൈവർമാരുടെ 'ഡയറ്റ്'

എഫ് വൺ ഡ്രൈവർമാർക്ക് മാത്രമായി പ്രത്യേക ഡയറ്റില്ല. ഓസ്‌കാർ പിയാസ്ട്രി ഉൾപ്പെടെയുള്ള ഡ്രൈവർമാരോടൊപ്പം പ്രവർത്തിച്ച സ്‌പോർട്‌സ് ന്യൂട്രീഷ്യനിസ്റ്റ് ഡോ. ഡാൻ മാർട്ടിൻ പറയുന്നതു പോലെ എന്താണ് കഴിക്കുന്നത് എന്നതുപോലെ തന്നെ എപ്പോൾ കഴിക്കുന്നു എന്നതും പ്രധാനമാണ്.

എഫ് വൺ ഡ്രൈവർമാരുടെ ഭക്ഷണത്തിലെ അടിസ്ഥാന ഘടകം കാർബോഹൈഡ്രേറ്റാണ്. അരി ഭക്ഷണം, ഓട്‌സ്, ഉരുളക്കിഴങ്ങ്, പാസ്ത, ക്വിനോവ, പഴങ്ങൾ, ധാന്യങ്ങൾ എന്നിവയാണ് ഇതിനായി ഡ്രൈവർമാർ കഴിക്കാറ്. പ്രോട്ടീനായി ചിക്കൻ, മീൻ, മുട്ട, ടോഫു, പയർ വർഗങ്ങൾ എന്നിവയും. നട്ട്‌സ്, വിവിധ വിത്തുകൾ, അവോക്കോഡോ, ഒലിവ് ഓയിൽ, നെയ്യുള്ള മത്സ്യങ്ങളും ഡ്രൈവർമാരുടെ ഭക്ഷണത്തിന്റെ ഭാഗമാണ്.

ഒരുകാലത്ത് എഫ് വൺ ഡ്രൈവർമാരുടെ ഭാരം കുറഞ്ഞിരിക്കണം എന്ന സമ്മർദം വളരെ ശക്തമായിരുന്നു. അതിന്റെ ഭാഗമായി കാർബോഹൈഡ്രേറ്റ് കുറയ്ക്കൽ, ഡീഹൈഡ്രേഷൻ എന്നിവ പോലും ചില ഡ്രൈവർമാർ ആശ്രയിച്ചിരുന്നു. എന്നാൽ ഇന്ന് കാര്യങ്ങൾ അങ്ങനെയല്ല. കഠിനമായ ഡ്രൈവിങ് സെഷന് മുമ്പ് കാർബോഹൈഡ്രേറ്റ് ലഭിക്കുന്നത് മസിൽ ഗ്ലൈക്കോജനെയും തലച്ചോറിന്റെ ആരോഗ്യത്തെയും സഹായിക്കും. എന്നാൽ റേസ് നടക്കുന്ന ദിവസം കഴിക്കുന്ന ഭക്ഷണം സാധാരണയായി കൊഴുപ്പ് കൂടുതലുള്ളതോ ദഹിക്കാൻ ബുദ്ധിമുട്ടുള്ളതോ ആയിരിക്കില്ല.

റേസിന്റെ ദിവസം പ്രഭാതഭക്ഷണമായി പൊതുവെ ഓട്‌സ്/കഞ്ഞി, മുട്ട, യോഗർട്ട്, പഴങ്ങൾ എന്നിവയാണ് ഡ്രൈവർമാർ കഴിക്കുക. റേസിന് ഏതാനും മണിക്കൂർ മുമ്പ് അരി ഭക്ഷണം, പാസ്ത, ലീൻ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ, പച്ചക്കറികൾ എന്നിവയാകും ആഹാരം. റേസ് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് നേത്രപ്പഴം, സ്മൂത്തി, ഇലക്ട്രോലൈറ്റുകൾ അടങ്ങിയ പാനീയങ്ങൾ എന്നിവ കഴിക്കും. റേസ് കഴിഞ്ഞ ശേഷം കാർബോഹൈഡ്രേറ്റും പ്രോട്ടീനും അടങ്ങിയ ഭക്ഷണങ്ങളാണ് പ്രധാനമായും കഴിക്കുക. ഇലക്ട്രോലൈറ്റുകൾ അടങ്ങിയ പാനീയങ്ങൾക്കൊപ്പം വിവിധ ഫ്‌ളൂയിഡുകളും കുടിക്കും. ഇക്കാര്യങ്ങളെല്ലാം ഡ്രൈവർമാരുടെ ശരീര ഭാരം, മെറ്റബോളിസം, അലർജി പ്രശ്‌നങ്ങൾ, ദഹനം, കാലാവസ്ഥ എന്നിവ അനുസരിച്ച് മാറും.

ഡ്രൈവറുടെ ഭാരവും റേസിലെ പ്രധാന ഘടകമാണ്. ഇത് പ്രകടനത്തെ ബാധിക്കും. എന്നാൽ മുൻകാലത്തെപ്പോലെ ഉയരം കൂടിയ ഡ്രൈവർ പട്ടിണികിടക്കേണ്ട സാഹചര്യം ഇന്നില്ല. ഇതിനായാണ് രാജ്യാന്തര ഓട്ടോമൊബൈൽ ഫെഡറേഷൻ (എഫ്‌ഐഎ) മിനിമം ഡ്രൈവർ മാസ് എന്ന ആശയം കൊണ്ടുവന്നത്. ഇതനുസരിച്ച് ഒരു ഡ്രൈവറുടെയും അദ്ദേഹത്തിന്റെ വ്യക്തിഗത ഉപകരണങ്ങളുടെയും (ഹെൽമെറ്റ്, റേസ് സ്യൂട്ട്, കയ്യുറകൾ), സീറ്റിന്റെയും സംയോജിത ഭാരം നിലവിൽ 82 കിലോഗ്രാമാണ്.

Content Highlights: F1 drivers experience extreme G-forces and cockpit temperatures exceeding 60 degrees Celsius., Neck training is crucial, with drivers handling up to 30 kg of equivalent pressure on their heads during sharp turns., Drivers can lose 2 to 4 kilograms of body weight per race due to dehydration and extreme heat., Carbohydrates form the foundation of an F1 driver's diet, supported by proper meal timing and hydration.