അനായാസം സബലെങ്ക; ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം നിലനിര്‍ത്തി ബെലറൂസ് താരം

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം നിലനിര്‍ത്തി ബെലറൂസിന്റെ രണ്ടാം സീഡുകാരി ആര്യന സബലെങ്ക. ശനിയാഴ്ച നടന്ന ഫൈനലില്‍ ചൈനയുടെ ഷെങ് ക്വിന്‍വെന്നിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് (6-3, 6-2) അനായാസം മറികടന്നായിരുന്നു സബലെങ്കയുടെ കിരീട നേട്ടം. 21-കാരിയായ ക്വിന്‍വെന്നിന്റെ ആദ്യ ഗ്രാന്‍ഡ്സ്ലാം ഫൈനലായിരുന്നു ഇത്. 2013-ല്‍ ബെലറൂസ് താരം തന്നെയായ വിക്ടോറിയ അസരെങ്കയ്ക്ക് ശേഷം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം നിലനിര്‍ത്തുന്ന ആദ്യ താരം കൂടിയാണ് സബലെങ്ക.
ഒരു മണിക്കൂറും 16 മിനിറ്റും മാത്രമാണ് മത്സരം നീണ്ടത്. കഴിഞ്ഞ വര്‍ഷം കാസാഖ്‌സ്താന്റെ എലെന റൈബാക്കിനയായിരുന്നു സബലെങ്കയുടെ ഫൈനലിലെ എതിരാളി. അന്ന് കടുത്ത പോരാട്ടത്തിനൊടുവിലാണ് റൈബാക്കിന് അടിയറവ് പറഞ്ഞത്. പക്ഷേ ഇത്തവണ സബലെങ്കയ്ക്ക് കാര്യങ്ങള്‍ എളുപ്പമായി. സെമിയില്‍ യു.എസിന്റെ കൊക്കോ ഗാഫിനെ നേരിട്ടുള്ള സെറ്റുകളില്‍ കീഴടക്കിയായിരുന്നു (7-6, 6-4) സബലെങ്കയുടെ ഫൈനല്‍ പ്രവേശനം.
Content Highlights: dominant aryna sabalenka crushes zheng qinwen to defend australian open title