വനിതാ ചെസ് ലോകകപ്പ്: ചരിത്രംകുറിച്ച് ദിവ്യ ദേശ്‌മുഖ്‌ ഫൈനലിൽ

ദിവ്യ ദേശ്‌മുഖ്‌ | PTI
ദിവ്യ ദേശ്‌മുഖ്‌ | PTI

ബാത്തുമി (ജോർജിയ): ഫിഡെ വനിതാ ചെസ് ലോകകപ്പിൽ ചരിത്രംകുറിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്‌മുഖ് ഫൈനലിൽ. ചൈനയുടെ മുൻ ലോകചാമ്പ്യൻ ടാൻ സോംങ്കിയെ സെമിയിലെ രണ്ടാം ഗെയിമിൽ കീഴടക്കിയാണ് ദിവ്യ ഫൈനലിൽ കടന്നത്. (1.5-0.5). ഇരുവരും തമ്മിലുള്ള ആദ്യ ഗെയിം സമനിലയിലായിരുന്നു. ആദ്യമായാണ് ഇന്ത്യൻതാരം ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തുന്നത്.

ഇന്ത്യയുടെ കൊനേരു ഹംപിയും ചൈനയുടെ ഗ്രാന്റ്മാസ്റ്റർ ലെയ് ടിൻജിയും തമ്മിലുള്ള സെമിയിലെ വിജയിയെയാണ് ദിവ്യ ഫൈനലിൽ നേരിടുക. ഹംപിയും ടിൻജിയും തമ്മിലുള്ള സെമിയിലെ രണ്ടു ഗെയിമുകളും സമനിലയിലായി. ഇതോടെ, വ്യാഴാഴ്ച നടക്കുന്ന ടൈ ബ്രേക്കറിലൂടെ വിജയിയെ തീരുമാനിക്കും.

വെള്ളക്കരുക്കളുമായാണ് രണ്ടാം ഗെയിമിൽ ദിവ്യ ചൈനീസ് എതിരാളിയെ നേരിട്ടത്. 101 നീക്കം കണ്ട മാരത്തൺ പോരാട്ടത്തിൽ റാങ്കിങ്ങിൽ ഏറെ മുന്നിലുള്ള സോങ്കിയെ ഇന്ത്യൻ താരം കീഴടക്കി.

Content Highlights: Divya Deshmukh stormed into the final of the FIDE Womens Chess World Cup