ആദ്യ ശ്രമത്തിൽ തന്നെ ഫൈനൽ ഉറപ്പിച്ച് ശ്രീശങ്കർ; സാജൻ പ്രകാശും ഫൈനലിൽ

ഗ്ലാസ്‌ഗോ: കോമൺവെൽത്ത് ഗെയിംസിൽ ഫൈനൽ റൗണ്ടിലേക്ക് കടന്ന് മലയാളി ലോങ് ജംപ് താരം മുരളി ശ്രീശങ്കർ. ലോങ് ജംപ് യോഗ്യതാ റൗണ്ടിലെ ആദ്യ ശ്രമത്തിൽ തന്നെ ശ്രീശങ്കർ ഫൈനൽ ഉറപ്പിച്ചു. 8.01 മീറ്റർ ചാടിയാണ് ഫൈനലിലേക്ക് കടന്നത്. 8 മീറ്ററാണ് ഫൈനലിലേക്ക് കടക്കാൻ വേണ്ടത്.
നീന്തലിൽ മലയാളി താരം സാജൻ പ്രകാശും ഫൈനലിലേക്ക് യോഗ്യത നേടി. 200 മീറ്റർ ബട്ടർഫ്‌ലൈ വിഭാഗത്തിലാണ് ഫൈനൽ യോഗ്യത. ഹീറ്റ്‌സില് സാജൻ രണ്ടാമതായി ഫിനിഷ് ചെയ്തു. 1.58.59 സമയത്തിലാണ് ഫിനിഷ് ചെയ്തത്. എല്ലാ ഹീറ്റ്‌സും പരിഗണിക്കുമ്പോൾ ആറാമതാണ് സാജൻ.
അതേസമയം പുരുഷൻമാരുടെ 100 മീറ്റർ ഹീറ്റ്‌സിൽ ഗുരീന്ദർവീർ സിങ് രണ്ടാമതെത്തി. 10.39 സെക്കൻഡിൽ ഓടിയെത്തിയാണ് ഗുരീന്ദർവീർ രണ്ടാമതായി ഫിനിഷ് ചെയ്തത്. ഹീറ്റ്‌സിൽ ജമൈക്കയുടെ രോഹൻ വാട്‌സൺ ഒന്നാമതെത്തി. എന്നാൽ താരത്തിന് അടുത്ത റൗണ്ടിലേക്ക് മുന്നേറാനായില്ല. എല്ലാ ഹീറ്റ്‌സിൽ നിന്നുമായി മികച്ച സമയം കണ്ടെത്തുന്ന പത്ത് താരങ്ങൾ മാത്രമാണ് അടുത്ത റൗണ്ടിലേക്ക് കടക്കുന്നത്.
Content Highlights: Murali Sreeshankar qualified for the Long Jump final with an 8.01m leap., Sajan Prakash secured a spot in the 200m butterfly final.