കോമൺവെൽത്ത് ഗെയിംസ് ഉദ്ഘാടനം വ്യാഴാഴ്ച; മത്സരങ്ങൾ വെള്ളിയാഴ്ച തുടങ്ങും

ഗ്ലാസ്ഗോ: ലോകകപ്പ് ഫുട്ബോളിന്റെ ആരവം അടങ്ങുംമുൻപേ, കായികലോകത്തിന്റെ നോട്ടം ട്രാക്കിലേക്ക് മാറുന്നു. കോമൺവെൽത്ത് ഗെയിംസിന് വ്യാഴാഴ്ച സ്‌കോട്ലൻഡിലെ ഗ്ലാസ്ഗോയിൽ തുടക്കം. രാത്രി 10.30-നാണ് ഉദ്ഘാടനച്ചടങ്ങ്. മത്സരങ്ങൾ വെള്ളിയാഴ്ച തുടങ്ങും.
ഗ്ലാസ്ഗോയിലെ ഹൈഡ്രോ സ്റ്റേഡിയമാണ് മുഖ്യവേദി. ഗാബോൺ, ടോഗോ എന്നീ രാജ്യങ്ങൾകൂടി എത്തിയതോടെ മത്സരിക്കുന്ന രാജ്യങ്ങളുടെ എണ്ണം 74 ആയി ഉയർന്നു. അത്ലറ്റിക്സിലെ പവർ ഹൗസുകളായ ജമൈക്ക, കെനിയ തുടങ്ങിയ രാജ്യങ്ങൾ പങ്കെടുക്കുന്നു.
10 കായിക ഇനങ്ങളിലെ 215 മത്സരവിഭാഗങ്ങളിലായി മൂവായിരത്തിലേറെ താരങ്ങൾ പങ്കെടുക്കും. കഴിഞ്ഞകുറി 17 മത്സര ഇനങ്ങളുണ്ടായിരുന്നു. ചെലവുചുരുക്കലിന്റെ ഭാഗമായാണ് മത്സര ഇനങ്ങൾ കുറച്ചത്. മുൻപ് ബ്രിട്ടന്റെ കോളനിയായിരുന്ന രാജ്യങ്ങളെ ഉൾപ്പെടുത്തി ആരംഭിച്ച കോമൺവെൽത്ത് ഗെയിംസിന്റെ 23-ാമത് എഡിഷനാണ് ഇക്കുറി നടക്കുന്നത്. ഓഗസ്റ്റ് രണ്ടിന് സമാപിക്കും.
വിക്ടോറിയയുടെ പിൻമാറ്റം
ഓസ്ട്രേലിയയിലെ വിക്ടോറിയയിലാണ് ഇക്കുറി കോമൺവെൽത്ത് ഗെയിംസ് നടക്കേണ്ടിയിരുന്നത്. ചെലവ് താങ്ങാനാകില്ലെന്ന കാരണത്താൽ ഗെയിംസ് നടത്തിപ്പിൽനിന്ന് പിൻമാറുന്നതായി ഓസ്ട്രേലിയ കഴിഞ്ഞവർഷം പ്രഖ്യാപിച്ചതോടെ സ്‌കോട്ലൻഡ് ആതിഥേയത്വം ഏറ്റെടുക്കുകയായിരുന്നു. 2014-ലും ഗ്ലാസ്ഗോയിലാണ് മീറ്റ് നടന്നത്. 1970, 1986 വർഷങ്ങളിലും ഈ നഗരം ഗെയിംസിന് ആതിഥ്യംവഹിച്ചു. പഴയ സ്റ്റേഡിയങ്ങളും മറ്റു സൗകര്യങ്ങളും ഉപയോഗപ്പെടുത്തി പരമാവധി ചെലവുകുറച്ച് മത്സരം നടത്താനാണ് തീരുമാനം. അതുകൊണ്ട് ഗെയിംസ് വില്ലേജും ഉണ്ടാകില്ല. സമീപത്തെ ഹോട്ടലുകളിലാണ് താരങ്ങൾക്ക് താമസസൗകര്യം ഏർപ്പാടാക്കിയിരിക്കുന്നത്. 2030-ലെ മീറ്റ് നടക്കുന്നത് ഇന്ത്യയിലെ അഹമ്മദാബാദിലായിരിക്കും.
പാരാ അത്ലറ്റിക്സ്
ഭിന്നശേഷിക്കാർക്കുള്ള പാരാ അത്ലറ്റിക്സും ഇതിനൊപ്പമുണ്ട്. അത്ലറ്റിക്സ്, നീന്തൽ, സൈക്ലിങ്, ഭാരോദ്വഹനം, ബൗൾസ്, വീൽച്ചെയർ ബാസ്‌കറ്റ്ബോൾ എന്നിവയിൽ പാരാ അത്ലറ്റുകൾക്കും മത്സരമുണ്ട്.
ഇന്ത്യയ്ക്ക് 126 അംഗ ടീം
ജാവലിൻ ത്രോയിലെ ഒളിമ്പിക് സ്വർണജേതാവ് നീരജ് ചോപ്ര, മലയാളി ലോങ്ജംപ് താരം എം. ശ്രീശങ്കർ എന്നിവരുൾപ്പെടെ ഇന്ത്യൻ ടീമിൽ 126 താരങ്ങളുണ്ട്. 2022-ലെ ഗെയിംസിൽ 22 സ്വർണം ഉൾപ്പെടെ ഇന്ത്യ 61 മെഡൽ നേടിയിരുന്നു.
മലയാളികളായി അൻസ ബാബു (അത്ലറ്റിക്സ്), സാജൻ പ്രകാശ് (നീന്തൽ), കെ.പി. സ്വാതിഷ് (ആർട്ടിസ്റ്റിക് ജിംനാസ്റ്റിക്), മുഹമ്മദ് ബാസിൽ (പാരാ അത്ലറ്റിക്സ്) എന്നിവരുമുണ്ട്. ജമൈക്കൻ സ്പ്രിന്റർ ഷെറീക്ക ജാക്സൺ, ഇന്ത്യയുടെ നീരജ് ചോപ്ര, കെനിയയുടെ യൂലിയസ് യെഗോ, ആതിഥേയരായ സ്‌കോട്ലൻഡിന്റെ ലൗറ മ്യുർ, ജോഷ് കെർ തുടങ്ങിയവരാണ് അത്ലറ്റിക്സിലെ ശ്രദ്ധാകേന്ദ്രങ്ങൾ.
നീന്തലിൽ ഇംഗ്ലണ്ടിന്റെ ആദം പീറ്റി, കദീന കോക്സ്, ദക്ഷിണാഫ്രിക്കയുടെ ചാഡ് ലെ ക്ലോസ് തുടങ്ങിവരുണ്ട്. ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ഒളിമ്പിക് ജേതാവ് മീരാഭായ് ചാനു, ബോക്സിങ്ങിലെ മെഡൽ ജേതാവ് ലവ്ലിന ബോർഗോഹെയ്ൻ തുടങ്ങിയവരും ശ്രദ്ധാകേന്ദ്രങ്ങളാണ്.
ബോക്‌സിങ് താരങ്ങളുടെ ബാഗേജ് എത്തിയില്ല
കോമൺവെൽത്ത് ഗെയിംസിൽ മത്സരിക്കുന്ന ഇന്ത്യയുടെ ബോക്‌സി് താരങ്ങളുടെ ബാഗേജ് എത്താത്തതിൽ ആശയക്കുഴപ്പം. പർവീൺ ഹൂഡ, ജെയ്‌സ്മിൻ ലാംബോറിയ, സാക്ഷി ചൗധരി തുടങ്ങിയ ബോക്‌സിങ് താരങ്ങൾ അയർലൻഡിലെ ബെൽഫാസ്റ്റിൽ പരിശീലന ക്യാമ്പിൽ നിന്നാണ് ഗ്ലോസ്‌ഗോയിലേക്ക് പോയത്. ഇവിടെനിന്ന് വിമാനം കയറുമ്പോൾ ഏൽപ്പിച്ച ബാഗേജുകൾ കൃത്യസമയത്ത് ഗ്ലാസ്‌ഗോയിലെത്തിയില്ലെന്നാണ് പരാതി. വ്യാഴാഴ്ച ഉദ്ഘാടനച്ചടങ്ങിൽ ധരിക്കാനുള്ള വസ്ത്രവും മത്സരത്തിനുള്ള ഉപകരണങ്ങളും ഈ ബാഗിലാണ്. വിമാനത്താവള അധികൃതരെ ബന്ധപ്പെട്ടപ്പോൾ ഉടൻ സാധനം എത്തിക്കുമെന്ന് ഉറപ്പു നൽകിയിട്ടുണ്ട്.
Content Highlights: 23rd edition of the Commonwealth Games hosted in Glasgow, Scotland., 74 nations participating across 10 sporting disciplines., Indian contingent features 126 athletes including Neeraj Chopra and Mirabai Chanu., Focus on cost-efficiency with no dedicated games village., Para-athletics integrated into the main event schedule.