പ്രഗ്നാനന്ദയ്ക്കുംമേലെ എറിഗാസി; ലോക ചെസിനുമേല്‍ ഇന്ത്യയുടെ കൈയൊപ്പ്, ടീമായി കളിച്ചതിന്റെ ഗുണം

ചെസില്‍ ഏറെക്കാലമായി ഇന്ത്യ തുടരുന്ന സുസ്ഥിരമായ പ്രകടനങ്ങളുടെ തുടര്‍ച്ചയാണ് ചെസ് ഒളിമ്പ്യാഡിലെ കിരീടനേട്ടം. വിശ്വനാഥന്‍ ആനന്ദ് അഞ്ചുതവണ ലോക ചാമ്പ്യന്‍ഷിപ്പ് നേടിയശേഷം ഇന്ത്യയില്‍ ചെസിന് അഭൂതപൂര്‍വമായ പ്രചാരം കിട്ടി. കൊനേരു ഹംപി ലോക വനിതാ റാപ്പിഡ് ചാമ്പ്യന്‍ഷിപ്പും മറ്റു യുവതാരങ്ങള്‍ ഒട്ടേറെ ഏജ് കാറ്റഗറി ലോകകിരീടങ്ങളും േനടി. ക്രിക്കറ്റിന്റെ മേല്‍ക്കോയ്മകാരണം വേണ്ടത്ര മാധ്യമശ്രദ്ധ ഈ നേട്ടങ്ങള്‍ക്ക് ലഭിച്ചില്ലെങ്കിലും ഇന്ത്യന്‍ ചെസ്ഗ്രാഫ് ഉയര്‍ന്നുകൊണ്ടേയിരുന്നു. കഴിഞ്ഞ ചെസ് ഒളിമ്പ്യാഡിലെ ഉജ്ജ്വല പ്രകടനങ്ങളും കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റിലേക്ക് അഞ്ച് ഇന്ത്യന്‍ താരങ്ങള്‍ യോഗ്യത നേടിയതും ഇന്ത്യ ലോകചെസിലെ വന്‍ശക്തിയായി മാറുന്നു എന്നതിന്റെ വ്യക്തമായ സൂചനനല്‍കി. പരിണതപ്രജ്ഞരായ ചെസ് അതികായരെ വീഴ്ത്തി 17-കാരന്‍ ദൊമ്മരാജു ഗുകേഷ് ലോക ചെസ് ചാമ്പ്യന്‍ഷിപ്പ് ചലഞ്ചറായി മാറിയത് ഇതിഹാസതാരം കാസ്പറോവിന്റെ വാക്കുകളില്‍ 'ടൊറന്റോയിലെ ഇന്ത്യന്‍ ഭൂമികുലുക്കം' തന്നെയായിരുന്നു. ലോക ഒന്നാംറാങ്കുകാരനായ മാഗ്‌നസ് കാള്‍സണെ തോല്‍പ്പിച്ച് തമിഴ്‌നാട്ടുകാരന്‍ ആര്‍. പ്രഗ്‌നാനന്ദ വലിയ മാധ്യമശ്രദ്ധ നേടിയെങ്കിലും ഡി. ഗുകേഷിനെയും പ്രഗ്‌നാനന്ദയെയും കവച്ചുവെക്കുന്ന പ്രകടനങ്ങളുമായി അര്‍ജുന്‍ എറിഗാസി ലോകചെസിന്റെ തലപ്പത്തേക്ക് ലാറ്ററല്‍ എന്‍ട്രി നടത്തിയത് വേണ്ടത്ര ശ്രദ്ധിക്കപ്പെടാതെപോയി.
2024 ബുദാപെസ്റ്റ് ലോക ചെസ് ഒളിമ്പ്യാഡ് സത്യത്തില്‍ ലോകചെസിലെ വന്‍ ശക്തിയായി ഇന്ത്യ മാറിക്കഴിഞ്ഞിരിക്കുന്നു എന്നതിന്റെ വിളംബരമാണ്.
ഗാരി കാസ്പറോവ്, അനറ്റോളി കാര്‍പ്പോവ്, താല്‍, പെത്രോസ്യന്‍ തുടങ്ങിയ സോവിയറ്റ്/റഷ്യന്‍ ഇതിഹാസതാരങ്ങള്‍ നാലു ദശാബ്ദംമുന്‍പ് നടത്തിയ പ്രകടനങ്ങളെ അനുസ്മരിപ്പിക്കുന്ന പ്രകടനങ്ങളാണ് ഇക്കുറി ബുദാപെസ്റ്റില്‍ നടന്ന ചെസ് ഒളിമ്പ്യാഡില്‍ ഇന്ത്യന്‍യുവനിര പുറത്തെടുത്തത്. ഒറ്റ മത്സരംപോലും തോറ്റില്ല, കളിച്ച 40 വ്യക്തിഗത ഗെയിമുകളില്‍ തോറ്റത് ഒന്നില്‍മാത്രം, ഒരു റൗണ്ട് മത്സരം അവസാനിക്കുംമുന്‍പുതന്നെ കിരീടം ഉറപ്പിക്കുക തുടങ്ങിയ നേട്ടങ്ങള്‍ സ്വപ്നതുല്യമാണ്.
അസാമാന്യ മനക്കരുത്തും തീവ്രമായ പോരാട്ടവീര്യവും കഠിനമായ ഇച്ഛാശക്തിയും സമര്‍പ്പിതമനസ്സോടെയുള്ള സൈദ്ധാന്തിക ഒരുക്കങ്ങളുംതന്നെയാണ് ഈ വിജയത്തിന്റെ രഹസ്യം. ഇന്ത്യന്‍ യുവതാരങ്ങള്‍ 'അതീവ കരുത്തരും അപകടകാരികളു'മാണെന്ന് സാക്ഷാല്‍ കാള്‍സണ്‍തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. 'കളിക്കുന്ന എല്ലാഗെയിമിലും എതിരാളിയെ തോല്‍പ്പിക്കാനാഗ്രഹിക്കുന്ന നിര്‍ഭയനായ ഭ്രാന്തനാണ്' എറിഗാസി യെന്നും കാള്‍സണ്‍ പറഞ്ഞു. ഇന്ത്യന്‍ വനിതാ ടീമിലെ വൈശാലി (പ്രഗ്‌നാനന്ദയുടെ സഹോദരി), ദിവ്യാ ദേശ്മുഖ്, അവന്തികാ അഗര്‍വാള്‍ എന്നിവരും ഇതേ ഗുണങ്ങള്‍ പങ്കിടുന്ന യുവപ്രതിഭകളാണ്. വിശ്വനാഥന്‍ ആനന്ദും കൊനേരു ഹംപിയും ഇല്ലാതെ ഇറങ്ങിയ ഇന്ത്യയുടെ അഭിമാനവിജയമാണിത്. ആനന്ദ്, ആര്‍.ബി. രമേശ് തുടങ്ങി ഏറ്റവും മികച്ച പരിശീലകരുടെ പിന്തുണ ഈ കളിക്കാര്‍ക്ക് ലഭിച്ചിട്ടുണ്ട്. ജൂഡിത്ത് പോള്‍ഗാര്‍ ചൂണ്ടിക്കാണിച്ചപോലെ ടീം ഇന്ത്യ ടീമായാണ് കളിച്ചത്, വ്യക്തികളായല്ല.
Content Highlights: chess olympiad india won