വോളി: ഇന്ത്യയ്ക്ക് തുടർച്ചയായ രണ്ടാം തോൽവി

കിട്ടാക്യുഷു (ജപ്പാൻ): എ.വി.സി കോണ്ടിനെന്റൽ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പുരുഷ ടീമിന് തുടർച്ചയായ രണ്ടാം തോൽവി. പൂൾ ബിയിൽ ശക്തരായ ഇറാനോടാണ് ഇന്ത്യ തോറ്റത്. നേരിട്ടുള്ള സെറ്റുകൾക്കാണ് തോൽവി. സ്‌കോർ: 20-25, 26-28, 18-25.
ഇറാനെതിരേ തുടക്കം മുതൽ പൊരുതിക്കളിച്ചെങ്കിലും സെറ്റ് സ്വന്തമാക്കാനായില്ല. ആദ്യ സെറ്റ് 20-25 നാണ് നഷ്ടമായത്. രണ്ടാം സെറ്റിൽ ഇഞ്ചോടിഞ്ച് പോരാട്ടമായിരുന്നു. ഒടുക്കം 26-28 എന്ന സ്കോറിനാണ് സെറ്റ് നഷ്ടമായത്. മൂന്നാം സെറ്റിലും സമാനമായിരുന്നു സ്ഥിതി. 18-15 ന് സെറ്റും മത്സരവും ഇന്ത്യ പരാജയപ്പെട്ടു.
ഇന്ത്യയ്ക്കുവേണ്ടി ചിരാഗ് യാദവും ക്യാപ്റ്റൻ ജെറോം വിനീതും ഒൻപത് പോയിന്റ് വീതവും അമിത് എട്ട് പോയിന്റും നേടി.
ആദ്യ മത്സരത്തിൽ ചൈനയോടാണ് ഇന്ത്യ തോറ്റത്. അതും നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു പരാജയം. 21-25, 26-28,25-27 എന്ന സ്‌കോറിനാണ് തോറ്റത്. ന്യൂസിലൻഡിനോട് ഇന്ത്യയുടെ അവസാനമത്സരം. ഓരോ പൂളിൽ നിന്നും ആദ്യ രണ്ട് സ്ഥാനക്കാർ അടുത്ത റൗണ്ടിലേക്ക് മുന്നേറും. മികച്ച രണ്ട് മൂന്നാം സ്ഥാനക്കാരും കടക്കുമെന്നതിനാൽ ഇന്ത്യയ്ക്ക് സാധ്യത അവശേഷിക്കുന്നുണ്ട്.
Content Highlights: India men's volleyball team faced their second consecutive defeat in the AVC Continental Volleyball Championship