ജപ്പാന് ഇതെന്ത് പറ്റി?, ‘കാലുകൾ നീട്ടിവെക്കാൻ പോലും കഴിയാത്ത കിടക്കകൾ’; പ്രളയവും പരാതിപ്രളയവും

പെർഫെക്ഷന്റെ അവസാനവാക്ക്… എന്തുചെയ്യുമ്പോഴും പിഴവുകളില്ലാതെ പൂർത്തിയാക്കുകയെന്നത് ആ ജനതയുടെ ശൈലിയാണ്... പതിറ്റാണ്ടുകളായി അതങ്ങനെയാണ്. നടപ്പിലും ഇരിപ്പിലും വരെ ജാപ്പനീസുകാർക്ക് അവരുടെതായ ശൈലിയുണ്ട്. 30 വർഷങ്ങൾക്ക് ശേഷം വീണ്ടും ജപ്പാനീസ് മണ്ണിൽ ഏഷ്യയുടെ കായിക മാമാങ്കമെത്തുമ്പോൾ സംഘാടനത്തിലെ മറ്റൊരു പെർഫെക്ഷനിസമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഇതാണോ ഇത്രയും നാൾ കണ്ട ജപ്പാനെന്ന് ഗെയിംസിന് മുൻപേ തന്നെ തോന്നിപ്പിച്ചു. മോശം കിടക്കകൾ, ചോർന്നൊലിക്കുന്ന സിങ്കുകൾ, ഭക്ഷണത്തിനായി പോലും കാത്തിരിപ്പ്, യാത്രാക്രമീകരണത്തിൽ പിഴവുകൾ എന്നിങ്ങനെ പരാതിപ്രളയങ്ങൾക്ക് നടുവിലാണ് ഏഷ്യൻ ഗെയിംസ് സംഘാടനം. ഗെയിംസ് തുടങ്ങാനിരിക്കേ താരങ്ങളുടെയും അധികൃതരുടെയും ആശങ്കകൾക്ക് അറിതിയായിട്ടില്ല.
ബിസിസിഐയുടെ മുറുമുറുപ്പിലാണ് ആദ്യമായി ഏഷ്യൻ ഗെയിംസ് താമസസൗകര്യങ്ങളെ കുറിച്ചുള്ള അതൃപ്തിയുടെ സ്വരം കേൾക്കുന്നത്. താരങ്ങൾക്ക് ഒരുക്കിയിട്ടുള്ള താമസസൗകര്യങ്ങളിൽ ബിസിസിഐ അതൃപ്തി പ്രകടിപ്പിച്ചു. ഫൈവ് സ്റ്റാർ സൗകര്യങ്ങളില്ലെങ്കിലും മതിയായ സൗകര്യങ്ങൾ വേണമെന്നാണ് ക്രിക്കറ്റ് ബോർഡ് അറിയിച്ചത്. പിന്നാലെ പ്രത്യേക താമസസൗകര്യങ്ങൾ ഏർപ്പെടുത്തണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടെങ്കിലും ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ അത് തള്ളി. അതോടെ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ സംഘാടകർ ഒരുക്കുന്ന താമസസൗകര്യങ്ങൾ തന്നെ ഉപയോഗിക്കുമെന്ന് ബിസിസിഐ വ്യക്തമാക്കി. ഫൈവ് സ്റ്റാർ സൗകര്യങ്ങളല്ലെങ്കിലും അവർ ഒരുക്കിയിട്ടുള്ള താമസസൗകര്യങ്ങൾ തൃപ്തികരമാണെന്നും ബിസിസിഐ സെക്രട്ടറി രാജീവ് ശുക്ല പറഞ്ഞു.
നഗോയയിൽ ധാരാളം ഹോട്ടലുകൾ ഇല്ല എന്നതായിരുന്നു പ്രധാന പ്രശ്നം. മാത്രമല്ല, ടോക്കിയോയിലേക്കും ഒസാക്കയിലേക്കും ബുള്ളറ്റ് ട്രെയിനിൽ ഒന്നര മണിക്കൂർ യാത്രാ ദൂരമുണ്ട്. അതിനാൽ മറ്റ് വഴികളില്ലാതെ ബിസിസിഐ സംഘാടകർ ഒരുക്കുന്ന സൗകര്യങ്ങൾ ഉപയോഗിക്കാമെന്ന തീരുമാനത്തിലെത്തി. മൈതാനം, പിച്ചുകൾ, ഡ്രെസ്സിങ് റൂമുകൾ എന്നിവയെ സംബന്ധിച്ചും പ്രശ്നങ്ങൾ ഉയർന്നുവന്നതായി ബിസിസിഐ സെക്രട്ടറി പറഞ്ഞു. സംഘാടകർ ആ കാര്യങ്ങളെല്ലാം പരിഹരിച്ചിട്ടുണ്ടെന്നും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്റെ ടീം അവിടെ സന്ദർശിച്ചിരുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ താരങ്ങളുമായി ബന്ധപ്പെട്ട് പരാതികൾ പിന്നെയും തുടർന്നു. ഗെയിംസിനായെത്തിയ ഇന്ത്യൻ താരങ്ങൾക്ക് താമസസൗകര്യം ലഭ്യമാക്കിയത് മണിക്കൂറുകൾ കാത്തിരുന്ന ശേഷമായിരുന്നു. വിമാനത്താവളത്തിലെത്തിയശേഷം താരങ്ങൾ മണിക്കൂറുകളോളം കാത്തിരിക്കുകയായിയരുന്നു. തുടർന്ന് ഗെയിംസ് വില്ലേജിലെത്തി 14 മണിക്കൂറിനുശേഷമാണ് ചിലർക്ക് താമസസൗകര്യം ലഭ്യമായത്. ചില താരങ്ങൾ താത്‌കാലികമായി ഹോട്ടൽ മുറികളിലേക്ക് മാറിയതായും റിപ്പോർട്ടുകളുണ്ട്. ലഭ്യമായ മുറികൾ താരങ്ങൾ പങ്കിട്ട് താമസിക്കുകയും ചെയ്തു. വിമാനത്താവളത്തിൽ കിടക്കുന്ന താരങ്ങളുടെ ചിത്രങ്ങൾ സാമൂഹികമാധ്യമത്തിൽ പ്രചരിച്ചിട്ടുണ്ട്.
താരങ്ങൾക്കായി ക്രൂയിസ് കപ്പലുകളിലും ഹോട്ടലുകളിലുമാണ് താമസസൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. ഇന്ത്യൻ താരങ്ങൾക്കുപുറമേ ചൈന, തായ്‌ലൻഡ്, വിയറ്റ്‌നാം, ദക്ഷിണ കൊറിയ താരങ്ങളും ബുദ്ധിമുട്ടനുഭവിച്ചിട്ടുണ്ട്. ഷൂട്ടിങ് സംഘത്തിന് താമസസ്ഥലത്തുനിന്ന് പരിശീലന കേന്ദ്രത്തിലെത്തണമെങ്കിൽ രണ്ട് മണിക്കൂറിലധികം യാത്രചെയ്യണം. പ്രമുഖ താരങ്ങളായ മനു ഭാക്കർ, ഇഷ സിങ് ഉൾപ്പെടെയുള്ള കായികതാരങ്ങൾക്ക് മത്സരവേദിയിൽ എത്തുവാൻ ദിവസവും അമ്പത് കിലോമീറ്റർ ദൂരം യാത്ര ചെയ്യേണ്ടി വരുന്നുവെന്ന പ്രതിസന്ധിയുമുണ്ട്. ഇത് ഒരുക്കങ്ങളെ സാരമായി ബാധിക്കുമെന്നുറപ്പാണ്. വിഷയത്തിൽ നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യയ്ക്ക് പരാതി നൽകിയിട്ടുണ്ട്. പരിശീലന കേന്ദ്രങ്ങളിൽ ആവശ്യമായ സൗകര്യങ്ങളില്ലെന്നും പരാതിയുണ്ട്. 503 താരങ്ങളും 246 സപ്പോർട്ടിങ് സ്റ്റാഫുകളും 19 ഓഫീഷ്യൽസുമാണ് ഇന്ത്യൻ സംഘത്തിലുള്ളത്.
ഷിപ്പിംഗ് കണ്ടെയ്നറുകളിലെ താമസത്തെ സംബന്ധിച്ചും പരാതികളുയർന്നു. കുറഞ്ഞ നിലവാരമുള്ളതും ആവശ്യത്തിന് തികയാത്തതുമായിരുന്നു സൗകര്യങ്ങളെന്നും പലരും ആരോപിച്ചു. കണ്ടെയ്നറിലെ താമസം തടങ്കൽപ്പാളയങ്ങൾക്ക് സമാനമാണെന്നും ചോർന്നൊലിക്കുന്ന സിങ്കും വെള്ളക്കെട്ടും ചെറിയ കട്ടിലുകളും സ്ഥലപരിമിതിയും കാരണം കായികതാരങ്ങൾ ബുദ്ധിമുട്ടിയതായും റിപ്പോർട്ട് ചെയ്യപ്പെട്ടു. ദക്ഷിണ കൊറിയൻ, ഖത്തർ ഫുട്ബോൾ ടീമുകളെ ഫുട്ബോൾ സ്റ്റേഡിയത്തിന് പകരം ബേസ്ബോൾ സ്റ്റേഡിയത്തിലേക്ക് കൊണ്ടുപോയ സംഭവവുമുണ്ടായി. ചൈനീസ് ബാഡ്മിന്റൺ ടീമിന് വിമാനത്താവളത്തിൽ നിന്ന് യാത്ര ചെയ്യാൻ മറ്റ് ചൈനീസ് സ്വദേശികളെ ആശ്രയിക്കേണ്ടി വന്നു. ദിവസവും ആയിരക്കണക്കിന് താരങ്ങളും ഉദ്യോഗസ്ഥരും എത്തുമ്പോഴും വിമാനത്താവളങ്ങളിൽ വേണ്ടത്ര സഹായമോ സൗകര്യങ്ങളോ ലഭ്യമായിരുന്നില്ലെന്ന ആക്ഷേപങ്ങളും കേട്ടു. നഗരത്തിൽ ഗെയിംസ് നടക്കുന്നതിനെക്കുറിച്ച് യാതൊരു പ്രചാരണവും ഉണ്ടായിരുന്നില്ലെന്നതായിരുന്നു മറ്റൊരു പ്രശ്നം. പല പ്രദേശവാസികൾക്കും ഗെയിംസിനെക്കുറിച്ച് അറിവുപോലുമില്ലായിരുന്നു. ആവശ്യത്തിന് വളണ്ടിയർമാർ ഉണ്ടായിരുന്നില്ലെന്നതും പലരും ചൂണ്ടിക്കാട്ടുന്നു.
താമസസൗകര്യങ്ങൾക്കെതിരേ രൂക്ഷ വിമർശനമാണ് ദക്ഷിണ കൊറിയൻ കായികതാരങ്ങളും ഉദ്യോഗസ്ഥരും ഉയർത്തിയത്. ഗെയിംസ് ഔദ്യോഗികമായി ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് സംഘാടകർ ഒരുക്കിയ സൗകര്യങ്ങൾ തങ്ങൾ കണ്ടതിൽ വച്ച് ഏറ്റവും മോശമാണെന്നും മുറികളുടെ കടുത്ത ക്ഷാമമുണ്ടെന്നും കൊറിയൻ ഉദ്യോഗസ്ഥർ വ്യക്തമാക്കി. പ്രത്യേകം ഗെയിംസ് വില്ലേജ് നിർമിക്കുന്നതിന് പകരം ചെലവ് കുറയ്ക്കുന്നതിനായി താത്കാലിക മരക്കാബിനുകൾ, ഹോട്ടലുകൾ, ആഡംബര കപ്പൽ എന്നിവയിലാണ് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. കൊറിയൻ ബാസ്‌ക്കറ്റ്ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് ജുങ് ജേ-യോങ് തങ്ങൾക്ക് നൽകിയ താത്കാലിക കാബിനുകളെ ശക്തമായി വിമർശിച്ചു. രണ്ടു മീറ്ററിലധികം ഉയരമുള്ള കായികതാരങ്ങൾക്ക് കിടക്കയിൽ കാലുകൾ നീട്ടിവെക്കാൻ പോലും കഴിയുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ദക്ഷിണ കൊറിയൻ ബാസ്‌ക്കറ്റ്ബോൾ താരം ബ്യോൺ ജൂൻ-ഹ്യോങ്, തന്റെ മുറിയിലെ സിങ്ക് ചോർന്ന് നിലത്ത് വെള്ളം കെട്ടിക്കിടക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തു.
അടുത്തിടെ നഗോയയിലുണ്ടായ കനത്ത മഴ കാരണം നൂറുകണക്കിന് അത്‌ലറ്റുകളെ താത്കാലികമായി ഒഴിപ്പിക്കേണ്ടി വരികയും ചെയ്തു. നഗരത്തിലെ പ്രധാന ഇടങ്ങളെല്ലാം വെള്ളത്തിൽ മുങ്ങിയതോടെ ജനജീവിതം ദുസ്സഹമായി. ഗതാഗതം താറുമാറായി. ഏഷ്യൻ ഗെയിംസിനായി നഗരത്തിൽ എത്തിയ താരങ്ങളെയടക്കം മാറ്റിപ്പാർപ്പിച്ചു. നാനൂറോളം താരങ്ങളെയാണ് ഇത്തരത്തിൽ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റിയതെന്ന് അധികൃതർ അറിയിച്ചു.
മാത്രമല്ല, ക്രിക്കറ്റ് മത്സരങ്ങളെയും പ്രതികൂല കാലാവസ്ഥ ബാധിച്ചു. ആദ്യ ക്വാർട്ടർ മത്സരത്തിൽ ബംഗ്ലാദേശും ചൈനയുമായിരുന്നു ഏറ്റുമുട്ടേണ്ടിയിരുന്നത്. എന്നാൽ, നനഞ്ഞ ഔട്ട്ഫീൽഡ് മൂലം മത്സരം തടസ്സപ്പെട്ടു. ടോസ് പോലും നടക്കാതെ വന്നതോടെ മത്സരം ഉപേക്ഷിക്കുകയായിരുന്നു. ഒറ്റ പന്തുപോലും എറിയാനായില്ല. ഒടുക്കം ബംഗ്ലാദേശ് സെമിയിലേക്ക് മുന്നേറി. ചൈന പുറത്തായി. മത്സരം നടക്കാതെ വന്നതോടെ ടീമുകളുടെ അന്താരാഷ്ട്ര ക്രിക്കറ്റിലെ റാങ്കിങ് പരിഗണിച്ചു. ചൈനയേക്കാൾ ഉയർന്ന റാങ്കുള്ള ബംഗ്ലാദേശ് സെമി ടിക്കറ്റെടുത്തു. ഐസിസി ടി20 റാങ്കിങ്ങിൽ ബംഗ്ലാദേശ് പത്താം സ്ഥാനത്തും ചൈന 36-ാം സ്ഥാനത്തുമാണ്. മറ്റൊരു ക്വാർട്ടറിൽ തായ്‌ലൻഡിനെ വീഴ്ത്തി പാകിസ്താനും സെമിയിലേക്ക് പ്രവേശിച്ചു. അവിടെയും നനഞ്ഞ ഔട്ട്ഫീൽഡ് മത്സരത്തെ ബാധിച്ചു. 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ മൂന്ന് വിക്കറ്റിനാണ് പാകിസ്താൻ വനിതകളുടെ ജയം.
15,000 പേരെ പ്രതീക്ഷിച്ചിടത്ത് 17,000-ത്തിലധികം അത്‌ലറ്റുകളും ഉദ്യോഗസ്ഥരുമാണ് ഇത്തവണ ഗെയിംസിനായി എത്തിയത്. ഇത്രയും വലിയ വർധനവ് കൈകാര്യം ചെയ്യാൻ തങ്ങൾക്ക് ആവശ്യമായ ബജറ്റോ ആളുകളോ ഇല്ലെന്ന് സംഘാടകർ വെളിപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ ഇടപെട്ടാണ് എല്ലാവർക്കും താമസസൗകര്യം ഉറപ്പാക്കുമെന്ന് വ്യക്തമാക്കിയത്. ഫിലിപ്പീൻസിനും തങ്ങളുടെ പ്രതിനിധികൾക്കായി ബദൽ താമസസംവിധാനങ്ങൾ കണ്ടെത്തേണ്ടി വന്നിട്ടുണ്ട്. കളിക്കാർക്ക് മുറികൾ ലഭിച്ചെങ്കിലും പരിശീലകർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ മറ്റ് ഹോട്ടലുകളിലേക്കും എയർബിഎൻബി സൗകര്യങ്ങളിലേക്കുമാണ് മാറ്റിയതെന്ന് ഫിലിപ്പീൻസ് ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് അബ്രഹാം ടോലെന്റോ വ്യക്തമാക്കി.
ജപ്പാനിലെ അയ്ച്ചി-നഗോയയിൽ സെപ്റ്റംബർ 19 മുതൽ ഒക്‌ടോബർ നാലുവരെയാണ് ഇരുപതാമത് ഏഷ്യൻ ഗെയിംസ് നടക്കുന്നത്. മൂന്നാം തവണയാണ് ജപ്പാൻ ഏഷ്യൻ ഗെയിംസിനു വേദിയാവുന്നത്. 1958-ൽ ടോക്യോയും 1994-ൽ ഹിരോഷിമയും വേദിയായി. 45 രാജ്യങ്ങളിൽ നിന്നുള്ള മത്സരാർഥികൾ 43 ഇനങ്ങളിൽ 469 വിഭാഗങ്ങളിൽ മത്സരത്തിനിറങ്ങും. ‘തീജ്ജ്വാല’ എന്നർഥംവരുന്ന ‘ഹൊനോഹോനോ’യാണ് ഈ ഏഷ്യൻ ഗെയിംസിന്റെ ഭാഗ്യചിഹ്നം. പാഡെൽ, തെക്‌ബോൾ തുടങ്ങിയ ഇനങ്ങൾ ഇത്തവണ ഗെയിംസിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുണ്ട്.
Content Highlights: Athletes face severe accommodation issues including shipping container rooms, leaky sinks, and long waiting hours at the 2026 Aichi-Nagoya Asian Games