ഭക്ഷണമില്ല, മുറിയില്ല; ഏഷ്യൻ ഗെയിംസിനായി ജപ്പാനിലെത്തിയ ഇന്ത്യൻ താരങ്ങൾക്ക് കാത്തിരിക്കേണ്ടി വന്നത് 14 മണിക്കൂർ

മുറി ലഭിക്കാത്തതിനാല്‍ വിമാനത്താവളത്തില്‍ കാത്തിരിക്കുന്ന താരങ്ങള്‍ | Photo: X
മുറി ലഭിക്കാത്തതിനാല്‍ വിമാനത്താവളത്തില്‍ കാത്തിരിക്കുന്ന താരങ്ങള്‍ | Photo: X

നഗോയ: ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിനെത്തിയ ഇന്ത്യൻ കായികതാരങ്ങൾക്ക് താമസസൗകര്യം ലഭിക്കാൻ കാത്തിരിക്കേണ്ടി വന്നത് മണിക്കൂറുകൾ. ജപ്പാനിൽ വിമാനമിറങ്ങി നഗോയയിലെ ഗെയിംസ് വില്ലേജിലെത്തിയ ഇന്ത്യൻ സംഘം 14 മണിക്കൂറാണ് കാത്തിരുന്നത്. അതിനുശേഷമാണ് മുറികൾ ലഭിച്ചത്.

എന്നാൽ, ലഭ്യമായ മുറികളിൽ പലതും താരങ്ങൾക്ക് പരസ്പരം പങ്കിടേണ്ടി വന്നുവെന്നും ചിലർക്ക് താത്ക്കാലികമായി ഹോട്ടലിലേക്ക് മാറേണ്ടി വന്നുവെന്നും റിപ്പോർട്ടുകളുണ്ട്. പല താരങ്ങളുടേയും ഉദ്യോഗസ്ഥരുടേയും മുൻകൂട്ടി ബുക്ക് ചെയ്ത മുറികൾ റദ്ദാക്കപ്പെട്ട നിലയിലായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയ്ക്ക് പുറമെ വിയറ്റ്‌നാം, ചൈന, ദക്ഷിണ കൊറിയ, തായ്‌ലൻഡ് ടീമുകളും സമാന അവസ്ഥ നേരിട്ടു.

ഷൂട്ടിങ് സംഘത്തിന് താമസസ്ഥലത്ത് നിന്ന് പരിശീലന കേന്ദ്രത്തിൽ എത്തണമെങ്കിൽ രണ്ട് മണിക്കൂറിലധികം യാത്ര ചെയ്യണം. കൂടാതെ പരിശീലനവേദികളിൽ കുടിവെള്ളം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ലഭ്യമല്ലെന്നും പരാതിയുയർന്നിട്ടുണ്ട്.

മുൻവർഷങ്ങളിലേത് പോലെ എല്ലാവർക്കുമായി ഒരൊറ്റ ഗെയിംസ് വില്ലേജ് ഒരുക്കുന്നതിന് പകരം ചെലവ് കുറയ്ക്കുന്നതിനായി ക്രൂയിസ് കപ്പലുകളും ഹോട്ടലുകളും ഉൾപ്പെടുന്ന താമസസൗകര്യങ്ങളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. 15000 താരങ്ങളെ പ്രതീക്ഷിച്ചിരുന്നിടത്ത് 17000 ആയി ഉയർന്നതാണ് ആശയക്കുഴപ്പമുണ്ടാക്കിയതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.

Content Highlights: Indian athletes waited 14 hours for rooms upon arriving at the Nagoya games village for the Asian Games., Pre-booked rooms were canceled, forcing athletes to share spaces or move to temporary hotels., Other countries like Vietnam, China, South Korea, and Thailand faced similar issues., Logistical failures include long travel times to training venues and lack of drinking water., Budget cuts using cruise ships and hotels instead of a single games village caused overcrowding.