മെഡലടിക്കാൻ പടയൊരുക്കം, ഏഷ്യൻ ഗെയിംസിന് പത്തുനാൾ മാത്രം ബാക്കി

#സന്തോഷ് വാസുദേവ്
ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തിന് ഡൽഹിയിൽ കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യയുടെയും ഐ.ഒ.എ.പ്രസിഡന്റ് പി.ടി. ഉഷയുടെയും സാന്നിധ്യത്തിൽ നൽകിയ യാത്രയയപ്പ്‌ | ANI
ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തിന് ഡൽഹിയിൽ കേന്ദ്രമന്ത്രി മൻസുഖ് മാണ്ഡവ്യയുടെയും ഐ.ഒ.എ.പ്രസിഡന്റ് പി.ടി. ഉഷയുടെയും സാന്നിധ്യത്തിൽ നൽകിയ യാത്രയയപ്പ്‌ | ANI

രുപതാം ഏഷ്യൻ ഗെയിംസിന് പത്തുനാൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ സംഘം അവസാനഘട്ട പരിശീലനത്തിൽ. കഴിഞ്ഞതവണ മെഡൽനേട്ടം സെഞ്ചുറി കടന്നെങ്കിൽ ഇത്തവണ അതു കടത്തിവെട്ടാനുള്ള ശ്രമത്തിലാണ് അധികൃതർ. വിവിധ ഇനങ്ങളുടെ ക്യാമ്പുകൾ വിവിധ ഇടങ്ങളിലായി പുരോഗമിക്കുന്നു.

അത്‌ലറ്റിക്‌സ്: ബെംഗളൂരു, ഭുവനേശ്വർ, പട്യാല എന്നിവിടങ്ങളിലായി നടന്ന ക്യാമ്പ് ചൊവ്വാഴ്ചയോടെ സമാപിച്ചു. ശനിയാഴ്ച ജപ്പാനിലേക്കു തിരിക്കുന്ന സംഘത്തിന്റെ അന്തിമ പരിശീലനം അവിടെ സുകുബ യൂണിവേഴ്‌സിറ്റി മൈതാനത്താണ് നിശ്ചയിച്ചിരിക്കുന്നത്. അത്‌ലറ്റിക്‌സ് മത്സരങ്ങൾ 24 മുതൽ 29 വരെയാണ്.

ബാഡ്മിന്റൺ: പി.വി. സിന്ധുവും ട്രീസാ ജോളിയുമൊക്കെ ഉൾപ്പെട്ട ഇന്ത്യൻ ബാഡ്മിന്റൺ ടീമിന്റെ പരിശീലനം ഹൈദരാബാദിൽ നടന്നുകൊണ്ടിരിക്കുകയാണ്. 20 മുതൽ 29 വരെയാണ് ഗെയിംസിലെ ബാഡ്മിന്റൺ മത്സരങ്ങൾ.

ക്രിക്കറ്റ്: പുരുഷ ടീം 13-ന് ആരംഭിക്കുന്ന അഫ്ഗാനിസ്താൻ പരമ്പരയ്ക്കു ശേഷമായിരിക്കും ജപ്പാനിലേക്കു തിരിക്കുക. 22-ന് ജപ്പാനുമായി സൗഹൃദമത്സരം കളിക്കും. 28 മുതൽ ഒക്‌ടോബർ മൂന്നുവരെയാണ് ഗെയിംസിലെ ക്രിക്കറ്റ് മത്സരങ്ങൾ. വനിതാ ടീം ദുബായിൽ ഏഷ്യാ കപ്പിൽ പങ്കെടുത്തുകൊണ്ടിരിക്കുന്നു. 18 മുതൽ 22 വരെയാണ് ഗെയിംസിൽ ഇന്ത്യയുടെ മത്സരങ്ങൾ.

ഷൂട്ടിങ്: മലയാളി താരം വിദർശ വിനോദ് ഉൾപ്പെടുന്ന ഇന്ത്യൻ ഷൂട്ടിങ് ടീമിന്റെ പരിശീലന ക്യാമ്പ് മധ്യപ്രദേശിലെ ഭോപാലിലും ന്യൂഡൽഹിയിലെ കർണി സിങ് ഷൂട്ടിങ് റേഞ്ചിലുമായി നടക്കുന്നു. അഞ്ചിനു തുടങ്ങിയ ക്യാമ്പ് 18 വരെ നീളും. 20 മുതൽ ഒക്‌ടോബർ ഒന്നുവരെയാണ് ഷൂട്ടിങ് മത്സരങ്ങൾ.

ബോക്‌സിങ്: ഏറെ പ്രതീക്ഷയുള്ള ബോക്‌സിങ് ടീമിന്റെ പരിശീലനം പട്യാലയിൽ പുരോഗമിക്കുന്നു. ഡൊമിനിക്കൻ റിപ്പബ്ലിക്, ഇറാൻ എന്നിവിടങ്ങളിൽനിന്നുള്ള ബോക്‌സർമാരുമായി ചേർന്നുള്ള പരിശീലനവും ഇവിടെ നടക്കുന്നു. 21 മുതൽ ഒക്‌ടോബർ രണ്ടുവരെയാണ് ഗെയിംസിലെ മത്സരങ്ങൾ.

അവസാന അങ്കം നാളെ

ഇന്ത്യൻ അത്‌ലറ്റിക്‌സ് സംഘത്തിന്റെ അവസാനവട്ട പരിശീലനത്തിന്റെ ഭാഗമായുള്ള ഇന്ത്യൻ അത്‌ലറ്റിക്‌സ് ഫൈനൽ സീരീസ് മത്സരങ്ങൾ വ്യാഴാഴ്ച ന്യൂഡൽഹിയിലെ ജവാഹർലാൽ നെഹ്‌റു സ്‌റ്റേഡിയത്തിൽ നടക്കും. ഏഷ്യൻ ഗെയിംസ് സംഘത്തിലുള്ള കായികതാരങ്ങളുടെ കായികക്ഷമത പരിശോധിക്കാനുള്ള അവസരം കൂടിയാണിത്. ഏഷ്യൻ ഗെയിംസ് സംഘത്തിലുള്ളവർക്കു പുറമേ ഓരോ ഇനങ്ങളിലും രാജ്യത്തെ ആദ്യ എട്ടു റാങ്കിലുള്ളവരാണ് മത്സരിക്കുക.
വ്യാഴാഴ്ച വൈകീട്ട് നാലിനു തുടങ്ങുന്ന മത്സരങ്ങൾ രാത്രി 8.15-ഓടെ അവസാനിക്കും. വ്യക്തിഗത ഇനങ്ങളിൽ മാത്രമായിരിക്കും മത്സരങ്ങൾ. റിലേ മത്സരങ്ങൾ, ഹെപ്റ്റാത്തലൺ, ഡെക്കാത്തലൺ എന്നീ മത്സരങ്ങളുണ്ടാവില്ല. വിവിധ ക്യാമ്പുകളിലുണ്ടായിരുന്നവർ മത്സരങ്ങളിൽ പങ്കെടുക്കാൻ ചൊവ്വാഴ്ച തന്നെ ന്യൂഡൽഹിയിലെത്തി.

Content Highlights: Indian athletics team gears up for Asian Games 2026