ആഷ്‌ലി ബാർട്ടി-പ്ലിസ്‌കോവ ഫൈനൽ

ലണ്ടൻ: വിംബിൾഡൺ ടെന്നീസിന്റെ വനിതാവിഭാഗം ഫൈനലിൽ ലോക ഒന്നാം നമ്പർ താരം ആഷ്‌ലി ബാർട്ടിയും മുൻ ലോക ഒന്നാം നമ്പർ താരം ചെക്ക് റിപ്പബ്ലിക്കിന്റെ കരോളിന പ്ലിസ്‌കോവയും ഏറ്റുമുട്ടും.
സെമിഫൈനൽ പോരാട്ടങ്ങളിൽ ഓസ്‌ട്രേലിയൻ താരമായ ബാർട്ടി 2018ലെ ചാമ്പ്യൻ ആഞ്ജലിക് കെർബറെയും (6-3, 7-6) പ്ലിസ്‌കോവ രണ്ടാം സീഡ് ബലാറസിന്റെ ആര്യാന സബലേങ്കയെയും (5-7, 6-4,6-4 ) തോൽപ്പിച്ചു.
25-കാരിയായ ബാർട്ടി ആദ്യമായാണ് വിംബിൾഡണിന്റെ ഫൈനലിൽ എത്തുന്നത്. മുമ്പ് നാലാം റൗണ്ടിന് അപ്പുറം പോകാൻ കഴിഞ്ഞിരുന്നില്ല. 1980ന് ശേഷം ഫൈനലിൽ എത്തുന്ന ആദ്യത്തെ ഓസ്‌ട്രേലിയക്കാരിയാണ്.
ബാർട്ടിയുടെ ആരാധനാപാത്രമായ ഇവോൺ ഗൂലാഗോങ് കൗളി 41 വർഷം മുമ്പ് ഇവിടെ രണ്ടാം കിരീടം നേടിയിരുന്നു.
2019ലെ ഫ്രഞ്ച് ഓപ്പൺ ജേത്രിയാണ് ബാർട്ടി. അതിന് ശേഷമുള്ള ഏറ്റവും മികച്ച ഗ്രാൻഡ്സ്ലാം പ്രകടനമാണിത്.
രണ്ടാം തവണയാണ് പ്ലിസ്‌കോവ ഗ്രാൻഡ്സ്ലാം ഫൈനലിൽ എത്തുന്നത്. 2016ൽ യു.എസ്. ഓപ്പൺ ഫൈനലിൽ എത്തിയിരുന്നു. അന്ന് ആഞ്ജലിക് കെർബറോട് തോറ്റു.
Content Highlights: