ചരിത്രം കുറിച്ച് അന്തിം പംഗല്‍, അണ്ടര്‍ 20 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം

Photo: twitter.com/Media_SAI
Photo: twitter.com/Media_SAI

ന്യൂഡല്‍ഹി: അണ്ടര്‍ 20 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യയുടെ അന്തിം പംഗല്‍. അണ്ടര്‍ 20 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആദ്യ വനിതാതാരം എന്ന റെക്കോഡാണ് പംഗല്‍ സ്വന്തമാക്കിയത്. 

ബള്‍ഗേറിയ ആതിഥേയത്വം വഹിക്കുന്ന അണ്ടര്‍ 20 ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വനിതകളുടെ 53 കിലോ വിഭാഗത്തിലാണ് പംഗല്‍ സ്വര്‍ണം നേടിയത്. ഫൈനലില്‍ കസാഖ്‌സ്താന്റെ അറ്റ്‌ലിന്‍ ഷാഗയേവയെ കീഴടക്കി ഇന്ത്യന്‍ താരം സ്വര്‍ണം കഴുത്തിലണിഞ്ഞു. 8-0 എന്ന സ്‌കോറിനാണ് പംഗലിന്റെ വിജയം. 

ഹരിയാണയിലെ ഭഗാന ഗ്രാമത്തില്‍ ജനിച്ച 17 കാരിയായ പംഗല്‍ ചാമ്പ്യന്‍ഷിപ്പില്‍ യൂറോപ്യന്‍ ചാമ്പ്യന്‍ ഒലീവിയ ആന്‍ഡ്രിച്ചിനെ അട്ടിമറിച്ച് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. സെമിയില്‍ യുക്രൈനിന്റെ നതാലിയ ക്ലിവ്ഷുട്‌സയെ മറികടന്നാണ് താരം കലാശപ്പോരിന് യോഗ്യത നേടിയത്. 

മറ്റുമത്സരങ്ങളില്‍ ഇന്ത്യയുടെ സോനം മാലിക്കും പ്രിയങ്കയും വെള്ളി മെഡല്‍ നേടി. സോനം 62 കിലോ വിഭാഗത്തിലും പ്രിയങ്ക 65 കിലോ വിഭാഗത്തിലുമാണ് മത്സരിച്ചത്. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഇതുവരെ 12 മെഡലുകള്‍ നേടിയിട്ടുണ്ട്.

Content Highlights: antim phangal, world wrestling championship, sports news, record in world wrestling championship