ലോക ചെസ് ചാമ്പ്യൻഷിപ്പ് ഫൈനൽ; ഗുകേഷ് - സിന്ദ്രോവ് നാലാം ഗെയിമും സമനിലയിൽ

#സ്പോര്‍ട്‌സ് ഡെസ്‌ക്‌

ജനീവ: നിലവിലെ ചാമ്പ്യൻ ഇന്ത്യയുടെ ഡി. ഗുകേഷും ഉസ്‌ബെക്കിസ്താന്റെ ജാവോഹിർ സിന്ദ്രോവും തമ്മിലുള്ള ലോക ചെസ് ചാമ്പ്യൻഷിപ്പ് ഫൈനലിലെ നാലാം ഗെയിമും സമനിലയിൽ. 34 നീക്കങ്ങൾ നീണ്ട മത്സരത്തിൽ ഗുകേഷ് വെള്ളക്കരുക്കളുമായാണ് കളിച്ചത്. 14 മത്സരങ്ങളുടെ ചാമ്പ്യൻഷിപ്പിൽ ഇരു താരങ്ങൾക്കും രണ്ടു പോയിന്റ് വീതമായി. അഞ്ചാം ഗെയിം ഞായറാഴ്ച.

രാജാവിന്റെ മുന്നിലെ പോൺ രണ്ട് കളം മുന്നോട്ടു നീക്കി രണ്ടാം ഗെയിം തുടങ്ങിയ ഗുകേഷ് നാലാം ഗെയിം ആരംഭിച്ചത് തന്റെ ക്വീനിന്റെ മുന്നിലെ പോൺ രണ്ട് കളം മുന്നോട്ട് തള്ളിക്കൊണ്ടായിരുന്നു. വരും ദിവസങ്ങളിലെ ഗെയിമുകളിൽ താൻ മാറി മാറി വ്യത്യസ്ത പ്രാരംഭമുറകൾ യുദ്ധക്കളത്തിൽ ഇറക്കിയേക്കും എന്ന പ്രതിയോഗിക്കുള്ള തന്ത്രപരമായ മുന്നറിയിപ്പ് കൂടിയായി ഇതിനെ കാണാം.

ഏറ്റവും സുരക്ഷിതമായ പ്രതിരോധങ്ങളിൽ ഒന്ന് എന്ന് കണക്കാക്കപ്പെടുന്ന റഷ്യൻ അഥവാ പെട്രോഫ് പ്രതിരോധമുറ അവലംബിച്ചുകൊണ്ട് സിന്ദ്രോവ് ചാമ്പ്യന്റെ ഓപ്പണിങ് സമ്പ്രദായത്തെ നേരിട്ടു. ബിഷപ്പിനെ ല2 എന്ന കളത്തിലേക്ക് കളിച്ച് ഗുകേഷ് അന്തർദേശീയ ചെസ്സിൽ അപരിചിതമായ ഒരു പൊസിഷനിലേക്ക് ഗെയിമിനെ തിരിച്ചു. ഓപ്പണിങ് ഘട്ടത്തിൽ മൂന്നാം ഗെയിമിൽ സംഭവിച്ചപോലെ സിന്ദ്രോവ് ഒരുപാട് സമയം ചിന്തിക്കാനായി ചെലവഴിച്ചു. പക്ഷേ, സിന്ദ്രോവിന്റെ ആറാം നീക്കം അതേ നാണയത്തിലുള്ള ഒരു തിരിച്ചടിയായി. ഗുകേഷും ദീർഘസമയം ചിന്തിക്കാനായി നിർബന്ധിതനായി.

കളിയുടെ മധ്യഘട്ടം തുടങ്ങിയതോടെ ഇരുവരും പതിനാലാം നീക്കം മുതൽ ഇരുപത്തിയേഴാം നീക്കം വരെ കരുക്കളെ പരസ്പരം വെട്ടിമാറ്റുന്നതിൽ വ്യാപൃതരായി. ഒടുവിൽ യാതൊരു സങ്കീർണതകളുമില്ലാത്ത ലളിതമായൊരു അവസ്ഥ ബോർഡിൽ പ്രത്യക്ഷപ്പെട്ടു. വീണ്ടുമൊരു സമനില.

Content Highlights: Game 4 of the World Chess Championship final ended in a draw after 34 moves., Both D Gukesh and Javokhir Sindarov are tied with 2 points each in the 14-game championship., Gukesh played with white pieces and experimented with a new queen's pawn opening., Sindarov utilized the solid Petrov defence to counter the champion., The fifth game is scheduled to take place on Sunday.