ആദ്യ ശ്രമത്തില്‍ തന്നെ 88.77 മീറ്റര്‍; നീരജ് ചോപ്ര ഫൈനലില്‍, ഇന്ത്യയ്ക്ക് പൊന്‍പ്രതീക്ഷ

ബുഡാപെസ്റ്റ് (ഹംഗറി): ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷയായ ജാവലിന്‍ ത്രോ താരം നീരജ് ചോപ്ര ഫൈനലില്‍. യോഗ്യതാറൗണ്ടിലെ ഗ്രൂപ്പ് എ-യില്‍ ആദ്യ ശ്രമത്തില്‍ തന്നെ 88.77 മീറ്റര്‍ എറിഞ്ഞ് യോഗ്യതാറൗണ്ടില്‍ ഒന്നാം സ്ഥാനക്കാരനായാണ് നീരജ് ഫൈനലിലെത്തിയത്. ഒപ്പം 2024-ലെ പാരീസ് ഒളിമ്പിക്സിനും യോഗ്യതനേടി. 85.50 ആയിരുന്നു ഒളിമ്പിക് യോഗ്യതാമാര്‍ക്ക്. സീസണില്‍ നീരജിന്റെ മികച്ച പ്രകടനം കൂടിയാണിത്.
ഇതേയിനത്തില്‍ ഇന്ത്യയുടെ ഡി.പി. മനുവും (81.31 മീറ്റര്‍) കിഷോര്‍ ജെനയും (80.55 മീ.) ഫൈനലിന് യോഗ്യതനേടി. ഇക്കുറി ലോകചാമ്പ്യന്‍ഷിപ്പില്‍ തീര്‍ത്തും നിറംമങ്ങിയ ഇന്ത്യന്‍ ടീമിന് ജാവലിനില്‍ മൂന്നുപേര്‍ ഫൈനലിലെത്തിയത് നിറഞ്ഞ പ്രതീക്ഷയേകി. മത്സരങ്ങളുടെ അവസാനദിനമായ ഞായറാഴ്ച രാത്രി 11.45-നാണ് ഫൈനല്‍.
പാകിസ്താന്റെ അര്‍ഷാദ് നദീം (86.79 മീറ്റര്‍) യോഗ്യതാറൗണ്ടില്‍ മികച്ച രണ്ടാമത്തെ ദൂരംകുറിച്ചു. പ്രധാനതാരങ്ങളായ ചെക്ക് റിപ്പബ്ലിക്കിന്റെ ജാക്കുബ് വാദ്ലെ (83.50 മീ.), ജര്‍മനിയുടെ ജൂലിയന്‍ വെബര്‍ (82.39 മീ.) എന്നിവര്‍ യഥാക്രമം മൂന്നും നാലും സ്ഥാനക്കാരായി ഫൈനലിലെത്തി. മനു ആറാമതും കിഷോര്‍ ജെന ഒമ്പതാമതുമാണ്. എന്നാല്‍, നിലവിലെ ജേതാവായ ഗ്രാനഡ താരം ആന്‍ഡേഴ്സന്‍ പീറ്റേഴ്സ് (78.49) ഫൈനല്‍ യോഗ്യതനേടാനാകാതെ മടങ്ങി.
കഴിഞ്ഞവര്‍ഷം യൂജിന്‍ ലോകചാമ്പ്യന്‍ഷിപ്പില്‍ 88.13 മീറ്റര്‍ എറിഞ്ഞ് നീരജ് വെള്ളിനേടിയിരുന്നു. അന്ന് ആന്‍ഡേഴ്സന്‍ പീറ്റേഴ്സ് (90.54 മീ.) സ്വര്‍ണംനേടി. ടോക്യോയില്‍ 87.58 മീറ്റര്‍ എറിഞ്ഞ മറികടന്ന നീരജ് ഒളിമ്പിക്സിലെ അത്ലറ്റിക്സില്‍ സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യക്കാരനായി. ഇവിടെയും സ്വര്‍ണം നേടിയാല്‍ ഒളിമ്പിക്സിലും ലോകചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണം എന്ന അപൂര്‍വനേട്ടത്തിലെത്തും.
Content Highlights: World Athletics Championships Neeraj Chopra qualifies for javelin final