ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്; ഫൈനല്‍ റൗണ്ടിന് യോഗ്യത നേടാനാകാതെ അവിനാശ് സാബ്ലെ, ഷൈലി സിങ്

Photo: AP, twitter.com/SportsIndia
Photo: AP, twitter.com/SportsIndia

ബുഡാപെസ്റ്റ്: 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസില്‍ ദേശീയ റെക്കോഡിന് ഉടമയായ ഇന്ത്യന്‍ താരം അവിനാശ് സാബ്ലെ ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനല്‍ റൗണ്ടിലേക്ക് യോഗ്യത നേടാനാകാതെ പുറത്ത്. ഹീറ്റ്‌സില്‍ ഏഴാം സ്ഥാനത്താണ് താരത്തിന് ഫിനിഷ് ചെയ്യാനായത്.

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ എട്ട് മിനിറ്റ് 11.20 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് റെക്കോഡിട്ട സാബ്ലെയ്ക്ക് ബുഡാപെസ്റ്റില്‍ ശനിയാഴ്ച നടന്ന ഹീറ്റ്‌സില്‍ എട്ട് മിനിറ്റ് 22.24 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്യാനായത്. മൂന്ന് ഹീറ്റ്‌സുകളിലെ ആദ്യ അഞ്ച് സ്ഥാനക്കാര്‍ക്ക് മാത്രമാണ് ഫൈനല്‍ റൗണ്ടിലേക്ക് പ്രവേശനം ലഭിക്കുന്നത്. താരത്തിന്റെ മൂന്നാം ലോക ചാമ്പ്യന്‍ഷിപ്പാണിത്. ഫൈനല്‍ റൗണ്ടില്‍ കടക്കാനാവാതെ പോകുന്നത് ഇതാദ്യവും.

അതേസമയം ഇന്ത്യയുടെ മറ്റൊരു മെഡല്‍ പ്രതീക്ഷയായിരുന്ന ലോങ് ജമ്പ് താരം ഷൈലി സിങ്ങിനും ഫൈനലിന് യോഗ്യത നേടാനായില്ല. ഗ്രൂപ്പ് ബി യോഗ്യതാ റൗണ്ടില്‍ 18 അത്‌ലറ്റുകളില്‍ 14-ാം സ്ഥാനത്താണ് അഞ്ജു ബോബി ജോര്‍ജിന്റെ ശിക്ഷ്യയ്ക്ക് ഫിനിഷ് ചെയ്യാനായത്. 6.40 മീറ്ററായിരുന്നു മികച്ച ദൂരം. ഗ്രൂപ്പ് എ, ബി യോഗ്യതാ ഗ്രൂപ്പുകളുടെ സംയുക്ത ഫലത്തില്‍ ഷൈലി 24-ാം സ്ഥാനത്തായി. 6.80 മീറ്റര്‍ ക്ലിയര്‍ ചെയ്യുന്നവരോ അതോ മികച്ച ദൂരം കണ്ടെത്തുന്ന ആദ്യ 12 പേരോ ആണ് അവസാന റൗണ്ടിലെത്തുക. 6.76 മീറ്ററായിരുന്നു ഷൈലിയുടെ മുമ്പത്തെ മികച്ച പ്രകടനം.

ഇരുവരുടെയും മോശം പ്രകടനം ഇന്ത്യന്‍ ക്യാമ്പിന് കടുത്ത നിരാശയാണ് നല്‍കിയത്.

Content Highlights: World Athletics Championships Avinash Sable and Shaili Singh failed to qualify for the final round