മദ്യപിച്ചെത്തി ഹോട്ടല്‍ മുറിയില്‍വെച്ച് മര്‍ദിച്ചു;എ.ഐ.എഫ്.എഫ് അംഗത്തിനെതിരേ വനിതാ താരങ്ങള്‍

ന്യൂഡല്‍ഹി: അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്‍(എ.ഐ.എഫ്.എഫ്) എക്സിക്യുട്ടീവ് കമ്മിറ്റി അംഗം ദീപക് ശര്‍മയ്ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി വനിതാ ഫുട്ബോള്‍ താരങ്ങള്‍. മദ്യപിച്ചെത്തിയ ദീപക് ഹോട്ടല്‍ മുറിയില്‍വെച്ച് മര്‍ദിച്ചുവെന്ന് ഹിമാചല്‍ പ്രദേശ് ആസ്ഥാനമായുള്ള ഖാദ് എഫ്.സിയിലെ രണ്ട് വനിതാ താരങ്ങള്‍ എ.ഐ.എഫ്.എഫിന് നല്‍കിയ പരാതിയില്‍ പറയുന്നു. ഗോവ ഫുട്ബോള്‍ അസോസിയേഷനും ഇവര്‍ പരാതി നല്‍കിയിട്ടുണ്ട്.
ഹിമാചല്‍ പ്രദേശ് ഫുട്ബോള്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറിയും എ.ഐ.എഫ്.എഫ് മത്സര സമിതിയുടെ ഡെപ്യൂട്ടി ചെയര്‍മാനുമാണ് ദീപക്. ഗോവയില്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ വനിതാ ലീഗിനിടെ വ്യാഴാഴ്ച ഗോവയിലെ ഹോട്ടല്‍ മുറിയിലായിരുന്നു സംഭവം. സംഭവം നടക്കുമ്പോള്‍ ഇയാള്‍ മദ്യപിച്ചിരുന്നുവെന്നും ഹിമാചല്‍ പ്രദേശില്‍ നിന്ന് ഗോവയിലേക്കുള്ള യാത്രയ്ക്കിടെ തങ്ങള്‍ക്കു മുന്നില്‍വെച്ച് മദ്യപിച്ചിരുന്നതായും ഫുട്ബോള്‍ താരങ്ങള്‍ ആരോപിച്ചു.
സംഭവത്തിനു ശേഷം ദീപക് ശര്‍മയുടെ ഭാര്യയും ക്ലബ്ബിന്റെ മാനേജറുമായ നന്ദിത വന്ന് തങ്ങളോട് മോശമായി പെരുമാറിയെന്നും പരാതി നല്‍കിയ യുവതികളിലൊരാള്‍ ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. പരാതി പിന്‍വലിക്കാന്‍ തങ്ങള്‍ക്ക് സമ്മര്‍ദമുണ്ടെന്നും ഇവര്‍ വ്യക്തമാക്കി.
അതേസമയം വിഷയം ദേശീയ കായിക മന്ത്രാലയം ഗൗരവമായി എടുത്തിട്ടുണ്ടെന്നും സംഭവത്തില്‍ വേഗത്തില്‍ നടപടിയെടുക്കാന്‍ എ.ഐ.എഫ്.എഫിന് നിര്‍ദേശം നല്‍കുകയും ചെയ്തതായി കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പ്രതികരിച്ചു
Content Highlights: women footballers allege assault aiff official goa hotel