‘റെക്കോഡുകൾ തകർക്കപ്പെടാനുള്ളതാണ്, സവിശേഷ നിമിഷം’; റെക്കോഡ് മറികടന്ന വിത്യയെ അഭിനന്ദിച്ച് പി.ടി. ഉഷ

നഗോയ: ഏഷ്യൻ ഗെയിംസ് 400 മീറ്റർ ഹർഡിൽസിൽ തന്റെ റെക്കോഡ് തകർത്ത് വെങ്കലം നേടിയ വിത്യ രാംരാജിനെ അഭിനന്ദിച്ച് മുൻ താരവും ഇന്ത്യയുടെ ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റുമായ പി.ടി ഉഷ. റെക്കോഡുകൾ തകർക്കപ്പെടാനുള്ളതാണ്. തങ്ങൾ പണ്ട് നിശ്ചയിച്ച പരിധികളെ മറികടന്ന് അടുത്ത തലമുറ മുന്നേറുന്നത് കാണുന്നതിനേക്കാൾ വലിയൊരു അംഗീകാരം ഒരു കായികതാരത്തിന് ലഭിക്കാനില്ലെന്നും പി.ടി ഉഷ പറഞ്ഞു. വനിതകളുടെ 400 മീറ്റർ ഹർഡിൽസിൽ ദേശീയ റെക്കോഡ് പ്രകടനമാണ് വിത്യ കാഴ്ചവെച്ചത്. മലയാളിതാരം പി.ടി. ഉഷയുടെ 42 വർഷം മുൻപുള്ള റെക്കോഡാണ് വിത്യ മറികടന്നത്.
‘വിത്യ രാംരാജ് എന്റെ റെക്കോർഡ് തകർത്തത് അങ്ങേയറ്റം സവിശേഷ നിമിഷമാണ്. കായികതാരങ്ങൾ എന്ന നിലയിൽ, സ്വയം വെല്ലുവിളിക്കാനും പരിധികൾ ഭേദിക്കാനും ഒടുവിൽ ഈ കായികരംഗത്തെ നമ്മൾ കണ്ടെത്തിയതിനേക്കാൾ മികച്ച അവസ്ഥയിൽ കൈമാറാനുമാണ് നാം മത്സരിക്കുന്നത്. പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ഒരു നാഴികക്കല്ലിനെ മറികടന്നുകൊണ്ട് ഒരു യുവതാരം മുന്നോട്ടുവരുമ്പോൾ, അത് ആ താരത്തിന് മാത്രമല്ല, ആ കായികയിനത്തിനുതന്നെ അഭിമാനമാണ്. ഒരു റെക്കോഡിന്റെ ഏറ്റവും വലിയ നേട്ടം അത് എത്രകാലം നിലനിൽക്കുന്നു എന്നതല്ല, മറിച്ച് അതിനപ്പുറത്തേക്ക് പോകാൻ അടുത്ത താരത്തിന് അത് എങ്ങനെ പ്രചോദനമാകുന്നു എന്നതാണ്.’ - പി.ടി ഉഷ പറഞ്ഞു.
400 മീറ്റർ ഹർഡിൽസിൽ 1984 ലോസ് ആഞ്ചലീസ് ഒളിമ്പിക്സിൽ പി.ടി.ഉഷ കുറിച്ച സമയമാണ് വിത്യ മറികടന്നത്. 55.42 സെക്കൻഡാണ് പി.ടി ഉഷ കുറിച്ച സമയം. നാഗോയയിൽ 400 മീറ്റർ ഹർഡിൽസ് ഫൈനലിൽ വെങ്കലം നേടി കൊണ്ടാണ് വിത്യ റെക്കോർഡ് തകർത്തത്. വിത്യ 54.75 സെക്കൻഡിൽ ഫിനിഷിങ് ലൈൻ തൊട്ടു. 2023 ഹാങ്ചൗവിലെ ഏഷ്യൻ ഗെയിംസിൽ വിത്യ പി.ടി ഉഷയുടെ റെക്കോഡിനൊപ്പമെത്തിയിരുന്നു. അന്ന് ഹീറ്റ്സിലാണ് 55.42 സെക്കൻഡിൽ ഫിനിഷ് ചെയ്തത്. ഇക്കുറി അത് മറികടക്കാൻ വിത്യയ്ക്കായി.
Content Highlights: Vithya Ramraj won bronze in the 400m hurdles at the Asian Gamesn PT Usha praised Vithya for breaking the long-standing milestone.