‘സന്തോഷിക്കേണ്ട സമയത്ത് ഉമ്മയില്ലല്ലോ എന്ന സങ്കടം’; വേർപാടിന്റെ വേദനയ്ക്കിടെ അജ്മലിനെത്തേടി അവാർഡ്

#സ്പോർട്സ് ഡെസ്ക്
മുഹമ്മദ് അജ്മൽ, ജംഷീല തിരുവനന്തപുരത്തുള്ള മുഹമ്മദ് അജ്മലുമായി വീഡിയോ കോളിൽ സംസാരിക്കുന്നു
മുഹമ്മദ് അജ്മൽ, ജംഷീല തിരുവനന്തപുരത്തുള്ള മുഹമ്മദ് അജ്മലുമായി വീഡിയോ കോളിൽ സംസാരിക്കുന്നു

പാലക്കാട്: പ്രിയപ്പെട്ട ഉമ്മ ആസ്യയുടെ വേർപാടുതീർത്ത വേദനയ്ക്കിടെയാണ് അത്‌ലറ്റ് വി. മുഹമ്മദ് അജ്മലിനെത്തേടി അർജുനാ അവാർഡ് എത്തുന്നത്. അത്യധികം ആഹ്‌ളാദിക്കേണ്ട സമയത്ത് ആ വാർത്ത കേൾക്കാൻ ഉമ്മയില്ലല്ലോ എന്ന സങ്കടമാണ് പാലക്കാട് ചെർപ്പുളശ്ശേരി മാരായമംഗലം തച്ചങ്ങാട് സ്വദേശിയായ അജ്മലിന്. ജൂലായ് മുപ്പതിനായിരുന്നു ഉമ്മയുടെ വേർപാട്.

‘‘എന്റെ കായികജീവിതത്തിന് ഏറെ പിന്തുണ നൽകിയിത് ഉമ്മയായിരുന്നു. മത്സരങ്ങൾക്കു പോകുമ്പോൾ ഇടയ്ക്കിടെ വിളിക്കും, കാര്യങ്ങൾ എന്തായെന്നു ചോദിക്കും. സന്തോഷിക്കേണ്ട സമയത്ത് ഉമ്മയില്ലല്ലോ എന്ന സങ്കടം’’ -പുരസ്‌കാരവാർത്തയറിഞ്ഞിട്ടും നനുത്ത വാക്കുകളിൽ മുഹമ്മദ് അജ്മൽ പറഞ്ഞു.

400 മീറ്ററിൽ രാജ്യത്തെ മികച്ച ഓട്ടക്കാരുടെ പട്ടികയിലുള്ളയാളാണ് മുഹമ്മദ് അജ്മൽ. നേട്ടങ്ങളെല്ലാം റിലേ ടീമിനൊപ്പമായിരുന്നു. ഹാങ്ചൗ ഏഷ്യൻ ഗെയിംസിൽ 4x400 മീറ്റർ റിലേയിൽ സ്വർണവും മിക്‌സഡ് റിലേയിൽ വെള്ളിയും നേടിയ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു. 2023-ലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ 4x400 മീറ്റർ റിലേയിൽ വെള്ളി നേടി. 2023-ലെ ലോകചാമ്പ്യൻഷിപ്പിൽ ഫൈനലിലെത്തിയ ടീമിലും അംഗമായിരുന്നു. പാരീസ് ഒളിംപിക്‌സ് ടീമിലും അംഗമായിരുന്നു.

ജയ്‌സൺ ഡോസന്റെ കീഴിലാണ് പരിശീലനം. കാൽമുട്ടിനേറ്റ പരിക്കുമൂലം ഈ സീസണിൽ മത്സരങ്ങൾക്കിറങ്ങാനായിട്ടില്ല. പരിക്കിൽനിന്നു മോചിതനായി പരിശീലനം തുടരുന്നു.

തിരുവനന്തപുരം സായിയിൽ പരിശീലനം നടത്തുന്ന അജ്മൽ ഇന്ത്യൻ നാവികസേനയിൽ ചീഫ് പെറ്റി ഓഫീസറാണ്. പിതാവ്: കുഞ്ഞാലി. ഭാര്യ: ജംഷീല.

മകന്റെ നേട്ടത്തിൽ അഭിമാനമുണ്ട്- അജ്മലിന്റെ പിതാവ്

“ഏറെ സന്തോഷമുണ്ട്. എന്നാൽ, മകന്റെ നേട്ടം കാണാൻ ഉമ്മയില്ലെന്ന ദുഃഖവുമുണ്ട്. തുടർമത്സരങ്ങൾക്കുള്ള തയ്യാറെടുപ്പിലാണ്. പുരസ്കാരപ്രഖ്യാപനമുണ്ടായപ്പോൾ അദ്ഭുതവും അഭിമാനവുമേറെ” -നെല്ലായ മാരായമംഗലം തച്ചങ്ങാട് വാരിയത്തൊടി വീട്ടിലെത്തിയവരോട് അർജുന അവാർഡ് നേടിയ മുഹമ്മദ് അജ്മലിന്റെ ഭാര്യ ജംഷീല പറഞ്ഞു.

സംസ്ഥാന-ദേശീയ തലങ്ങളിൽ അംഗീകാരം നേടിയിട്ടുള്ള കായികതാരംകൂടിയാണ് തൃശ്ശൂർ എരുമപ്പെട്ടി സ്വദേശി ജംഷീല. മൂന്നുവർഷംമുൻപാണ് അജ്മലിന്റെ ജീവിതസഖിയായത്. “രാജ്യത്തെ വലിയ ബഹുമതി കിട്ടിയതിൽ സന്തോഷം. കഠിനപ്രയത്നത്തിനു കിട്ടിയ അംഗീകാരമാണിത്. തിരുവനന്തപുരത്തുള്ള അജ്മലുമായി സംസാരിച്ചു” -സഹോദരൻ മിദ്‌ലാജ് പറഞ്ഞു.

“ഭാര്യ ആസ്യയുടെ വിയോഗത്തിന്റെ 20-ാം ദിനമാണിന്ന്. ദുഃഖത്തിനിടയിലും സന്തോഷകരമായ വാർത്തയാണ്. മകന്റെ നേട്ടത്തിൽ അഭിമാനമുണ്ട്” -അജ്മലിന്റെ പിതാവ് കുഞ്ഞാലിഹാജിയുടെ പ്രതികരണം.

ഏഷ്യൻ ഗെയിംസിലെ നേട്ടത്തിനുശേഷം നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയപ്പോൾ സ്വീകരിക്കാൻ പിതാവ് കുഞ്ഞാലിഹാജിയും മാതാവ് ആസ്യയുമടങ്ങുന്ന കുടുംബം എത്തിയിരുന്നു. രണ്ടു പെട്ടിയിലാക്കിക്കൊണ്ടുവന്ന മെഡലുകൾ അജ്മൽ ആദ്യം ഉമ്മയെയും പിന്നെ തന്നെയും അണിയിച്ചത് ഇന്നും ഓർമ്മയുണ്ടെന്ന് കുഞ്ഞാലിഹാജി പറഞ്ഞു.

മണ്ണാർക്കാട് കല്ലടി എച്ച്.എസ്.എസിലെ തുടക്കകാലത്തെ പരിശീലനമാണ് അജ്മലിനെ അത്‌ലറ്റിക്സിന്റെ ലോകത്തേക്ക് കൈപിടിച്ചുയർത്തിയത്. തുടർന്ന് കോതമംഗലം എം.എ. കോളേജിൽ ലഭിച്ച പരിശീലനം ദേശീയതലത്തിലെ മുൻനിരയിലുമെത്തിച്ചു.

അജ്മൽ ദേശീയബഹുമതി നേടിയതിൽ ജന്മഗ്രാമമായ മാരായമംഗലം അഭിമാനത്തിന്റെയും ആഹ്ലാദത്തിന്റെയും നെറുകയിലാണെന്ന് നെല്ലായ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് മുനീറാബാനു പറഞ്ഞു.

Content Highlights: Athlete V. Muhammed Ajmal has been honored with the prestigious Arjuna Award., He expressed grief that his mother, who passed away in July, was not there to witness his success.