വിവേചനത്തിന്റെ വിങ്ങുന്ന ഓർമ്മകൾ ബാക്കി; ഉസ്മാൻ ഖവാജ ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നു

ഉസ്മാൻ ഖവാജ | Photo: AFP
ഉസ്മാൻ ഖവാജ | Photo: AFP

ഓസ്‌ട്രേലിയൻ ഓപ്പണിങ് താരം ഉസ്മാൻ ഖവാജ തന്റെ അന്താരാഷ്ട്ര ടെസ്റ്റ് കരിയറിന് തിരശ്ശീലയിടുന്നു. മാസങ്ങളായി നീണ്ടുനിന്ന അഭ്യൂഹങ്ങൾക്ക് വിരാമമിട്ടുകൊണ്ട്, വരാനിരിക്കുന്ന സിഡ്‌നി ടെസ്റ്റ് തന്റെ അവസാന മത്സരമായിരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. 2011-ൽ സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിൽ ഇംഗ്ലണ്ടിനെതിരെ അരങ്ങേറ്റം കുറിച്ച ഖവാജയുടെ 88-ാം ടെസ്റ്റ് മത്സരമായിരിക്കും ഇത്. എന്നാൽ വിരമിക്കൽ പ്രഖ്യാപന വേളയിൽ താൻ നേരിട്ട വംശീയ വിവേചനങ്ങളെയും മാധ്യമങ്ങളുടെ കടന്നാക്രമണങ്ങളെയും കുറിച്ച് താരം നടത്തിയ വെളിപ്പെടുത്തലുകൾ കായിക ലോകത്ത് വലിയ ചർച്ചയായിരിക്കുകയാണ്.

വ്യത്യസ്ത സമീപനമാണ് താൻ എപ്പോഴും നേരിട്ടുള്ളതെന്ന് ഖവാജ പറഞ്ഞു. ഇപ്പോഴും അങ്ങനെയാണ്. ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം ഏറ്റവും മികച്ച ടീമാണ്. അത് നമ്മുടെ അഭിമാനമാണ്. എന്നാൽ പല കാര്യങ്ങളിലും താൻ വ്യത്യാസം നേരിട്ടിട്ടുണ്ട്. തന്നെ പരിഗണിച്ച രീതിയിലും തനിക്ക് സംഭവിച്ച കാര്യങ്ങളിലും വളരെ വ്യത്യസ്തമായി തോന്നിയിട്ടുണ്ട്. വിരമിക്കൽ പ്രഖ്യാപിക്കുന്നതിനിടെ മാധ്യമങ്ങളോട് സംസാരിക്കവെ ഖവാജ പറഞ്ഞു.

തനിക്കുണ്ടായ നടുവേദനയെ തുടർന്ന് വലിയ തോതിലുള്ള ആക്രമണമാണ് മാധ്യമങ്ങളിൽ നിന്നും മുൻ താരങ്ങളിൽ നിന്നും ഉണ്ടായതെന്ന് ഖവാജ വെളിപ്പെടുത്തി. തന്റെ നിയന്ത്രണത്തിലല്ലാത്ത ഒരു ശാരീരിക അവസ്ഥയുടെ പേരിൽ അഞ്ച് ദിവസം തുടർച്ചയായി താൻ വേട്ടയാടപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. രണ്ട് ദിവസം ഇത്തരം വിമർശനങ്ങൾ സഹിക്കാമായിരുന്നുവെന്നും എന്നാൽ ഇത്രയും കടുത്ത ആക്രമണം താങ്ങാവുന്നതിലപ്പുറമായിരുന്നുവെന്നും താരം കൂട്ടിച്ചേർത്തു.

മറ്റ് താരങ്ങൾക്ക് ലഭിക്കാത്ത അത്രയും വലിയ വിമർശനം തനിക്ക് നേരിടേണ്ടി വന്നതിന് പിന്നിൽ വംശീയമായ കാരണങ്ങൾ ഉണ്ടെന്ന് വിശ്വസിക്കുന്നതായി ഖവാജ പറഞ്ഞു. ഗോൾഫ് കളിക്കുന്നതിനിടയിൽ പരിക്കേറ്റ താരങ്ങൾക്ക് ഇത്രയും വിമർശനം നേരിടേണ്ടി വന്നിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കരിയറിലുടനീളം ഓരോ ദിവസവും ഇത്തരം വിവേചനങ്ങൾക്കെതിരെ തനിക്ക് പൊരുതേണ്ടി വരുന്നത് അങ്ങേയറ്റം നിരാശാജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Content Highlights: Usman Khawaja opens up about feeling `different` in the Australian team due to his background. He discusses media scrutiny and his potential final Test.