ബ്ലാസ്റ്റേഴ്സിന്റെ അറിയാക്കഥകളുമായി ‘ദി ഫസ്റ്റ് സീസൺ’

ആരവങ്ങളില്ല, ആരാധകവൃന്ദമില്ല, ആലിംഗനങ്ങളില്ല. എങ്ങും കാതടപ്പിക്കുന്ന നിശ്ശബ്ദത മാത്രം. വിഷാദഭരിതമായ ആ അന്തരീക്ഷത്തിലേക്ക് നിറഞ്ഞ കണ്ണുകളോടെ കടന്നുചെല്ലുന്നു വിരേൻ ഡിസിൽവ. കേരള ബ്ലാസ്റ്റേഴ്സ് ഫുട്‌ബോൾ ടീമിന്റെ ആദ്യത്തെ ജനറൽ മാനേജർ.
മുംബൈ ധ്യാൻദേവ് യശ്വന്ത്റാവു പാട്ടീൽ സ്റ്റേഡിയത്തിലെ ഡ്രസ്സിങ് റൂമിൽ ഒരു വിഐപി അതിഥിയുണ്ടായിരുന്നു അപ്പോൾ. കേരള ബ്ലാസ്റ്റേഴ്സ് ടീമിന്റെ മുഖ്യ സ്‌പോൺസർമാരിലൊരാളായ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ തെണ്ടുൽക്കർ. നിമിഷങ്ങളേ ആയിരുന്നുള്ളൂ ബ്ലാസ്റ്റേഴ്സിന്റെ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) കിരീടസ്വപ്നങ്ങൾ തൊട്ടപ്പുറത്തെ മൈതാനത്ത് വീണടിഞ്ഞിട്ട്. ഫൈനലിൽ അത്‌ലറ്റിക്കോ ഡി കൊൽക്കത്തയോടേറ്റ പരാജയത്തിന്റെ ആഘാതത്തിൽ തലകുനിച്ചിരുന്ന സ്വന്തം കളിക്കാരെ മനസ്സ് തുറന്ന് ആശ്വസിപ്പിക്കുന്നു സച്ചിൻ. 'ആറു ശ്രമങ്ങളും രണ്ടു പതിറ്റാണ്ടുകളും വേണ്ടിവന്നു എനിക്ക് ലോകകപ്പ് എന്ന സ്വപ്നം സഫലമാക്കാൻ. നിങ്ങളുടെ ഊഴവും എത്തും. ക്ഷമയോടെ കാത്തിരിക്കൂ...'
മാസ്റ്റർ ബ്ലാസ്റ്ററുടെ ഹൃദയത്തിൽ നിന്നൊഴുകിവന്ന വാക്കുകളായിരുന്നു അവയെന്ന് വിരേൻ. 'തല കുനിക്കാനുള്ള സമയമായിട്ടില്ല. കൂടുതൽ കരുത്തരായി തിരിച്ചുവരൂ' എന്ന ആശംസയോടെ ടീമിനോട് യാത്ര പറയുന്ന സച്ചിന്റെ ചിത്രം മായാത്ത ഓർമ്മയായി ഇന്നും മനസ്സിന്റെ കോണിൽ സൂക്ഷിക്കുന്നു വിരേൻ. 'അന്ന് ട്രോഫി നേടിയത് കൊൽക്കത്തയായിരിക്കാം. എന്നാൽ ഹൃദയം കവർന്നത് ഞങ്ങളായിരുന്നു.' 2014 ഡിസംബർ 20-ന്റെ സംഭവബഹുലമായ ആ ഫൈനൽ നിശയിലേക്ക് മനസ്സുകൊണ്ട് തിരികെ ഡ്രിബിൾ ചെയ്തുപോയി വിരേൻ എഴുതുന്നു. അവസാനനിമിഷം വീണ ഒരൊറ്റ ഗോളിനാണ് അന്ന് ബ്ലാസ്റ്റേഴ്സ് കീഴടങ്ങിയത്. വീരോചിതമായ തോൽവി.
ആഹ്ലാദദുഃഖങ്ങൾ ഇടകലർന്ന ആ 'ചരിത്രനിമിഷങ്ങൾ' ഹൃദയസ്പർശിയായി വിവരിക്കുകയാണ് ആത്മകഥാംശമുള്ള 'ദി ഫസ്റ്റ് സീസൺ' എന്ന പുസ്തകത്തിൽ ക്ലബ്ബിന്റെ ആദ്യ ജനറൽ മാനേജർ. ഇന്ത്യൻ ഫുട്‌ബോളിൽ ഇതുപോലൊരു ഓർമപ്പുസ്തകം ഇതാദ്യമായിരിക്കും. കേരള ബ്ലാസ്റ്റേഴ്സുമായുള്ള തന്റെ ഹൃദയ ബന്ധം സൂക്ഷ്മതയോടെ വിരേൻ ഓർത്തെടുക്കുമ്പോൾ ഒരു ആക്ഷൻ ത്രില്ലറിലെന്നോണം വായനക്കാരന് മുന്നിൽ ഇതൾ വിരിയുക ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസണിന്റെ ചരിത്രം കൂടിയാണ്. ത്രസിപ്പിക്കുന്ന ഒരു ഫുട്‌ബോൾ മത്സരത്തിന്റെ വീറും വാശിയും ദുഃഖവും നിരാശയും പകയുമെല്ലാം നമ്മെ അനുഭവിപ്പിക്കുന്നു ഈ ഓർമയെഴുത്ത്.
അച്ഛനും ജ്യേഷ്ഠനുമൊപ്പം 1986-ലെ മെക്‌സിക്കോ ലോകകപ്പിന്റെ കലാശപ്പോരാട്ടം സ്വീകരണമുറിയിലെ ടെലിവിഷൻ സ്‌ക്രീനിൽ കണ്ട് ഹരം കൊണ്ട ആ അഞ്ചു വയസുകാരൻ ഇന്നും തന്റെ ഉള്ളിലുണ്ടെന്ന് നിശ്ശബ്ദമായ ഒരു ചിരിയോടെ വിളിച്ചു പറയുന്നുണ്ട് 'ഫസ്റ്റ് സീസണി'ലൂടെ വിരേൻ. വായനക്കാരുടെ ചുണ്ടിലും അതേ മന്ദഹാസം വിരിയിക്കാൻ കഴിയുന്നു എന്നിടത്താണ് വിരേനിലെ എഴുത്തുകാരന്റെ വിജയം. മെൽവിൽ ഡിമെല്ലോയുടെയും ബോബി തല്യാർഖാന്റെയും റേഡിയോ കമന്ററി പോലെ അനുവാചക മനസ്സിലേക്ക് ഒരു ദൃശ്യ പരമ്പര തന്നെ ഒഴുക്കിവിടുന്നു വിരേന്റെ വിവരണങ്ങൾ.
സ്ഥിതിവിവരക്കണക്കുകളുടെ ആധിക്യത്താൽ വിരസമായി മാറുമായിരുന്ന ഒരു ക്ലബ്ബ് ചരിത്രവിവരണത്തെ ഭാഷയുടെയും ശൈലിയുടേയും സൗന്ദര്യത്താൽ അവിസ്മരണീയമാക്കി മാറ്റുന്നു വിരേൻ. ബ്ലാസ്റ്റേഴ്സിന്റെ ജന്മനിമിഷങ്ങളിൽ നിന്നാണ് 'ഫസ്റ്റ് സീസണി'ന്റെ കിക്കോഫ്. തുടന്ന് വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ ക്ലബ് അഭിമുഖീകരിച്ച ഫൗളുകൾ, കാർഡുകൾ. സാങ്കേതികതയുടെ നൂലാമാലകളും ടീമിലെ ആഭ്യന്തര കലഹങ്ങളും തൊട്ട് വ്യക്തികൾക്കിടയിലെ ഈഗോ പ്രശ്‌നങ്ങൾ വരെ ഉയർത്തിയ വെല്ലുവിളികൾക്കപ്പുറത്തേക്ക് ബ്ലാസ്റ്റേഴ്സിനെ നയിച്ചു കൊണ്ടുപോകുക തീർത്തും ദുഷ്‌കരമായിരുന്നു. ഈ ദൗത്യത്തിൽ ഒരു എച്ച് ആർ മാനേജരുടെയും കൗൺസലിങ് വിദഗ്ദന്റെയും പബ്ലിക് റിലേഷൻസ് മാനേജരുടെയുമൊക്കെ വൈവിധ്യമാർന്ന റോളുകൾ ഏറ്റെടുക്കേണ്ടി വന്നു വിരേന്.
ആവേശം അണപൊട്ടിയൊഴുകുന്ന ഒരു കൊൽക്കത്ത ഡെർബി പോലെ അവസാന വിസിൽ വരെ ഗാലറികളെ പിടിച്ചിരുത്തുന്നു 'ഫസ്റ്റ് സീസൺ.' പശ്ചാത്തല സംഗീതമായി മഞ്ഞപ്പടയുടെ നിലക്കാത്ത ആരവങ്ങളുമുണ്ട്. ഗാലറിയിലെ മഞ്ഞപ്പടയില്ലാതെ ബ്ലാസ്റ്റേഴ്സിനെ കുറിച്ച് സങ്കൽപ്പിക്കാൻ പോലുമാവില്ലല്ലോ നമുക്ക്. ഭാഗധേയങ്ങൾ മാറിമറിയുന്ന ആ യുദ്ധത്തിനൊടുവിൽ നിറഞ്ഞ മനസ്സോടെ കളം വിടുമ്പോൾ ഒരു പ്രതീക്ഷ കൂടി പങ്കുവെക്കുന്നു വിരേൻ ഡിസിൽവ. മനോഹരമായ ഒരു സ്വപ്നം: 'ഏത് കൊലകൊമ്പൻ യൂറോപ്യൻ ക്ലബ്ബുകളോടും കിടപിടിക്കും വിധം പതിനൊന്ന് സൂപ്പർ താരങ്ങളെ അണിനിരത്തി ഒന്നാന്തരമൊരു ടീമിനെ സൃഷ്ടിക്കും നമ്മൾ. മെസ്സിയുടെയും റൊണാൾഡോയുടെയും സ്ഥാനത്ത് നമ്മുടെ സ്വന്തം കളിക്കാർ ഹീറോകളായി ഉദിച്ചുയരും. പശ്ചാത്തലത്തിൽ മധുരസംഗീതം പോലെ മഞ്ഞപ്പടയുടെ ആരവങ്ങളുണ്ടാകും. ഗ്യാലറിയിലിരുന്ന് ഒരച്ഛൻ മകന്റെ കാതിൽ മന്ത്രിക്കുന്നുണ്ടാകും അപ്പോൾ: ഇതാ, ഇതാണ് നിന്റെ ക്ലബ്. ഇത് മാത്രം....'
(ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ സർവകലാശാലയിൽ നിന്ന് മാധ്യമപഠനത്തിൽ ബിരുദമെടുത്ത മുംബൈ സ്വദേശി വിരേൻ ഡിസിൽവ രണ്ടു ദശകത്തോളം സ്‌പോർട്ട്‌സ് ബ്രോഡ്കാസ്റ്റിങ്, മീഡിയ റൈറ്റ്‌സ്, മാർക്കറ്റിങ്, ഫ്രാഞ്ചൈസ് മാനേജ്‌മെന്റ് മേഖലകളിൽ സജീവമായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീഗ്, പ്രൊ കബഡി ലീഗ്, ഇന്ത്യൻ സൂപ്പർ ലീഗ് എന്നിവയുടെ സംഘാടനത്തിൽ പങ്കാളി. ഇന്ത്യയിലെ ഏറ്റവും മികച്ച ബർഗർ ബ്രാൻഡുകളിൽ ഒന്നായ ഗുഡ് ഫ്‌ളിപ്പിങ് ബർഗേഴ്‌സിന്റെ സഹസ്ഥാപകൻ.)
Content Highlights: Chronicles the untold stories of Kerala Blasters' first ISL season by general manager Viren D'Silva., Features emotional dressing room moments with Sachin Tendulkar after the 2014 final defeat., Blends sports memoir with the dramatic highs and lows of building a professional football franchise in India.