ഓര്‍മയുണ്ടോ ബിന്നിച്ചായന്റെ ആ മാരക സ്‌പെല്‍?

ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്ത് വലിയ ചലനമൊന്നും സൃഷ്ടിക്കാതെ കടന്നുപോയ ഒരു വിരമിക്കല്‍ പ്രഖ്യാപനം കഴിഞ്ഞ ദിവസമുണ്ടായി. ഓള്‍റൗണ്ടര്‍ സ്റ്റുവര്‍ട്ട് ബിന്നിയുടേത്. 1983-ല്‍ ഏകദിന ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീമില്‍ അംഗമായിരുന്ന ഓള്‍റൗണ്ടര്‍ റോജര്‍ ബിന്നിയുടെ മകന്‍. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍നിന്നും വിരമിക്കുന്നുവെന്നാണ് ബിന്നി കഴിഞ്ഞ ദിവസം പ്രസ്താവനയില്‍ വ്യക്തമാക്കിയത്.
താരത്തിന്റെ സീനിയര്‍ കരിയര്‍ നീണ്ടുനിന്നത് വെറും രണ്ടു വര്‍ഷത്തോളം മാത്രമായിരുന്നു. ഇതിനിടെ കളിച്ചത് മൂന്നു ടെസ്റ്റുകളും 14 ഏകദിനങ്ങളും രണ്ട് ട്വന്റി20 മത്സരങ്ങളും മാത്രം. കാര്യമായ ഓളമൊന്നും ഉണ്ടാക്കാതെ കടന്നപോയ ഒരു ക്രിക്കറ്റ് കരിയര്‍. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ലോകം ഒന്നാകെ കൈയടിച്ച ഒരു സംഭവം ഉണ്ടായിട്ടുണ്ട് ബിന്നിയുടെ കരിയറില്‍.
ഇപ്പോഴും അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏകദിനത്തില്‍ ഏറ്റവും മികച്ച ബോളിങ് പ്രകടനം നടത്തിയ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡ് ബിന്നിയുടെ പേരിലാണ്. 2014 ജൂണ്‍ 17-ന് ധാക്കയില്‍ ബംഗ്ലദേശിനെതിരെയായിരുന്നു ബിന്നിയുടെ ആ മാരക ബൗളിങ് പ്രകടനം. 4.4 ഓവറില്‍ വെറും നാലു റണ്‍സ് മാത്രം വിട്ടുകൊടുത്ത് വീഴ്ത്തിയത് ആറു വിക്കറ്റ്. ഓര്‍മയില്ലേ ബിന്നിച്ചായന്റെ ആ മാരക സ്‌പെല്‍.
2014-ലെ ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനത്തിലെ രണ്ടാം ഏകദിനത്തിലാണ് ബിന്നിയുടെ ആ തകര്‍പ്പന്‍ പ്രകടനം ഉണ്ടായത്. ടോസ് ജയിച്ച ബംഗ്ലാദേശ് ബൗളിങ് തിരഞ്ഞെടുത്തു. എന്നാല്‍ ഇടയ്ക്ക് മഴയെത്തിയതോടെ മത്സരം 41 ഓവറാക്കി ചുരുക്കി. ആരാധകരെ ഞെട്ടിച്ച് ഇന്ത്യന്‍ ബാറ്റിങ് നിര ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. 25.3 ഓവറില്‍ ടീം വെറും 105 റണ്‍സിന് ഓള്‍ഔട്ടായി.
പ്രധാന താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിരുന്നതിനാല്‍ ഇന്ത്യയെ നയിച്ചത് സുരേഷ് റെയ്‌നായായിരുന്നു. 27 റണ്‍സെടുത്ത റെയ്‌നയായിരുന്നു ടോപ് സ്‌കോറര്‍.
അനായാസ ജയം കൊതിച്ചിറങ്ങിയ ബംഗ്ലാദേശിനെ ബിന്നി കെട്ടുകെട്ടിക്കുന്ന കാഴ്ചയ്ക്കാണ് പിന്നീട് സ്റ്റേഡിയം സാക്ഷിയായത്. മൂന്ന് ഓവറിനുള്ളില്‍ തന്നെ മോഹിത് ശര്‍മ ബംഗ്ലാ ഓപ്പണര്‍മാരെ മടക്കിയിരുന്നു.
മൂന്നാം വിക്കറ്റില്‍ മുഷ്ഫിഖുര്‍ റഹീം - മുഹമ്മദ് മിഥുന്‍ സഖ്യം പതിയെ മത്സരം ഇന്ത്യയില്‍ നിന്ന് സ്വന്തമാക്കുന്ന ഘട്ടത്തിലാണ് ബിന്നി പന്തെടുക്കുന്നത്. 12-ാം ഓവറിലെ നാലാം പന്തില്‍ റഹീം പുറത്ത്. 14-ാം ഓവറിലെ രണ്ടാം പന്തില്‍ മിഥുനെയും ബിന്നി മടക്കി. തൊട്ടടുത്ത പന്തില്‍ മഹ്മദുള്ളയും പുറത്തായതോടെ ബംഗ്ലാദേശ് പതറി. തുടര്‍ന്ന് ാസിര്‍ ഹുസൈന്‍, മഷ്‌റഫെ മുര്‍ത്താസ, അല്‍ അമീന്‍ ഹുസൈന്‍ എന്നിവരേക്കൂടി മടക്കിയ ബിന്നി ഇന്ത്യയ്ക്ക് അവിശ്വലനീയമായ ജയം സമ്മാനിക്കുകയായിരുന്നു. വെറും 4.4 ഓവറില്‍ നാലു റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റ്.
Content Highlights: Stuart Binny decided to officially retire from playing all forms of cricket
Content Highlights: