'ഇതിഹാസങ്ങളായാല്‍ ഇങ്ങനെയാണ്'; സ്മിത്തിനെ കൂട്ടുപിടിച്ച് സര്‍ഫറാസിന് ഭാര്യയുടെ പിന്തുണ

Sarfaraz Ahmed and Steve Smith| Photo Courtesy: Twitter|Khushbakht Sarfaraz
Sarfaraz Ahmed and Steve Smith| Photo Courtesy: Twitter|Khushbakht Sarfaraz

സതാംപ്റ്റൺ: പാകിസ്താന്റെ മുൻ ക്യാപ്റ്റൻ സർഫറാസ് അഹമ്മദായിരിക്കും കളിക്കിടെ കോട്ടുവായ് ഇട്ടതിന്റെ പേരിൽ പരിഹസിക്കപ്പെട്ട ആദ്യ ക്രിക്കറ്റ് താരം. കഴിഞ്ഞ ഏകദിന ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ വിക്കറ്റ് കീപ്പിങ്ങിനിടെ സർഫറാസ് കോട്ടുവായ് ഇട്ടിരുന്നു. ഈ ദൃശ്യം ക്യാമറമാൻ പകർത്തിയതോടെ സോഷ്യൽ മീഡിയയിൽ സർഫറാസിനെ പരിഹസിച്ചുള്ള ട്രോളുകൾ നിറഞ്ഞു.

എന്നാൽ കഴിഞ്ഞ ഇംഗ്ലണ്ട് പര്യടനത്തിലും സമാന സംഭവമുണ്ടായി. ടെസ്റ്റ് പരമ്പരയിൽ സർഫറാസ് കളിച്ചില്ലെങ്കിലും താരത്തിന്റെ കോട്ടുവായ് വീണ്ടും പരിഹസിക്കപ്പെട്ടു. ക്രിക്കറ്റിന്റെ മൂന്നു ഫോർമാറ്റിലും കോട്ടുവായ് ഇടുന്ന ആദ്യ താരം എന്ന രീതിയിലായിരുന്നു പരിഹാസം.

ഇതിന് പിന്നാലെ സർഫറാസിന് പിന്തുണയുമായി എത്തിയിരിക്കുകയാണ് ഭാര്യ ഖുശ്ബക്ത്. ഓസ്ട്രേലിയയുടെ സ്റ്റീവ് സ്മിത്ത് കോട്ടുവായ് ഇടുന്ന ചിത്രം ട്വീറ്റ് ചെയ്താണ് ഖുശ്ബക്ത് ഭർത്താവിന് പിന്തുണ നൽകിയത്. 'ഇതിഹാസ താരങ്ങൾ ഇങ്ങനെയാണ്' എന്ന കുറിപ്പോടെയാണ് സ്മിത്ത് കോട്ടുവായ് ഇടുന്ന ചിത്രം ഖുശ്ബക്ത് ട്വീറ്റ് ചെയ്തത്.

ഇംഗ്ലണ്ടും ഓസ്ട്രേലിയയും തമ്മിലുള്ള ആദ്യ ട്വന്റി-20യ്ക്കിടെയാണ് സ്മിത്ത് കോട്ടുവായ് ഇട്ടത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഏഴു വിക്കറ്റ് നഷ്ടത്തിൽ 162 റൺസെടുത്തിരുന്നു. മറുപടി ബാറ്റിങ്ങിൽ ഓസീസ് ഇന്നിങ്സിലെ എട്ടാം ഓവറിലാണ് ഡ്രസ്സിങ് റൂമിലിരുന്ന് സ്മിത്ത് കോട്ടുവായ് ഇട്ടത്. ഇതു ക്യാമറയിൽ പതിഞ്ഞതോടെ ആരാധകർ ഏറ്റെടുത്തു.

അതേസമയം കോട്ടുവായ് ഇട്ടതിന്റെ പേരിലുള്ള പരിഹാസങ്ങളൊന്നും തന്നെ ബാധിക്കില്ലെന്ന് സർഫറാസ് നേരത്തെ വ്യക്തമാക്കിയിരുന്നു. 'കോട്ടുവായ് ഇടുന്നത് ഒരു സാധാരണ കാര്യമാണ്. ഞാൻ പാപമൊന്നും അല്ല ചെയ്തത്. ഞാൻ കോട്ടുവായ് ഇട്ടത് ഉപയോഗിച്ച് ആളുകൾ പണമുണ്ടാക്കുന്നുണ്ടെങ്കിൽ അതൊരു നല്ല കാര്യമല്ലേ..' ഇതായിരുന്നു സർഫറാസിന്റെ പ്രതികരണം.

Content Highlights: Steve Smith yawns, Steve Smith trolled by Sarfaraz Ahmeds wife

Content Highlights: