ജോക്കാവിച്ചിനെ മലര്‍ത്തിയടിച്ചു; വിംബിള്‍ഡണ്‍ കിരീടത്തില്‍ അല്‍ക്കാരസിന്റെ മുത്തം

ലണ്ടന്‍: വിംബിള്‍ഡണ്‍ പുരുഷ സിംഗിള്‍സ് കിരീടം സ്‌പെയിനിന്റെ കാര്‍ലോസ് അല്‍ക്കാരസിന്. റെക്കോഡ് നേട്ടം ലക്ഷ്യമിട്ട നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തി. രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് അല്‍ക്കാരസിന്റെ ജയം. സ്കോർ: 1-6, 7-6, 6-1, 3-6, 6-4.
ഒരു ബ്ലോക്ക്ബസ്റ്റര്‍ പോരാട്ടം പ്രതീക്ഷിച്ചുനിന്ന ആരാധകരെ നിരാശരാക്കുന്നതായിരുന്നു ആദ്യ സെറ്റ്. ജോക്കോവിച്ചിന്റെ ആധിപത്യം കണ്ട സെറ്റില്‍ സ്പാനിഷ് യുവതാരം നിഷ്പ്രഭനായി. 6-1 നാണ് ജോക്കോ ആദ്യ സെറ്റ് സ്വന്തമാക്കിയത്. ജോക്കോ അനായാസം കിരീടം നേടുമെന്ന് തോന്നിപ്പിച്ചു. എന്നാല്‍ രണ്ടാം സെറ്റില്‍ അല്‍ക്കാരസ് കടുത്ത പോരാട്ടം കാഴ്ചവെച്ചു. ജോക്കോയ്ക്ക് മുന്നില്‍ പതറാതെ റാക്കറ്റേന്തിയ സ്പാനിഷ് താരം സെറ്റ് 6-6 ലെത്തിച്ചു. അതോടെ രണ്ടാം സെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടു. ടൈബ്രേക്കറിലും വാശിയേറിയ പോരാട്ടത്തിനാണ് സെന്റര്‍ കോര്‍ട്ട് സാക്ഷ്യം വഹിച്ചത്. ഒടുവില്‍ 8-6 ന് ടൈബ്രേക്കറില്‍ വിജയിച്ച് അല്‍ക്കാരസ് മത്സരത്തിലേക്ക് തിരിച്ചുവന്നു.
മൂന്നാം സെറ്റിലും അല്‍ക്കാരസ് കരുത്തോടെ റാക്കറ്റേന്തി. അതോടെ സെന്റര്‍ കോര്‍ട്ടില്‍ സെര്‍ബിയന്‍ സൂപ്പര്‍താരത്തിന് പിടിച്ചുനില്‍ക്കാനായില്ല. 6-1 എന്ന സ്‌കോറിന് തിരിച്ചടിച്ച് അല്‍ക്കാരസ് മത്സരത്തില്‍ മുന്നിട്ടുനിന്നു. എന്നാല്‍ ജോക്കോ വിട്ടുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. നാലാം സെറ്റില്‍ പരിചയസമ്പത്തോടെ റാക്കറ്റേന്തിയ താരം 6-3 ന് സെറ്റ് സ്വന്തമാക്കി. കലാശപ്പോര് അവസാനസെറ്റിലേക്ക് നീണ്ടു. 6-4 നാണ് അവസാനസെറ്റ് അൽക്കാരസ് സ്വന്തമാക്കിയത്.
Content Highlights: Spain's Carlos Alcaraz wins Wimbledon men's singles title