ഐഒഎ തിരഞ്ഞെടുപ്പിൽ നാടകീയ നീക്കവുമായി പി.ടി ഉഷ; ഐസ് ഹോക്കി ഫെഡറേഷൻ പ്രതിനിധിയായി ജനറൽ അസംബ്ലിയിൽ

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) തിരഞ്ഞെടുപ്പിന് മുന്നോടിയായി നാടകീയ നീക്കത്തിലൂടെ പി.ടി ഉഷ ജനറൽ അസംബ്ലിയിൽ. വനിതാ പ്രതിനിധി എന്ന നിലയിൽ ഐസ് ഹോക്കി ഫെഡറേഷനാണ് പി.ടി ഉഷയെ നാമനിർദേശം ചെയ്തത്. ഇതോടെ ഡിസംബർ അഞ്ചിന് നടക്കുന്ന ഐ.ഒ.എ എക്സിക്യൂട്ടീവ് കൗൺസിൽ തിരഞ്ഞെടുപ്പിൽ പി.ടി. ഉഷയ്ക്ക് വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനാകും.
നേരത്തെ സ്പോർട്സ് പേഴ്സൺ ഓഫ് ഔട്ട്സ്റ്റാന്റിങ് മെറിറ്റ് (എസ്ഒഎം) തിരഞ്ഞെടുപ്പിൽ പി.ടി. ഉഷ പരാജയപ്പെട്ടിരുന്നു. വനിതാ വിഭാഗം തിരഞ്ഞെടുപ്പിൽ അഞ്ജു ബോബി ജോർജ്, റാണി രാംപാൽ, ഡോള ബാനർജി, സൈന നേവാൾ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ പി.ടി. ഉഷയ്ക്ക് ജനറൽ അസംബ്ലിയിൽ എത്താനുള്ള ആ വഴി അടഞ്ഞു. തുടർന്നാണ് ദേശീയ കായിക ഫെഡറേഷന്റെ പ്രതിനിധിയായി പി.ടി. ഉഷ ജനറൽ അസംബ്ലിയിലെത്തിയത്.
ഓരോ കായിക ഫെഡറേഷനും ഒന്നുവീതം പുരുഷനേയും സ്ത്രീയേയും നാമനിർദേശം ചെയ്യാം. ഇത്തരത്തിൽ 30 ദേശീയ കായിക ഫെഡറേഷനുകളിൽ നിന്നായി ആകെ 60 പ്രതിനിധികളാണ് ജനറൽ അസംബ്ലിയിലെത്തിയത്.
അതേസമയം എസ്ഒഎം തിരഞ്ഞെടുപ്പിൽ ഗുരുതരമായ ക്രമക്കേടുകളുണ്ടായെന്ന് ആരോപിച്ച് പി.ടി. ഉഷ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് കത്തയച്ചിട്ടുണ്ട്. വിഷയത്തിൽ അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയുടെ അടിയന്തര ഇടപെടലും സ്വതന്ത്ര അന്വേഷണവുമാണ് പി.ടി. ഉഷ ആവശ്യപ്പെട്ടിരിക്കുന്നത്.
Content Highlights: PT Usha enters the IOA General Assembly via the Ice Hockey Federation., Enables her to contest the December 5 IOA executive council presidential election., Overcomes earlier defeat in the Sports Person of Outstanding Merit (SOM) category., Wrote to the International Olympic Committee alleging irregularities in SOM elections.