ലോകകപ്പിന് തൊട്ടുമുമ്പ് പരിശീലകന് അവധി, ആർക്കെങ്കിലും ഇന്ത്യ ജയിക്കണമെന്നുണ്ടോ?വിമർശനവുമായി ശ്രീജേഷ്

ന്യൂഡൽഹി: നെതർലൻഡ്സിൽ നടക്കുന്ന ഹോക്കി ലോകകപ്പിൽ ഇന്ത്യയുടെ മോശം പ്രകടനത്തിൽ ടീം മാനേജ്മെന്റിനെതിരെ രൂക്ഷവിമർശനവുമായി മുൻ ക്യാപ്റ്റൻ പി.ആർ. ശ്രീജേഷ്. ലോകകപ്പിന് വേണ്ടത്ര പ്രാധാന്യം നൽകാതെ ഏഷ്യൻ ഗെയിംസിന് കൂടുതൽ ശ്രദ്ധ നൽകിയതിന് ശ്രീജേഷ് ഹോക്കി ഇന്ത്യയെ ‘എക്സി’ലൂടെ പരിഹസിച്ചു. ലോകകപ്പിന് തൊട്ടുമുമ്പ് ഇന്ത്യൻ വനിതാ ടീം പരിശീലന് അവധി അനുവദിച്ചതിനേയും ശ്രീജേഷ് വിമർശിച്ചു.
പ്രധാന പരിശീലകൻ ലോകകപ്പ് പോലൊരു ടൂർണമെന്റിന് തൊട്ടുമുമ്പ് അവധി ആഘോഷിക്കാൻ പോയാൽ പിന്നെങ്ങനെ ഇന്ത്യൻ ടീം മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുമെന്നും ‘എക്സി’ൽ പങ്കുവെച്ച കുറിപ്പിൽ ശ്രീജേഷ് ചോദിക്കുന്നു. ലോകകപ്പിലുണ്ടായ ദയനീയ പരാജയവും വീഴ്ച്ചകളും മൂടിവെയ്ക്കാൻ ഹോക്കി ഇന്ത്യ ഇനി വരാനിരിക്കുന്ന ഏഷ്യൻ ഗെയിംസിനെ ഒരു പ്രതിരോധമായി ഉയർത്തിക്കാട്ടുമെന്നും ശ്രീജേഷ് പറയുന്നു.
'ആരും വിഷമിക്കേണ്ട… ലോകകപ്പിന് ഇവിടെ ഒരു പ്രാധാന്യവുമില്ല. ഏഷ്യൻ ഗെയിംസ് വരുന്നുണ്ട്. അവിടെ ഒരു മെഡൽ നേടൂ. അതിനുശേഷം നമുക്ക് ലോസ് ആഞ്ചലീസ് ഒളിമ്പിക്സിനെ കുറിച്ച് സ്വപ്നം കണ്ടുതുടങ്ങാം. ലോകകപ്പിൽ സംഭവിച്ച പിഴവുകളെല്ലാം മറച്ചുവെയ്ക്കാൻ അത് മാത്രം മതിയല്ലോ.
വനിതാ ടീമിന്റെ ചീഫ് കോച്ച് ലോകകപ്പിന് തൊട്ടുമുമ്പ് അവധിയിലായിരുന്നു. എന്നിട്ടും ആ പെൺകുട്ടികൾ തങ്ങളുടെ സർവശക്തിയുമെടുത്ത് പോരാടുകയും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുകയും ചെയ്തു. അതിന്റെ ക്രെഡിറ്റ് ആ കളിക്കാർക്ക് മാത്രമാണ്. എന്നാൽ, ഇവിടെ എവിടെയാണ് അധികൃതരുടെ ഉത്തരവാദിത്തം? ഒരു പ്രധാന ടൂർണമെന്റിൽ അവസാനഘട്ട തയ്യാറെടുപ്പുകളിൽ ചീഫ് കോച്ച് കൂടെയില്ലാത്തതിനാൽ ഒരു ടീം എങ്ങനെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് നമ്മൾ പ്രതീക്ഷിക്കുന്നത്?
പുരുഷ ടീം ഒരു മികച്ച ടീമിനോട് പരാജയപ്പെട്ടാൽ 'ഇതൊരു പഠനാനുഭവമാണ്' എന്നാണ് പറയുക. ഏതെങ്കിലും ഒരു ഏഷ്യൻ ടീമിനെ തോൽപ്പിച്ചാൽ വലിയ വിജയമാണെന്നും പറയും. നന്നായി കളിച്ചാൽ മികച്ച പ്രകടനം എന്നും പറയും. എന്നാൽ ഇവിടെ ഉയരുന്ന ചോദ്യം ഇതാണ്, 'നമ്മൾ വെറുതെ നല്ല ഹോക്കി കളിക്കാൻ വേണ്ടിയാണോ ഒരു ടീമിനെ ഉണ്ടാക്കുന്നത്. അതോ ലോകത്തിലെ ഏറ്റവും മികച്ച ടീമുകൾക്കെതിരെ വിജയിക്കാൻ ശേഷിയുള്ള ഒരു ടീമിനെയാണോ വാർത്തെടുക്കുന്നത്?
'പഠനം, നല്ല ഹോക്കി, ഭാവിയിലെ ടൂർണമെന്റുകൾ എന്നീ വാക്കുകൾക്ക് പിന്നിൽ ഒളിച്ചിരിക്കുന്നത് നിർത്തുക. ലോകകപ്പ് ഒരു റിഹേഴ്സൽ അല്ല. അതൊരു ടൂർണമെന്റാണ്. ആരാണ് ഇതിനെ കുറിച്ച് ചോദ്യങ്ങൾ ചോദിക്കാൻ പോകുന്നത്? ആരാണ് ഉത്തരവാദിത്തം ഏറ്റെടുക്കുക? ഏറ്റവും പ്രധാനമായി ആർക്കെങ്കിലും യഥാർഥത്തിൽ ഇതിനോട് എന്തെങ്കിലും താത്പര്യമുണ്ടോ?'-ശ്രീജേഷ് ചോദിക്കുന്നു.
രണ്ടാം ഘട്ടത്തിൽ പൂൾ ഇയിലെ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടതോടെയാണ് ഇന്ത്യൻ പുരുഷ ടീം പുറത്തായത്. നെതർലൻഡ്സിനോട് ഒന്നെനിതെര മൂന്ന് ഗോളിന് പരാജയപ്പെട്ട ഇന്ത്യ അർജന്റീനയോടും തോറ്റു. ആദ്യ റൗണ്ടിൽ വെയ്ൽസിനേയും പാകിസ്താനേയും ഇന്ത്യ തോൽപ്പിച്ചു. എന്നാൽ ഇംഗ്ലണ്ടിനോട് പരാജയം സമ്മതിച്ചു.
എന്നാൽ ഇന്ത്യയുടെ വനിതാ ടീമിന് സെമി ഫൈനൽ നേരിയ വ്യത്യാസത്തിലാണ് നഷ്ടപ്പെട്ടത്. ആദ്യ റൗണ്ടിൽ കരുത്തരായ ചൈനയെ സമനിലയിൽ തളച്ച ഇന്ത്യൻ വനിതകൾ ദക്ഷിണാഫ്രിക്കയെ 6-1ന് തോൽപ്പിച്ചു. ഇംഗ്ലണ്ടിനെ ഗോൾരഹിത സമനിലയിലും പിടിച്ച് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. എന്നാൽ രണ്ടാം റൗണ്ടിൽ കരുത്തരായ നെതർലൻഡ്സിനോട് തോൽവി വഴങ്ങി. ഓസ്ട്രേലിയയോട് സമനിലയും പാലിച്ചതോടെ സെമിയിലെത്താതെ പുറത്തായി.
Content Highlights: PR Sreejesh criticized Hockey India for prioritizing the Asian Games over the Hockey World Cup., He slammed the women's team head coach for taking a vacation right before the World Cup., Sreejesh questioned the accountability and seriousness of sports authorities regarding international tournaments.