പദ്മഭൂഷൺ നേട്ടത്തിൽ പി.ആർ ശ്രീജേഷ്; ധ്യാൻചന്ദിനു ശേഷം നേട്ടം സ്വന്തമാക്കുന്ന ആദ്യ ഹോക്കി താരം

കൊച്ചി: കിഴക്കമ്പലത്തെ സ്‌കൂളില്‍ പഠിക്കുമ്പോള്‍ കായികമേളയില്‍ ഓട്ടത്തിന് സമ്മാനമായി ലഭിച്ച ഒരു കുഞ്ഞുട്രോഫി ഇപ്പോഴും ശ്രീജേഷിന്റെ വീട്ടിലെ ഷെല്‍ഫിലുണ്ട്. അതിനപ്പുറത്ത് ഒരുപിടി മണ്ണുനിറച്ച പഴയൊരു ടിന്നും അതിനേക്കാള്‍ മൂല്യത്തില്‍ ശ്രീ സൂക്ഷിച്ചിട്ടുണ്ട്. പശുവിനെ വിറ്റുകിട്ടിയ കാശുകൊണ്ട് അച്ഛന്‍ വാങ്ങിക്കൊടുത്ത ഹോക്കി സ്റ്റിക്കുമായി ശ്രീ ഹോക്കിയുടെ ബാലപാഠങ്ങള്‍ പഠിച്ച ജി.വി. രാജ സ്‌കൂളിലെ മണ്ണാണത്. തിളക്കംമങ്ങിയ ആ കുഞ്ഞുട്രോഫിയുടെയും ജീവശ്വാസംപോലെ പ്രിയപ്പെട്ടയിടത്തെ മണ്ണുനിറച്ച ടിന്നിന്റെയും അപ്പുറവും ഇപ്പുറവുമായി എണ്ണിയാലൊടുങ്ങാത്ത ട്രോഫികളും മെഡലുകളുമുണ്ട്. രണ്ട് ഒളിമ്പിക് മെഡലുകളും അര്‍ജുന പുരസ്‌കാരവും ഏഷ്യന്‍ ഗെയിംസ് മെഡലുമടക്കം എത്രയോ ഉന്നതനേട്ടങ്ങളുടെ സാക്ഷ്യപത്രങ്ങള്‍. അംഗീകാരങ്ങളുടെയും നേട്ടങ്ങളുടെയും കൊടുമുടികള്‍ എത്ര താണ്ടിയാലും കടന്നുവന്ന വഴികള്‍ മറക്കാത്ത ശ്രീജേഷിനെത്തേടി പദ്മഭൂഷണ്‍ എത്തുമ്പോഴും വിനയപൂര്‍വം അയാള്‍ പറയുന്നത് ഒന്നുമാത്രം... ''സന്തോഷം, അഭിമാനം... എല്ലാം രാജ്യത്തിന്റെ സമ്മാനം.''
ഹോക്കി ഇന്ത്യ ലീഗിന്റെ ഭാഗമായി ഒഡിഷയിലെ റൂര്‍ക്കേലയിലുള്ള ശ്രീജേഷ് അവിടെവെച്ചാണ് ഈ സന്തോഷവാര്‍ത്ത അറിയുന്നത്. ''ശനിയാഴ്ച രാവിലെ ഡല്‍ഹിയില്‍നിന്ന് വിളിച്ച് പുരസ്‌കാരത്തിന്റെ കാര്യം അറിയിച്ചപ്പോള്‍ പറഞ്ഞറിയിക്കാന്‍കഴിയാത്തത്ര വലിയ സന്തോഷത്തിലും അഭിമാനത്തിലുമായിരുന്നു ഞാന്‍. ധ്യാന്‍ചന്ദ്ജിക്കുശേഷം പത്മഭൂഷണ്‍ കിട്ടുന്ന ഹോക്കി താരം എന്നതാണ് എന്റെ ഏറ്റവും വലിയ അഭിമാനം. ഹോക്കിയില്‍നിന്ന് ഇത്ര വലിയ നേട്ടങ്ങള്‍ കൊയ്യാനാകുമെന്ന് രാജ്യം തെളിയിച്ച നിമിഷമാണിത്. വളര്‍ന്നുവരുന്ന തലമുറ ഹോക്കിയിലേക്ക് കൂടുതല്‍ ആകര്‍ഷിക്കപ്പെടാന്‍ എന്റെ പത്മഭൂഷണ്‍നേട്ടത്തിന് സാധിച്ചാല്‍ അതുതന്നെയാണ് ഏറ്റവും വലിയ സന്തോഷം. പിന്നിട്ട വഴികളിലെ കഷ്ടപ്പാടിനും അധ്വാനത്തിനുമൊക്കെ ലഭിച്ച അംഗീകാരംതന്നെയാണിത്.'' ഫോണിലൂടെ 'മാതൃഭൂമി'യുമായി സംസാരിക്കുമ്പോള്‍ അതീവ സന്തോഷത്തിലായിരുന്നു ശ്രീജേഷ്.
മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റനും രണ്ടുതവണ ഒളിമ്പിക് മെഡല്‍ നേടിയ കൊച്ചി സ്വദേശിയായ പി.ആര്‍. ശ്രീജേഷിന് അര്‍ഹതയ്ക്കുള്ള അംഗീകാരം തന്നെയാണ് ശനിയാഴ്ച രാവില്‍ അയാളെ തേടിയെത്തിയ പദ്മഭൂഷണ്‍. 2015-ല്‍ അര്‍ജുന പുരസ്‌കാരവും 2017-ല്‍ പദ്മശ്രീയും നല്‍കി രാജ്യം ആദരിച്ച പ്രതിഭയ്ക്ക് അതിനെക്കാള്‍ തിളക്കമുള്ള ബഹുമതിയുടെ ഒരധ്യായംകൂടി. ഇന്ത്യന്‍ ഹോക്കിയുടെ ചരിത്രത്തിലെത്തന്നെ മികച്ച ഗോളിമാരില്‍ ഒരാളായ ശ്രീജേഷ് 2020-ലെ ടോക്യോ ഒളിമ്പിക്സിലും 2024-ലെ പാരീസ് ഒളിമ്പിക്സിലും വെങ്കലമെഡല്‍ നേടിയ ഇന്ത്യന്‍ ടീമിന്റെ വിജയശില്‍പിയാണ്.
Content Highlights: Indian hockey legend PR Sreejesh awarded Padma Bhushan