തോളില്‍ തറച്ച അമ്പുമായി ഒരു ദിവസം; നീക്കം ചെയ്തത് 15 സെന്റീമീറ്റര്‍ നീളമുള്ള അമ്പിന്റെ കഷണം

ന്യൂഡല്‍ഹി: പരിശീലനത്തിനിടെ 12 വയസ്സുള്ള അമ്പെയ്ത്ത് താരത്തിന്റെ ചുമലില്‍ തുളച്ചുകയറിയ 15 സെന്റീമീറ്റര്‍ നീളമുള്ള അമ്പിന്റെ കഷണം ശസ്ത്രക്രിയയിലൂടെ നീക്കംചെയ്തു. ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നടന്ന ശസ്ത്രക്രിയയിലാണ് ഇരുമ്പുകഷണം നീക്കംചെയ്തത്.
അസംകാരിയായ ശിവാംഗിനി ഗോഹൈനിന്റെ തോളിലാണ് മറ്റൊരു താരത്തിന്റെ അമ്പ് തുളച്ചുകയറിയത്. മൂന്നരമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ സങ്കീര്‍ണമായിരുന്നെന്നും നില ഭേദപ്പെട്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. തോളെല്ലിലൂടെ തുളച്ചുകയറിയ അമ്പ് കഴുത്തിനും ശ്വാസകോശത്തിനും പരിക്കേല്‍പ്പിച്ചു. തലച്ചോറിലേക്ക് രക്തമെത്തിക്കുന്ന ധമനിയെയും ബാധിച്ചു. തോളില്‍ അമ്പ് തറച്ച് ഒരു ദിവസത്തിനു ശേഷമാണ് അത് നീക്കംചെയ്യാനായത്.
അസമിലെ ദിബ്രുഗഡ് ജില്ലയിലെ ചാബുവയില്‍ സ്‌പോര്‍ട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (സായ്) നിയന്ത്രണത്തിലുള്ള ദക്ഷാദേവി രാസിവാസിയ കോളേജിലെ പരിശീലനകേന്ദ്രത്തില്‍വെച്ച് ബുധനാഴ്ച വൈകീട്ടായിരുന്നു അപകടം. ആണ്‍കുട്ടികളില്‍ ഒരാള്‍ തൊടുത്ത അമ്പാണ് അബദ്ധത്തില്‍ ശിവാംഗിനിയുടെ തോളില്‍ തറച്ചുകയറിയത്. പിന്നീട് വ്യാഴാഴ്ച രാവിലെയാണ് കുട്ടിയെ ദിബ്രുഗഡിലെ മെഡിക്കല്‍ കോളജിലെത്തിച്ചത്. അമ്പ് നീക്കം ചെയ്യാന്‍ കഴിയില്ലെന്നു ബോധ്യപ്പെട്ടതോടെ വ്യാഴം രാത്രിയില്‍ വ്യോമമാര്‍ഗം കുട്ടിയെ ന്യൂഡല്‍ഹി എയിംസിലേക്കു കൊണ്ടുപോകുകയായിരുന്നു.
Content Highlights: pierced arrow removed from 12-year-old archer's shoulder
Content Highlights: