വിവാഹസാധനങ്ങൾ വാങ്ങാനെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി, ബോക്സിങ് താരം റോഡരികിൽ മരിച്ച നിലയിൽ; കൊലപാതകമെന്ന് സംശയം

#സ്പോർട്സ് ഡെസ്ക്
മമ്തശ | x.com
മമ്തശ | x.com

കാൺപുർ: ഉത്തർപ്രദേശിൽ യുവ വനിതാ ബോക്സിങ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തി. ദേശീയ തലത്തിലടക്കം മത്സരിച്ചിട്ടുള്ള മമ്തശ എന്ന 24-കാരിയാണ് മരിച്ചത്. കഴിഞ്ഞദിവസം കാൺപുർ-പ്രയാഗ്‌രാജ് ദേശീയപാതയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊലപാതകമാണെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

നവംബർ അഞ്ചാം തീയതി ഉച്ചയ്ക്ക് 12.30 ഓടെയാണ് യുവതി വീട്ടിൽ നിന്ന് ഇറങ്ങിയത്. ബന്ധുവിന്റെ വിവാഹത്തോടനുബന്ധിച്ച് സാധനങ്ങൾ വാങ്ങാൻ ലാൽ ബംഗ്ലയിലേക്ക് പോകുകയാണെന്നാണ് വീട്ടുകാരോട് പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് യുവതി വീട്ടിൽ തിരിച്ചെത്തിയില്ല. വൈകുന്നേരം കുടുംബാംഗങ്ങൾ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്യപ്പെട്ട നിലയിലായിരുന്നു. അതിന് പിന്നാലെയാണ് ദേശീയ പാതയ്ക്ക് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തുന്നത്.

മഹാരാജ്പുർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ കാൺപുർ-പ്രയാഗ്‌രാജ് ദേശീയപാതയ്ക്ക് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ വീട്ടിൽ നിന്ന് 50 കിലോമീറ്ററോളം ദൂരെയാണിത്. ആദ്യ ഘട്ടത്തിൽ യുവതിയുടെ മൃതദേഹം തിരിച്ചറിയാനായിരുന്നില്ല. യുവതിയെ കാണാനില്ലെന്ന് കാണിച്ച് കുടുംബം നേരത്തേ നൽകിയ പരാതിയുടെ പശ്ചാത്തലത്തിൽ വിശദമായി അന്വേഷണം നടത്തിയ ഘട്ടത്തിലാണ് മരിച്ചത് മമ്തശ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിക്കുന്നത്.

അതേസമയം മമ്തശയുടെ ഫോണും വസ്ത്രങ്ങളും കാണാനില്ലെന്നാണ് യുവതിയുടെ മാതാവ് പറയുന്നത്. സംഭവം കൊലപാതകമാണെന്നും യുവതിയുടെ സുഹൃത്തായ യുവാവിനെ സംശയിക്കുന്നതായും അവർ പറയുന്നു. യുവതിയുടെ ഫോൺ വിവരങ്ങളടക്കം ശേഖരിച്ച് അന്വേഷണം തുടരുകയാണ് പോലീസ്. ദേശീയ തലത്തിലടക്കം മത്സരിച്ച് സ്വർണം നേടിയിട്ടുള്ള ബോക്സിങ് താരമാണ് മമ്തശ.

Content Highlights: 24-year-old national-level boxer found dead on Kanpur-Prayagraj highway