ആരാധകരുടെ 'തല'യ്ക്ക് ഇന്ന് 43-ാം ജന്മദിനം; കേക്ക് മുറിച്ച് ആഘോഷിച്ച് ധോനി, അതിഥിയായി സല്‍മാന്‍

റാഞ്ചി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം.എസ് ധോനിക്ക് ഞായറാഴ്ച 43-ാം ജന്മദിനം. ബോളിവുഡ് താരം സല്‍മാന്‍ ഖാനെ സാക്ഷിയാക്കി ഭാര്യ സാക്ഷിക്കൊപ്പം പിറന്നാള്‍ കേക്ക് മുറിക്കുന്ന ധോനിയുടെ ചിത്രങ്ങള്‍ പുറത്തുവന്നു.
നിലവില്‍ മുംബൈയില്‍ അനന്ത് അംബാനിയുടെയും രാധികാ മര്‍ച്ചന്റിന്റെയും വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കുകയാണ് ധോനി. അതിനാല്‍ ഇത്തവണ പിറന്നാള്‍ ആഘോഷം മുംബൈയിലായിരുന്നു. 2024 ഐപിഎല്ലിനു ശേഷം യൂറോപ്പില്‍ യാത്രയിലായിരുന്നു ധോനി. അടുത്തിടെയാണ് തന്റെ 15-ാം വിവാഹ വാര്‍ഷികം അദ്ദേഹം ആഘോഷിച്ചത്.
1981 ജൂലായ് ഏഴിന് റാഞ്ചിയില്‍ ജനിച്ച ധോനി, പില്‍ക്കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റിനെ നേട്ടങ്ങളില്‍ നിന്ന് നേട്ടങ്ങളിലേക്ക് നയിച്ച നായകനായി. 2007-ലെ ടി20 ലോകകപ്പ്, 2011 ഏകദിന ലോകകപ്പ്, 2013 ഐസിസി ചാമ്പ്യന്‍സ് ട്രോഫി എന്നിവ ഇന്ത്യ നേടിയത് ധോനിയുടെ നേതൃത്വത്തിലായിരുന്നു. പിന്നീട് 13 വര്‍ഷക്കാലത്തോളം ഇന്ത്യയ്ക്ക് ഐസിസി ട്രോഫികള്‍ ഒന്നും തന്നെ നേടാന്‍ സാധിച്ചിരുന്നില്ല. ഒടുവില്‍ ഇത്തവണ ടി20 ലോകകപ്പ് കിരീടം നേടി രോഹിത് ശര്‍മയും സംഘവുമാണ് ആ കിരീടവരള്‍ച്ച അവസാനിപ്പിച്ചത്.
2020 ഓഗസ്റ്റ് 15-ന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ശേഷം ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ജേഴ്‌സിയില്‍ മാത്രമാണ് ധോനി കളച്ചത്. ഇത്തവണ ഐപിഎല്ലില്‍ ചെന്നൈയുടെ ക്യാപ്റ്റന്‍സ്ഥാനവും അദ്ദേഹം ഒഴിഞ്ഞിരുന്നു.
ഐ.സി.സിയുടെ മൂന്ന് പ്രധാന ട്രോഫികളും നേടിയ ഏക ക്യാപ്റ്റനെന്ന നേട്ടം ഇന്നും ധോനിക്ക് മാത്രം സ്വന്തമാണ്. 2004-ല്‍ ബംഗ്ലാദേശിനെതിരേ അരങ്ങേറ്റം കുറിച്ച ധോനി പിന്നീട് ഇന്ത്യകണ്ട എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരുടെ നിരയിലേക്ക് വളര്‍ന്നു. 350 ഏകദിനങ്ങള്‍ കളിച്ച അദ്ദേഹം 50.57 ശരാശരിയില്‍ 10773 റണ്‍ നേടിയിട്ടുണ്ട്. 10 സെഞ്ചുറികളും 73 അര്‍ധ സെഞ്ചുറികളും പേരിലുണ്ട്. 98 ട്വന്റി-20 മത്സരങ്ങളില്‍ നിന്നായി 37.60 ശരാശരിയില്‍ 1617 റണ്‍സ് നേടി. രണ്ട് അര്‍ധ സെഞ്ചുറികളും ഇതില്‍ ഉള്‍പ്പെടുന്നു.
Content Highlights: ms dhoni celebrated his 43rd birthday with wife sakshi