'ഷൂമാക്കർ ബെൻസോടിച്ചു'; കേട്ടുപരിചയിച്ച ശബ്ദംകൊണ്ട് തലച്ചോർ ഉത്തേജിപ്പിക്കാൻ ശ്രമമെന്ന് റിപ്പോർട്ട്

Photo: AP
Photo: AP

ജനീവ: കരയിലൂടെ ഏറ്റവും വേഗത്തില്‍ സഞ്ചരിച്ച മനുഷ്യന്റെ- ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കല്‍ ഷൂമാക്കറിന്റെ- ജീവിതം മാറ്റിമറിച്ച ദിവസത്തിന്റെ പത്താംവാര്‍ഷികമാണിന്ന്. 2013 ഡിസംബര്‍ 29-നായിരുന്ന ആ അപകടം. 

ഫ്രാന്‍സിലെ ആല്‍പ്‌സ് പര്‍വതനിരയിലെ മഞ്ഞുപാളികളില്‍ മകന്‍ മൈക്കിനൊപ്പം സ്‌കീയിങ് നടത്തുകയായിരുന്നു ഷൂമാക്കർ. പര്‍വതമിറങ്ങവേ നിയന്ത്രണംവിട്ട് വീണ ഷൂമാക്കറുടെ തല പാറയിലിടിച്ചു. ഹെല്‍മറ്റുണ്ടായിരുന്നെങ്കിലും ഇടിയുടെ ആഘാതത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റു. തുടര്‍ന്ന് ബോധം പോലുമില്ലാത്ത ആറ് മാസങ്ങള്‍, നിരന്തര ശസ്ത്രക്രിയകള്‍, സ്വിറ്റ്‌സര്‍ലന്‍ഡിലെ കടുത്ത ആശുപത്രിവാസം...

ഷൂമാക്കറുടെ ആരോഗ്യം സംബന്ധിച്ചുള്ള നില അത്ര കൃത്യമായി പുറത്തുവരാറില്ല. കുടുംബം അത് രഹസ്യമായി സൂക്ഷിക്കുകയാണ് പതിവ്. നിലവില്‍ ആരോഗ്യവിദഗ്ധരുടെയും ഭാര്യ കൊറീനയുടെയും കര്‍ശന നിരീക്ഷണത്തില്‍ വീട്ടില്‍ കഴിയുകയാണ് ഷൂമാക്കര്‍. 

ഷൂമാക്കര്‍ പത്തുവര്‍ഷങ്ങള്‍ക്കുശേഷം ഇപ്പോള്‍ മെഴ്‌സിഡസ് ബെന്‍സോടിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജര്‍മന്‍ പ്രസിദ്ധീകരണമായ BILD ആണ് ഷൂമാക്കറുടെ നിലവിലെ ദിനചര്യ സംബന്ധിച്ച റിപ്പോര്‍ട്ട് ആദ്യം പുറത്തുവിട്ടത്. പരിചിതമായ ശബ്ദങ്ങള്‍ കേള്‍പ്പിച്ച് തലച്ചോറിനെ ഉത്തേജിപ്പിക്കാനായാണ് ബെന്‍സ് ഓടിക്കുന്നതെന്നാണ് വിവരം. 

മെഴ്‌സിഡസ് എ.എം.ജി. കാറാണ് ഓടിക്കുന്നത്. ഫോര്‍മുല വണ്‍ ഏഴുതവണ ചാമ്പ്യനായ താരമായ ഷൂമാക്കര്‍ നീണ്ട 20 കൊല്ലക്കാലമാണ് ആ രംഗത്തുണ്ടായിരുന്നത്. അതിനാല്‍ ആ ശബ്ദങ്ങള്‍ പരിചയിക്കുന്നതുവഴി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്താനാവുമെന്ന പ്രതീക്ഷയിലാണ് കുടുംബം. പതിനഞ്ചോളം ഡോക്ടര്‍മാരുടെ ചികിത്സയിലാണ് ഷൂമാക്കര്‍. 24 മണിക്കൂറും പരിചരണം നല്‍കുന്നുണ്ട്.  

2013-ലെ അപകടത്തിനുശേഷം ഷൂമാക്കറേക്കുറിച്ച് കേട്ടതിലേറെയും കഥകളായിരുന്നു. എഴുന്നേല്‍ക്കാനാകില്ലെന്നും സംസാരിക്കുന്നുണ്ടെന്നും ബോധമുണ്ടെന്നും ഇല്ലെന്നുമുള്ള വാര്‍ത്തകള്‍ പ്രചരിച്ചു. എന്നാല്‍, ഇതൊന്നും കുടുംബം സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല.

Content Highlights: michael schumacher driven in mercedes amg car to stimulate brain, report