മെസ്സിയുടെ സന്ദര്‍ശനത്തിനിടെ സ്റ്റേഡിയത്തിലെ സംഘര്‍ഷം; റിപ്പോര്‍ട്ട് കേന്ദ്രത്തിന് നല്‍കുമെന്ന് ബംഗാള്‍ ഗവര്‍ണര്‍

#സ്‌പോര്‍ട്‌സ് ഡെസ്‌ക്‌
Photo: ANI
Photo: ANI

ന്യൂഡല്‍ഹി: ലയണല്‍ മെസ്സിയുടെ സന്ദര്‍ശനവുമായി ബന്ധപ്പെട്ട് ഡിസംബര്‍ 13-ന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘര്‍ഷത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കായിക മന്ത്രാലയത്തിനും നല്‍കുമെന്ന് ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് അറിയിച്ചു.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ബംഗാള്‍ കായികമന്ത്രി അരൂപ് ബിശ്വാസ് രാജിവെച്ചതായ വിവരം അറിഞ്ഞിട്ടുണ്ട്. ഔദ്യോഗികമായി തന്റെ കൈവശമെത്തിയിട്ടില്ല. മന്ത്രി രാജിവെക്കണമെന്ന ആവശ്യം ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. സംഭവത്തില്‍ മറ്റ്ചിലര്‍ക്കും പങ്കുണ്ടെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഉത്തരവാദികളായ എല്ലാവര്‍ക്കുമെതിരേ നടപടി വേണം. ജനങ്ങളില്‍നിന്ന് പിരിച്ച പണം തിരിച്ചുകൊടുക്കണം. സി.വി. ആനന്ദബോസ് പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബംഗാളില്‍ മുഖ്യമന്ത്രിയെ സര്‍വകലാശാലകളുടെ ചാന്‍സലറാക്കാന്‍ ഉദ്ദേശിച്ചുള്ള ബംഗാള്‍ സര്‍വകലാശാല നിയമഭേദഗതി ബില്ലിന് രാഷ്ട്രപതി ദ്രൗപദി മുര്‍മു അനുമതി നിഷേധിച്ചതായി ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം പറഞ്ഞു. നിലവിലെ നിയമം അനുസരിച്ചും യുജിസി ചട്ടപ്രകാരവും വിസി നിയമനം ചാന്‍സലറുടെ അധികാരമാണ്. ബംഗാളില്‍ ജസ്റ്റിസ് യു.യു. ലളിത് സമിതി നല്‍കിയ ചില പേരുകളില്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. ഇക്കാര്യം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്നും സി.വി. ആനന്ദബോസ് പറഞ്ഞു.

Content Highlights: Bengal Governor to submit a report to the central government regarding the Salt Lake Stadium clash during Lionel Messi`s visit. Demands action against all responsible.