വിമാനത്തില്‍ വെള്ളമെന്നു കരുതി ദ്രാവകം കുടിച്ച സംഭവം; പോലീസില്‍ പരാതി നല്‍കി മായങ്ക് അഗര്‍വാള്‍

ന്യൂഡല്‍ഹി: വിമാനത്തില്‍വെച്ച് വെള്ളമെന്ന് കരുതി ഒരു പൗച്ചിലെ ദ്രാവകം കുടിച്ച് ആശുപത്രിയിലായ സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കി ഇന്ത്യന്‍ ക്രിക്കറ്റ് താരം മായങ്ക് അഗര്‍വാള്‍.
രഞ്ജി ട്രോഫി മത്സരത്തിനു ശേഷം ചൊവ്വാഴ്ച ത്രിപുരയില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തില്‍വെച്ചായിരുന്നു സംഭവം. വിമാനത്തില്‍വെച്ച് മുന്‍പില്‍ ഒരു പൗച്ച് കാണുകയും വെള്ളമാണെന്ന് തെറ്റിദ്ധരിച്ച് താരം അതെടുത്ത് കുടിക്കുകയുമായിരുന്നുവെന്ന് ത്രിപുര ആരോഗ്യ സെക്രട്ടറി കിരണ്‍ ഗിറ്റെ അറിയിച്ചു. തുടര്‍ന്ന് വായില്‍ പൊള്ളലേല്‍ക്കുകയും തൊണ്ടയില്‍ അസ്വസ്ഥതകള്‍ അനുഭവപ്പെടുകയും ചെയ്തു. ഛര്‍ദിയും അനുഭവപ്പെട്ടതോടെ ഉടന്‍ അഗര്‍ത്തലയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
പിന്നാലെ മായങ്കിന്റെ മാനേജരാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയത്. അതേസമയം താരത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്നും മാനേജര്‍ പറഞ്ഞു. സംഭവത്തില്‍ ഗൂഢാലോചനയുണ്ടോ, സീറ്റില്‍ ആരെങ്കിലും മനഃപൂര്‍വം വെള്ളത്തിന്റെ പൗച്ച് കൊണ്ടുപോയി ഇട്ടതാണോ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന പരാതിയിലാണ് ന്യൂ ക്യാപിറ്റല്‍ കോംപ്ലെക്‌സ് പൊലീസ് അന്വഷണം ആരംഭിച്ചതെന്ന് ത്രിപുര വെസ്റ്റ് എസ്പി കിരണ്‍ കുമാര്‍ പറഞ്ഞു.
പോലീസ്, മായങ്കിന്റെ പരാതി സ്വീകരിച്ചിട്ടുണ്ടെന്നും സംഭവിച്ചതെന്തെന്ന് തങ്ങള്‍ അന്വേഷിക്കുമെന്നും ആരോഗ്യ സെക്രട്ടറി കിരണ്‍ ഗിറ്റെ വ്യക്തമാക്കി. മായങ്ക് ബുധനാഴ്ച ബെംഗളൂരുവിലേക്ക് പോകുമെന്നും അതിനിടയില്‍, അഗര്‍ത്തലയില്‍ ലഭ്യമായ മികച്ച ചികിത്സ തന്നെ തങ്ങള്‍ അദ്ദേഹത്തിന് നല്‍കുമെന്നും ഗിറ്റെ കൂട്ടിച്ചേര്‍ത്തു.
Content Highlights: mayank agarwal files police complaint after drinking poisonous liquid in flight