ജേതാക്കൾ എന്നു പറഞ്ഞിട്ടെന്താ, ജില്ലാ സ്കൂൾ കായികമേള നടത്താൻ മലപ്പുറത്തുകാർക്ക് പാലക്കാട്ട് പോകണം

#മിഥുൻ ഭാസ്‌കർ
തകർന്ന സിന്തറ്റിക് ട്രാക്ക്
തകർന്ന സിന്തറ്റിക് ട്രാക്ക്

മലപ്പുറം: സംസ്ഥാന സ്‌കൂൾ കായികമേളയിലെ കഴിഞ്ഞവർഷത്തെ ജേതാക്കൾ. കായികമന്ത്രിയുടെ ജില്ല. പക്ഷേ, പറഞ്ഞിട്ടെന്തു കാര്യം, നല്ലൊരു സിന്തറ്റിക് ട്രാക്കുപോലുമില്ല മലപ്പുറത്തിന്. അതിന്റെ ഫലമോ ജില്ലാ സ്‌കൂൾ കായികമേള പാലക്കാട്ടേക്ക് മാറ്റിയിരിക്കുകയാണ് വിദ്യാഭ്യാസ വകുപ്പ്. ബുധനാഴ്ച മലപ്പുറത്തുചേർന്ന ജില്ലാ സ്‌കൂൾ കായികമേള സ്വാഗതസംഘം യോഗത്തിലാണ് പാലക്കാട്ട്‌ നടത്താൻ തീരുമാനമായത്.

17 മുതൽ 19 വരെ പാലക്കാട് ചാത്തന്നൂർ ജിഎച്ച്എസ്എസിലാണ് മത്സരങ്ങൾ. 14 മുതൽ 16 വരെ ഇതേ സ്‌കൂളിലാണ് പാലക്കാട് ജില്ലാ കായികമേളയും. ആദ്യമായാണ് മലപ്പുറം ജില്ലാ കായികമേള മറ്റൊരു ജില്ലയിൽ നടത്തുന്നത്. മലപ്പുറത്തെ അത്‌ലറ്റിക് മത്സരങ്ങളുടെ സ്ഥിരം വേദി കാലിക്കറ്റ് സർവകലാശാലാ സ്റ്റേഡിയമായിരുന്നു. അവിടത്തെ സിന്തറ്റിക് ട്രാക്ക് പൊട്ടിപ്പൊളിഞ്ഞതാണ് മറ്റൊരു വേദി തിരഞ്ഞെടുക്കാൻ കാരണം.

ട്രാക്ക് നന്നാക്കാനായി ടെൻഡർ വിളിക്കാൻ കായികവിഭാഗം, എൻജിനിയറിങ് വിഭാഗത്തിന് കത്തുനൽകി മാസങ്ങൾ പിന്നിട്ടിട്ടും അനക്കമൊന്നുമില്ല. ഇതാണ് കാലിക്കറ്റിലെ ട്രാക്ക് ഇതുവരെയും ശരിയാകാത്തതിനു കാരണം. ട്രാക്ക് മത്സരയോഗ്യമല്ലെന്നു ചൂണ്ടിക്കാട്ടി മേളയ്ക്കുള്ള അനുമതി കായികവിഭാഗം നിഷേധിച്ചിരുന്നു.

കാലിക്കറ്റ് സർവകലാശാലയ്ക്കുപുറമേ തിരൂർ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലും നിലമ്പൂർ മാനവേദൻ സ്‌കൂളിലുമാണ് നിലവിൽ 400 മീറ്റർ ട്രാക്കുള്ളത്. തിരൂരിലെ ട്രാക്ക് ശരിയായ നവീകരണം ഇല്ലാത്തതുകൊണ്ട് നശിച്ചിരിക്കുകയാണ്.

തിരൂർ ഉപജില്ലാ കായികമേളയും പാലക്കാട്ടാണ് നടത്തിയത്.

നിലമ്പൂർ മാനവേദനിൽ ആറു ലൈൻ സിന്തറ്റിക് ട്രാക്കുണ്ട്. പക്ഷേ, ആറാമത്തെ ട്രാക്കിൽ 100 മീറ്ററിനുശേഷം വലിയ കുഴികളാണ്. ത്രോ മത്സരങ്ങൾക്കും മൈതാനം യോഗ്യമല്ല.സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കുന്ന മലപ്പുറത്താണ് ഒരു കായികമേള നടത്താൻ ട്രാക്കില്ലാത്ത അവസ്ഥ. 21 മുതൽ 28 വരെ തിരുവനന്തപുരത്താണ് സംസ്ഥാന സ്‌കൂൾ കായികമേള.

സ്‌കൂൾ കായികമേളയിൽ കഴിഞ്ഞവർഷത്തെ സംസ്ഥാന ചാമ്പ്യന്മാരായ മലപ്പുറം ജില്ലയ്ക്ക് മത്സരം നടത്താൻ ട്രാക്കില്ല

മലപ്പുറത്തിന് ഇതുപോരാ

മലപ്പുറത്തിന്‌ ഇനിയെന്തൊക്കെ വേണം എന്ന ചോദ്യമുള്ള കടലാസിലേക്ക് ഒരു വരികൂടി ചേർന്നു. മലപ്പുറത്തിനു വേണം, 400 മീറ്ററുള്ള സിന്തറ്റിക് ട്രാക്ക്. കഴിഞ്ഞ 10 വർഷമായി ജില്ലാ സ്‌കൂൾ കായികമേള നടന്നത് കാലിക്കറ്റ് സർവകലാശാലാ സിന്തറ്റിക് ട്രാക്കിലാണ്. അതുവരെ ചെമ്മണ്ണുള്ള മൈതാനത്ത്‌ ഓടിത്തളർന്ന മലപ്പുറത്തിന്‌ സിന്തറ്റിക് ട്രാക്ക് കിട്ടിയപ്പോൾ പുതിയ വന്ദേഭാരത് തീവണ്ടി കിട്ടിയ സന്തോഷമായിരുന്നു. അതിന്റെ ഫലമാണ് കഴിഞ്ഞ രണ്ടുവർഷമായി സംസ്ഥാന സ്‌കൂൾ കായികമേളയിലെ ചാമ്പ്യൻപട്ടം.

ഇപ്പോൾ കഥ മാറി. പ്രായം കൂടിയപ്പോൾ സർവകലാശാലയിലെ ട്രാക്കിന്‌ വിള്ളലുകളും കുഴികളും വന്നു. ജില്ലാ സ്‌കൂൾ കായികമേളയ്ക്ക്‌ മറിച്ചൊരു ട്രാക്ക് അന്വേഷിച്ചപ്പോഴാണ് ജില്ലയിലെ സ്ഥിതി വിദ്യാഭ്യാസവകുപ്പിനും മനസ്സിലായത്. കാലിക്കറ്റ് സർവകലാശാലയ്ക്കു പുറമെ തിരൂർ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലും നിലമ്പൂർ മാനവേദൻ സ്‌കൂളിലുമാണ് സിന്തറ്റിക് ട്രാക്കുള്ളത്. രണ്ടിടത്തും മത്സരം നടത്താനാവാത്ത സ്ഥിതി. ഇനിയെന്തു ചെയ്യുമെന്ന് വിദ്യാഭ്യാസവകുപ്പ് ആലോചിച്ചപ്പോഴാണ് തിരൂർ ഉപജില്ലാ മത്സരം നടന്ന പാലക്കാട് ചാത്തന്നൂർ ജിഎച്ച്എസ്എസ് പട്ടികയിലെത്തിയത്.

കാലിക്കറ്റിലെ ട്രാക്ക് അടുത്തവർഷം ശരിയാകുമായിരിക്കാം. പക്ഷേ, രണ്ടാമതൊരു ട്രാക്ക് ഇല്ലെങ്കിൽ വരുംവർഷങ്ങളിലും അയൽജില്ലകളെ ആശ്രയിക്കേണ്ട ഗതികേടിൽ മലപ്പുറമെത്തും.

വിശദീകരിച്ച് ഡിഡിഇ

മലപ്പുറത്തു ചേർന്ന ജില്ലാ സ്‌കൂൾ കായികമേള സ്വാഗതസംഘം യോഗത്തിലാണ് ചാത്തന്നൂരിൽ മത്സരം നടത്താൻ തീരുമാനമായത്. ഡിഡിഇ പി.വി. റഫീഖ് ചാത്തന്നൂരിലേക്ക് മത്സരം മാറ്റേണ്ടതിന്റെ ആവശ്യം അറിയിച്ചാണ് യോഗം തുടങ്ങിയത്. തിരൂർ, നിലമ്പൂർ ട്രാക്കുകൾ പരിശോധിച്ചെങ്കിലും യോഗ്യമല്ലെന്നു കണ്ടെത്തി. മലപ്പുറത്തുതന്നെ നടത്തണമെന്ന് ആഗ്രഹിച്ചാൽ കുട്ടികൾക്കു പരിക്കേൽക്കാൻ സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ കളങ്കമാകും.

സംസ്ഥാന കായികമേളയിൽ ആദ്യ രണ്ടുസ്ഥാനങ്ങളിലെത്തിയ ഐഡിയൽ കടകശ്ശേരി, നാവാമുകുന്ദ എച്ച്എസ്എസ് തിരുനാവായ തുടങ്ങിയ സ്‌കൂളുകൾക്കടുത്താണ് ചാത്തന്നൂർ. ആഴ്‌ചയിൽ രണ്ടുദിവസം ചാത്തന്നൂർ സ്‌കൂളിലാണ് ഈ രണ്ടു സ്‌കൂളുകളും പരിശീലനം നടത്തുന്നത്. പെരിന്തൽമണ്ണയ്ക്കടുത്തുള്ള സ്‌കൂളുകൾക്കും യാത്ര എളുപ്പമാണ്. 25 ഏക്കർ വലുപ്പമുണ്ട് സ്‌കൂളിന്. ഗാലറി സൗകര്യത്തിൽ മാത്രമാണ് കുറവ്. ഇത്തരം കാര്യങ്ങളെല്ലാം യോഗത്തിൽ വിവരിച്ചു. മേളയുടെ ജനറൽ കൺവീനറായി ഡിഡിഇ പി.വി. റഫീഖിനെയും കോഡിനേറ്ററായി എസ്. സന്ദീപിനെയും തിരഞ്ഞെടുത്തു. കെഎസ്ടിയു പ്രോഗ്രാം കമ്മിറ്റിയും കെഎസ്ടിഎ ഭക്ഷണത്തിന്റെ ചുമതലയും ഏറ്റെടുത്തു.

യാത്ര പ്രശ്‌നമാണ്

പങ്കെടുക്കുന്ന സ്‌കൂളുകൾ ചെലവ് സ്വന്തം പോക്കറ്റിൽനിന്നു വഹിക്കണം. ജില്ലാ ആസ്ഥാനത്തുനിന്ന് 50 കിലോമീറ്ററുണ്ട് ചാത്തന്നൂരിലേക്ക്. പരപ്പനങ്ങാടി, കൊണ്ടോട്ടി, നിലമ്പൂർ, എടവണ്ണ, വണ്ടൂർ, പൊന്നാനി തുടങ്ങിയ ഭാഗങ്ങളിലുള്ളവർക്കും യാത്ര പ്രയാസകരമാകും.

വേണം ട്രാക്കുകൾ

വലിയ ചെലവാണ് സിന്തറ്റിക് ട്രാക്ക് പരിപാലിക്കാൻ. അഞ്ചുകോടിയോളം വരും 400 മീറ്റർ ട്രാക്ക് പണിയാൻ. അഞ്ചുവർഷമാണ് കാലാവധി. സർക്കാർ സംവിധാനങ്ങൾ ഇത്തരം ട്രാക്കുകൾ നിർമിച്ചാലേ കായികമേഖല വളരൂ. തവനൂർ മണ്ഡലത്തിൽ നല്ല സിന്തറ്റിക് ട്രാക്ക് ഇല്ലാത്തതിന്റെ ബുദ്ധിമുട്ടുണ്ട്. സംസ്ഥാന, ദേശീയ ചാമ്പ്യൻഷിപ്പുകളിൽ തുടർച്ചയായി ഈ മണ്ഡലത്തിൽനിന്ന് കുട്ടികൾ പങ്കെടുക്കുന്നുണ്ട് -ഷാഫി അമ്മായത്ത്, കായികവിഭാഗം മേധാവി, ഐഡിയൽ സ്‌കൂൾ കടകശ്ശേരി

തിരൂരിനു വേണം ട്രാക്ക്

തിരൂർ സ്റ്റേഡിയത്തിൽ മികച്ച സിന്തറ്റിക് ട്രാക്ക് വന്നാലാണ് കുട്ടികൾക്ക് ഗുണകരമാകുക. നശിച്ചുപോയ ട്രാക്ക് ഇപ്പോൾ നവീകരിക്കാനുള്ള ശ്രമത്തിലാണ്. 400 മീറ്ററിന്റെ എട്ടു ലൈൻ ട്രാക്ക് തിരൂരിൽ പണിയണം. അടുത്ത പ്രദേശങ്ങളിൽ മികച്ച ട്രാക്കുകൾ ഇല്ലാത്തതുകൊണ്ട് വലിയ സാമ്പത്തികച്ചെലവുണ്ട്. ചാത്തന്നൂരിലേക്ക് കായികമേള മാറ്റിയതുകൊണ്ട് പ്രശ്‌നമൊന്നുമില്ല. നല്ല ട്രാക്കാണ് അവിടെ -കെ. ഗിരീഷ്, കായികാധ്യാപകൻ, നാവാമുകുന്ദ എച്ച്എസ്എസ് തിരുനാവായ

Content Highlights: Malappuram's Athletic Arena Crisis: State Champions Forced to Relocate District Meet