റസ്റ്ററന്റിലെ നാപ്കിനിലുള്ള ഇന്ത്യൻ ഭൂപടത്തിൽ നോർത്ത് ഈസ്റ്റും കശ്മീരുമില്ല; വിമർശിച്ച് ലവ്‌ലിന

ലവ്‌ലിന | Photo: PTI
ലവ്‌ലിന | Photo: PTI

ഗ്ലാസ്‌ഗോ: സ്‌കോട്‌ലൻഡിലെ റസ്റ്ററന്റിൽ നിന്ന് ലഭിച്ച നാപ്കിനിൽ ഇന്ത്യയുടെ അപൂർണമായ ഭൂപടം നൽകിയതിനെതിരെ വിമർശനവുമായി ബോക്‌സിങ് താരം ലവ്‌ലിന ബോർഗോഹെയ്ൻ. കോമൺവെൽത്ത് ഗെയിംസിൽ ഏഴ് സ്വർണവും മൂന്ന് വെള്ളിയും ഉൾപ്പെടെ 10 മെഡലുകൾ നേടിയ ഇന്ത്യയുടെ ബോക്‌സിങ് സംഘത്തിന് 'മിസ്റ്റർ സിങ്‌സ് ഇന്ത്യ' എന്ന ഹോട്ടലിൽ വിരുന്ന് ഒരുക്കിയിരുന്നു. ഇതിനിടയിലാണ് വടക്കു കിഴക്കൻ സംസ്ഥാനങ്ങളും കശ്മീരിന്റെ ഭാഗങ്ങളുമില്ലാത്ത നാപ്കിൻ ലവ്‌ലിനയുടെ ശ്രദ്ധയിൽപെട്ടത്.

'ഈ നാപ്കിനിലെ ഭൂപടത്തിൽ ഞങ്ങളുടെ നോർത്ത് ഈസ്റ്റ് കാണാനില്ല. ഇന്ത്യയുടെ എല്ലാ ഭാഗങ്ങളും പ്രധാനപ്പെട്ടതാണ്. അതെല്ലാം ഈ ഭൂപടത്തിൽ ഉണ്ടായിരിക്കണം'-നാപ്കിൻ ഉയർത്തിക്കാണിച്ച് ലവ്‌ലിന വ്യക്തമാക്കി. നാപ്കിനിൽ കശ്മീരിന്റെ ഭാഗങ്ങളുമില്ലെന്ന് ബോക്‌സിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് അജയ് സിങ്ങും ചൂണ്ടിക്കാട്ടി. അസമിൽ നിന്നുള്ള ലവ്‌ലിന കോമൺവെത്തിൽ വെള്ളി മെഡലാണ് നേടിയത്.

ഈ വീഡിയോ ചർച്ചയായതോടെ വിശദീകരണവുമായി ഹോട്ടൽ അധികൃതരും രംഗത്തെത്തി. ഭൂപടത്തിൽ തെറ്റ് പറ്റിയതിൽ ക്ഷമ ചോദിക്കുന്നുവെന്നും ഇത് തിരുത്താൻ അടിയന്ത നടപടികൾ സ്വീകരിക്കുമെന്നും ഹോട്ടൽ അധികൃതര് വ്യക്തമാക്കി. ആരേയും വേദനിപ്പിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും ഇന്ത്യൻ ടീമിന് അഭിമാനത്തോടെ തങ്ങളുടെ ഭക്ഷണം വിളമ്പാനാണ് ആഗ്രഹിച്ചതെന്നും അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു.

Content Highlights: Lovlina Borgohain identified a missing North East and Kashmir on a restaurant napkin in Glasgow., The incident occurred during a celebratory dinner for the Indian boxing team., Boxing Federation of India President Ajay Singh supported the objection., The restaurant issued a formal apology and committed to correcting the error.