'ഞാനുമൊരു മനുഷ്യനാണ്, എന്നോട് അൽപമെങ്കിലും മനുഷ്യത്വം കാണിക്കണം'-പ്രതികരിച്ച് യമാലിന്റെ കാമുകി

ലോകകപ്പ് വിജയാഘോഷത്തിനായി സ്പാനിഷ് താരങ്ങളുടെ കുടുംബാംഗങ്ങളെല്ലാം ഗ്രൗണ്ടിലിറങ്ങിയപ്പോൾ അക്കൂട്ടത്തിൽ സൂപ്പർതാരം ലമിൻ യമാലിന്റെ കാമുകി ഇനസ് ഗാർസ്യ സാന്റോസുമുണ്ടായിരുന്നു. ലോകകപ്പിന് തൊട്ടുമുമ്പാണ് ഇരുവരും ഡേറ്റിങ് തുടങ്ങിയത്. അർജന്റീനൻ ഗായിക നിക്കി നിക്കോളയുമായുള്ള ബന്ധം അവസാനിച്ചതിന് പിന്നാലെയാണ് ലമിൻ സ്പാനിഷ് കണ്ടന്റ് ക്രിയേറ്ററായ ഇനസുമായി അടുക്കുന്നത്.
എന്നാൽ ഈ വിജയാഘോഷത്തിന് പിന്നാലെ ഇനസ് സോഷ്യൽ മീഡിയയിൽ കടുത്ത സൈബർ ആക്രമണങ്ങളാണ് നേരിട്ടത്. ആഘോഷത്തിനിടെയുള്ള വീഡിയോയും ഇനസിന്റെ മുൻ കാമുകനെ ഉപേക്ഷിച്ചതിനുള്ള കാരണവുമായിരുന്നു ഇതിന് പിന്നിൽ. യമാലിനൊപ്പം ട്രോഫി പിടിച്ചുനിൽക്കുന്ന ചിത്രം ഇനസ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചെങ്കിലും യഥാർഥത്തിൽ യമാൽ ഇനസിനെ അവഗണിച്ചുവെന്നാണ് സോഷ്യൽ മീഡിയ പറയുന്നത്.
ലമിനുമായി പ്രണയത്തിലാകാനായി ഇനസ് മുൻകാമുകനെ ഉപേക്ഷിച്ചുവെന്നും അതിനാലാണ് ലമിൻ അത്തരത്തിൽ പെരുമാറുന്നതെന്നും ആളുകൾ സോഷ്യൽ മീഡിയയിൽ കുറിച്ചു. എന്നാൽ ഇതിനെല്ലാം മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഇനസ്. എക്‌സിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അവർ പ്രതികരിച്ചത്.
താനൊരു മനുഷ്യനാണെന്നും അൽപം മനുഷ്യത്വം കാണിക്കണമെന്നും ഇനസ് കുറിച്ചു. തികച്ചും സാധാരണമായ ഒരു കാര്യം പങ്കുവെച്ചത് ഇത്രയും വലിയ പ്രതികരണങ്ങൾ കാരണമാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും തന്റെ മാനസികാരോഗ്യം മോശമായെന്നും അവർ വ്യക്തമാക്കി. എല്ലാ സമയത്തും തന്നെ വേദനിപ്പിക്കുന്ന തരത്തിലുള്ള കമന്റുകളാണ് സോഷ്യൽ മീഡിയയിൽ കാണുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
'ഈ അക്കൗണ്ടിന് പിന്നിലുള്ളതും വികാരങ്ങളും കണ്ണീരുമുള്ള ഒരു വ്യക്തിയാണ്. ഒരു ഫുട്‌ബോൾ താരവുമായുള്ള ബന്ധത്തിന്റെ പേരിൽ മാത്രം മനുഷ്യത്വമില്ലാത്ത രീതിയിൽ എന്നോട് പെരുമാറരുത്.
എല്ലാവർക്കും എല്ലാവരെയും ഇഷ്ടപ്പെടണമെന്നില്ലെന്ന് എനിക്ക് അറിയാം. എന്നാൽ ഒരു അഭിപ്രായം പറയുന്നതും, തികച്ചും അപരിചിതരായ ആളുകളെ അപമാനിക്കുന്നതും അവഹേളിക്കുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. എനിക്ക് വേണ്ടത് അൽപം സഹാനുഭൂതിയും മനുഷ്യത്വവും മാത്രമാണ്. ക്രൂരത ആഘോഷിക്കപ്പെടുന്ന ഇടമായി സോഷ്യൽ മീഡിയ മാറുന്ന സാഹചര്യം അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നത്'-അവർ കുറിച്ചു.
Content Highlights: Ines Garcia Santos faces severe cyberbullying following World Cup celebrations., Social media users criticized her past relationships and interactions with Lamine Yamal., Ines issued a public statement on X, requesting empathy and human decency., The incident highlights the mental health impact of online harassment on public figures.