അന്ന് കൈയിലും തുടയിലും എത്രയോ തവണ പന്ത് വന്നിടിച്ചു, എന്നിട്ടും സുശാന്ത് തളര്‍ന്നില്ല

Image Courtesy: Twitter
Image Courtesy: Twitter

മുംബൈ: ബോളിവുഡ് നടന്‍ സുശാന്ത് സിങ് രാജ്പുത്തിന്റെ (34) അപ്രതീക്ഷിത വിയോഗത്തില്‍ ഞെട്ടിയിരിക്കുകയാണ് സിനിമാ ലോകവും കായിക ലോകവും. ഞായറാഴ്ചയാണ് മുംബൈയിലെ ബാന്ദ്രയിലെ സ്വവസതിയില്‍ താരത്തെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോനിയുടെ ബയോപ്പിക്കായ 'എം.എസ് ധോനി; ദ അണ്‍ടോള്‍ഡ് സ്റ്റോറി'യില്‍ സാക്ഷാല്‍ ധോനിയെ സ്‌ക്രീനിലേക്ക് പകര്‍ത്തിയ സുശാന്ത് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തിനും പ്രിയപ്പെട്ട താരമായിരുന്നു. 

ആ ചിത്രത്തിനു വേണ്ടി സുശാന്തിനെ പരിശീലിപ്പിച്ചത് മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ കിരണ്‍ മോറെയായിരുന്നു. ചിത്രത്തിനായി ഒമ്പത് മാസത്തോളം താന്‍ പരിശീലിപ്പിച്ച സുശാന്തിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് അദ്ദേഹവും. ഈ വാര്‍ത്ത കേട്ട് താന്‍ അക്ഷരാര്‍ഥത്തില്‍ ഞെട്ടിപ്പോയെന്നും വിശ്വസിക്കാന്‍ പ്രയാസപ്പെട്ടെന്നും മോറെ പി.ടി.ഐയോട് പ്രതികരിച്ചു. 

''കഠിനാധ്വാനിയായ സ്‌നേഹസമ്പന്നനായ ഒരാളെയാണ് നഷ്ടമായിരിക്കുന്നത്. ഒരു ക്രിക്കറ്ററെ പോലെ തന്നെയായിരുന്നു ആ ചിത്രത്തിനായി സുശാന്ത് പരിശീലിച്ചിരുന്നത്. ആ കഥാപാത്രത്തിനായി ഒമ്പത് മാസത്തോളം തുടര്‍ച്ചയായി പരിശീലിച്ചിരുന്നു. ധോനിയുടെ പ്രശസ്തമായ ഹെലിക്കോപ്റ്റര്‍ ഷോട്ട് പോലും അദ്ദേഹം നന്നായി ചെയ്തു. വിക്കറ്റ് കീപ്പിങ് തികച്ചും വ്യത്യസ്തമാണ്. പരിശീലനത്തിനിടെ നിരവധി തവണ സുശാന്തിന്റെ കൈയിലും തുടയിലുമെല്ലാം പന്ത് വന്നിടിക്കുമായിരുന്നു. എന്നാല്‍ അവസാനമായപ്പോഴേക്കും അദ്ദേഹം പൂര്‍ണമായും കളിക്കാന്‍ തയ്യാറായിക്കഴിഞ്ഞിരുന്നു. ചെറുതെങ്കിലും അവിശ്വസനീയമായ ഒരു യാത്രയായിരുന്നു അത്'', മോറെ പറഞ്ഞു.

ക്രീസില്‍ നമ്മള്‍ ധോനിയെ എങ്ങനെയാണോ കണ്ട് അതു തന്ന സ്‌ക്രീനിലും കാണിച്ചുതരാന്‍ സുശാന്തിനായി. കളിക്കളത്തിലെയും പുറത്തെയും ധോനിയുടെ ശരീരഭാഷ കൃത്യമായി അദ്ദേഹം പകര്‍ത്തിയിരുന്നു.

Content Highlights: Kiran More reacts to Bollywood actor Sushant Singh Rajput’s death

Content Highlights: