ഫെഡറേഷന്‍ കപ്പ് വോളിയില്‍ കേരള വനിതകള്‍ക്ക് കിരീടം

ഫെഡറേഷൻ കപ്പ് വോളിബോളിൽ ചാമ്പ്യൻമാരായ കേരള ടീം ട്രോഫിയുമായി
ഫെഡറേഷൻ കപ്പ് വോളിബോളിൽ ചാമ്പ്യൻമാരായ കേരള ടീം ട്രോഫിയുമായി

ഭുവനേശ്വര്‍: ഇന്ത്യന്‍ വോളിബോളില്‍ ഒരിക്കല്‍ക്കൂടി തലയുയര്‍ത്തി കേരള വനിതകള്‍. ഫെഡറേഷന്‍ കപ്പില്‍ റെയില്‍വേസിനെ കീഴടക്കി കപ്പുയര്‍ത്തിയപ്പോള്‍ അത് ഹാട്രിക് കിരീടമായി. റൗണ്ട് റോബിന്‍ ലീഗിലെ അവസാനകളിയില്‍ 25-19, 25-19, 25-16 എന്ന സ്‌കോറിനാണ് റെയില്‍വേയെ കീഴടക്കിയത്.

ദേശീയവോളിയില്‍ തുടര്‍ച്ചയായ നാലാം കിരീടം നേടിയ കേരള വനിതകള്‍ ഫെഡറേഷന്‍കപ്പിലും ആ ഫോം തുടര്‍ന്നു. ഇതോടെ സീസണില്‍ ടീമിന് ഇരട്ടക്കിരീടമായി. എസ്. സൂര്യയാണ് ടീമിനെ നയിച്ചത്. സി.എസ്. സദാനന്ദനാണ് ടീമിന്റെ മുഖ്യപരിശീലകന്‍.

കിരീടം നിര്‍ണയിച്ച മത്സരത്തില്‍ ലിബറോ അശ്വതി രവീന്ദ്രന്‍, അറ്റാക്കര്‍മാരായ അനുശ്രീ, ശരണ്യ എന്നിവരുടെ തകര്‍പ്പന്‍ പ്രകടനം വിജയത്തില്‍ നിര്‍ണായകമായി. പതിവുപോലെ ടീം മികച്ച ഒത്തിണക്കം പുറത്തെടുത്തു. ആദ്യ രണ്ടു സെറ്റിലും കടുത്തപോരാട്ടം നടന്നു. മൂന്നാം സെറ്റില്‍ റെയില്‍വേ തുടക്കത്തില്‍ ലീഡെടുത്തെങ്കിലും പൊരുതിക്കയറിയ കേരള ടീം സെറ്റും കപ്പും സ്വന്തമാക്കി. ഒറ്റമത്സരവും തോല്‍ക്കാതെയാണ് കേരളം ജേതാക്കളായത്. ഹിമാചല്‍പ്രദേശ്, ബംഗാള്‍, ഒഡിഷ ടീമുകളെ നേരത്തേ കീഴടക്കി.

ഇത്തവണത്തെ ദേശീയ വോളിയിലും റെയില്‍വേസിനെ കീഴടക്കിയാണ് കേരളം ചാമ്പ്യന്മാരായത്.

ടീം: എസ്. സൂര്യ, എന്‍.എസ്. ശരണ്യ, കെ.എസ്. ജിനി, ജെ. മേരി അനീന, എം. ശ്രുതി, ആല്‍ബിന്‍ തോമസ്, എം.പി. മായ, കെ.പി. അനുശ്രീ, കെ. അമിത, മായ തോമസ്, അശ്വതി രവീന്ദ്രന്‍, മെറിന്‍ സാജന്‍. സി.എസ്. സദാനന്ദന്‍ (മുഖ്യപരിശീലകന്‍), പി. രാധിക, പി. ശിവകുമാര്‍ (സഹപരിശീലകര്‍), സുനില്‍ സെബാസ്റ്റ്യന്‍ (മാനേജര്‍).

Content Highlights: kerala win national volleyball federation cup 2022, keralavolley ball team, federation cup 2022