ആലപ്പുഴ എസ്ഡി കോളജിൽ 50 കോടിയുടെ കായിക വികസന പദ്ധതികളുമായി കെസിഎ

ആലപ്പുഴ: ആലപ്പുഴ എസ്.ഡി കോളേജിൽ 50 കോടി രൂപ മുതൽമുടക്കിൽ രാജ്യാന്തര നിലവാരത്തിലുള്ള കായിക സൗകര്യങ്ങൾ ഒരുക്കാൻ കേരള ക്രിക്കറ്റ് അസോസിയേഷൻ. ഇതിന്റെ ഭാഗമായി കെ.സി.എയും എസ്.ഡി കോളേജും തമ്മിൽ 33 വർഷത്തേക്കുള്ള ലീവ് ആൻഡ് ലൈസൻസ് കരാർ ഒപ്പുവെച്ചു.
ആലപ്പുഴ രംഗമണി ആൻഡ് കമ്പനി ഓഫീസ് കോംപ്ലക്സിൽ കെ.സി.എ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായരുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ കെ.സി.എ സെക്രട്ടറി വിനോദ് എസ്. കുമാറും എസ്.ഡി. വിദ്യാശാല പ്രസിഡന്റ് ആർ. കൃഷ്ണനും ധാരണാപത്രം കൈമാറി. 2009-ൽ ഇരു സ്ഥാപനങ്ങളും തമ്മിൽ ഒപ്പുവെച്ച കരാറിന്റെ അടിസ്ഥാനത്തിലാണ് കോളേജ് ഗ്രൗണ്ടിൽ ക്രിക്കറ്റ് മൈതാനം നിർമ്മിച്ചത്. 15 വർഷത്തെ കാലാവധി 2024-ൽ അവസാനിച്ചതിനെ തുടർന്നാണ് കായികരംഗത്തെ മികച്ച സഹകരണം തുടരുന്നതിനായി വിദ്യാശാല മാനേജ്മെന്റ് 33 വർഷത്തേക്കുകൂടി ഗ്രൗണ്ട് കെ.സി.എയ്ക്ക് വിട്ടുനൽകാൻ തീരുമാനിച്ചത്.
പഴയ കാന്റീൻ പ്രദേശം ഉൾപ്പെടെ 11 ഏക്കർ സ്ഥലത്താണ് പുതിയ മാസ്റ്റർ പ്ലാൻ പ്രകാരമുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുക. 13 കോടി രൂപ ചെലവഴിച്ച് അത്യാധുനിക ഫ്ലഡ്ലൈറ്റ് സംവിധാനം ഇതിനോടകം സജ്ജമാക്കിയ മൈതാനത്ത്, കളിക്കാർക്കും ഒഫീഷ്യലുകൾക്കും വേണ്ടിയുള്ള ആധുനിക പവലിയനുകൾ, ബ്രോഡ്കാസ്റ്റിംഗ് സൗകര്യങ്ങൾ, ഇൻഡോർ പ്രാക്ടീസ് സെന്റർ, ജിംനേഷ്യം, 15 ഔട്ട്ഡോർ പ്രാക്ടീസ് നെറ്റുകൾ, ഓഫീസ് കെട്ടിടം, സ്റ്റാഫ് ക്വാർട്ടേഴ്സ് എന്നിവ നിർമ്മിക്കും.
ക്രിക്കറ്റിന് പുറമെ മറ്റ് കായിക ഇനങ്ങൾക്കും പ്രോത്സാഹനം നൽകുക എന്ന ലക്ഷ്യത്തോടെ എസ്.ഡി. കോളജിന് വേണ്ടി ട്രാക്ക്, മിനി ക്രിക്കറ്റ് ഗ്രൗണ്ട്, ഫുട്സൽ കോർട്ട്, ഫുട്ബോൾ ഗ്രൗണ്ട്, ബാസ്കറ്റ്ബോൾ കോർട്ട്, ആധുനിക കാന്റീൻ കെട്ടിടം എന്നിവയും കെ.സി.എ നിർമ്മിച്ചു നൽകും. കരാർ പ്രകാരം ഈ സൗകര്യങ്ങൾ ക്രിക്കറ്റ് അസോസിയേഷനും ഉപയോഗിക്കാൻ സാധിക്കും. ഇവയുടെ പരിപാലനവും സെക്യൂരിറ്റി, സി.സി.ടി.വി ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളും കെ.സി.എ തന്നെ വഹിക്കും.
ആദ്യ കരാറിന്റെ അടിസ്ഥാനത്തിൽ മൈതാനവും അനുബന്ധ സൗകര്യങ്ങളും ഒരുക്കിയ കെ.സി.എ 13 കോടി രൂപ ചെലവഴിച്ച് അത്യാധുനിക ഫ്ലഡ്ലൈറ്റ് സംവിധാനവും ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്. 33 വർഷത്തെ ദീർഘകാല കരാർ കേരള ക്രിക്കറ്റിന്റെ വളർച്ചയിൽ നിർണ്ണായക വഴിത്തിരിവാകുമെന്നും പദ്ധതി പൂർത്തിയാകുന്നതോടെ എസ്.ഡി. കോളേജ് മൈതാനം സംസ്ഥാനത്തെ ഏറ്റവും മികച്ച കായിക കേന്ദ്രമായി മാറുമെന്നും കെ.സി.എ പ്രസിഡന്റ് അഡ്വ. ശ്രീജിത്ത് വി. നായർ പറഞ്ഞു. പുതിയ ഇൻഡോർ, പവലിയൻ സൗകര്യങ്ങൾ അതിവേഗം പൂർത്തിയാക്കി സംസ്ഥാനത്തെ യുവതാരങ്ങൾക്കായി മികച്ച പരിശീലന കളരി ഒരുക്കുകയാണ് ലക്ഷ്യമെന്ന് സെക്രട്ടറി വിനോദ് എസ്. കുമാർ വ്യക്തമാക്കി. ചടങ്ങിൽ എസ്.ഡി. കോളേജ് മാനേജർ പി. കൃഷ്ണകുമാർ, എസ്.ഡി.വി. സെക്രട്ടറി എൻ. നീലകണ്ഠൻ, ആലപ്പുഴ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് യു. മനോജ്, സെക്രട്ടറി പി.ജെ. നവാസ് എന്നിവർ പങ്കെടുത്തു.
Content Highlights: Kerala Cricket Association (KCA) and SD Vidyasala signed a 33-year lease agreement., Rs 50 crore investment to build international-standard sports facilities at SD College, Alappuzha., Projects include modern pavilions, broadcasting facilities, indoor practice center, gymnasium, and floodlights., Multi-sport facilities like football ground, futsal court, basketball court, and track will also be constructed for the college.