കേരള സ്‌കൂള്‍ കായികമേളയില്‍ അടുത്ത വർഷം മുതൽ കളരിപ്പയറ്റും മത്സര ഇനമാക്കും - മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: കേരള സ്‌കൂള്‍ കായിക മേളയില്‍ ഇനിമുതല്‍ കളരിപ്പയറ്റും മത്സര ഇനം ആക്കുമെന്ന് പൊതുവിദ്യാഭ്യാസ തൊഴില്‍വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. ഇതിനുവേണ്ടി ഗെയിംസ് മാന്വല്‍ പരിഷ്‌കരിക്കുമെന്നും ദേശീയ ഗെയിംസില്‍ കളരിപ്പയറ്റ് മത്സരയിനമാക്കാത്ത ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ നടപടി പ്രതിഷേധാര്‍ഹമാണെന്നും മന്ത്രി പറഞ്ഞു. അസോസിയേഷന്‍ അധ്യക്ഷയും മലയാളിയുമായ പി.ടി. ഉഷ ഇക്കാര്യത്തില്‍ ഒളിച്ചുകളിക്കുകയാണെന്നും മന്ത്രി ആരോപിച്ചു.
'ബഹുസ്വരതയുടെ നാടായ ഇന്ത്യയില്‍ നടക്കുന്ന ഏറ്റവും വലിയ കായികമേളയാണ് ദേശീയ ഗെയിംസ്. അന്താരാഷ്ട്ര തലത്തില്‍ യുനെസ്‌കോ അംഗീകരിച്ച, കേരളത്തിന് അഭിമാനമായ കായിക ഇനമാണ് കളരിപ്പയറ്റ്. ആ സ്ഥിതിക്ക് ഉത്തരാഖണ്ഡില്‍ ഈ മാസം 28-ന് ആരംഭിക്കുന്ന ദേശീയ ഗെയിംസില്‍ കളരിപ്പയറ്റ് മത്സരയിനമാക്കണം. ഇക്കാര്യത്തില്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ നടപടി പ്രതിഷേധാര്‍ഹമാണ്,' മന്ത്രി പറഞ്ഞു.
'അസോസിയേഷന്‍ അധ്യക്ഷയും മലയാളിയുമായ പി.ടി. ഉഷ ഇക്കാര്യത്തില്‍ ഒളിച്ചുകളിക്കുകയാണ്. അടുത്തവര്‍ഷം തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ ഒളിമ്പിക്‌സില്‍ അണ്ടര്‍ 14, 17, 19 എന്നീ വിഭാഗങ്ങളില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും കളരിപ്പയറ്റ് മത്സര ഇനമായി ഉള്‍പ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തുന്നത്,' മന്ത്രി അറിയിച്ചു.
Content Highlights: kalaripayattu will be included in kerala state sports meet from next year says minister v sivankutty