ഹോർഹെ മെസ്സി ഇനി ഓർമ, ഹൃദയം തകർന്ന് മെസ്സി; റൊസാരിയോയിൽ സംസ്‌കാര ചടങ്ങ്

സംസ്‌കാര ചടങ്ങിനുശേഷം മടങ്ങുന്ന മെസ്സി | Photo: Getty Images
സംസ്‌കാര ചടങ്ങിനുശേഷം മടങ്ങുന്ന മെസ്സി | Photo: Getty Images

ബ്യൂണസ് ഐറിസ്: അച്ഛൻ ഹോർഹെ മെസ്സിക്ക് വിട നൽകി ലയണൽ മെസ്സിയുടെ കുടുംബവും. റൊസാരിയോയുടെ പ്രാന്തപ്രദേശത്തുള്ള എൽ പ്രാഡോ സെമിത്തേരിയിൽ നടന്ന സംസ്‌കാര ചടങ്ങിൽ അടുത്ത കുടുംബാംഗങ്ങൾ മാത്രമാണ് പങ്കെടുത്തത്. വേദനാജനകമായ നിമിഷത്തിൽ കുടുംബത്തിന്റെ പൂർണ സ്വകാര്യത ഉറപ്പുവരുത്തിയായിരുന്നു ചടങ്ങുകൾ.

റൊസാരിയോ മേയർ പാബ്ലോ ഹാവ്കിൻ അനുശോചനം രേഖപ്പെടുത്തി. ഈ പ്രയാസകരമായ സാഹചര്യത്തിൽ സംസ്‌കാര ചടങ്ങുകൾ സംരക്ഷിക്കുന്നതിനും കുടുംബത്തിന്റെ സ്വകാര്യത ഉറപ്പാക്കുന്നതിനും പ്രാദേശിക ഭരണകൂടം സജ്ജമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. അർജന്റീന ഫുട്‌ബോൾ അസോസിയേഷന്റെ നിർദ്ദേശപ്രകാരം ഹോർഹെ മെസ്സിയോടുള്ള ആദരസൂചകമായി ഈ വാരാന്ത്യത്തിൽ നടന്ന എല്ലാ പ്രൊഫഷണൽ, യൂത്ത് വിഭാഗം മത്സരങ്ങൾക്കും മുന്നേ ഒരു മിനിറ്റ് മൗനം ആചരിച്ചു. കളിക്കാരും പരിശീലകരും റഫറിമാരും കറുത്ത ആംബാൻഡ് ധരിച്ചിരുന്നു.

മെസ്സി തന്റെ ഫുട്‌ബോൾ കരിയർ ആരംഭിച്ച റൊസാരിയോ ക്ലബ്ബായ അബാൻഡെറാഡോ ഗ്രാൻഡോലി, അർജന്റീന താരത്തിന്റെയും പിതാവിന്റെയും ഒപ്പം ടീമിലെ മറ്റ് കുട്ടികളും ഉൾപ്പെടുന്ന ഒരു പഴയ ഫോട്ടോയും ഹൃദയസ്പർശിയായ കുറിപ്പും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.

ദീർഘകാലമായി അസുഖബാധിതനായി റൊസാരിയോയിലെ സനാറ്റോറിയോ സെൻട്രോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഹോർഹെ മെസ്സി ഇന്ത്യൻ സമയം ശനിയാഴ്ച പുലർച്ചെയാണ് അന്തരിച്ചത്. മെസ്സിയുടെ കരിയർ വളർത്തുന്നതിൽ നിർണായക പങ്കുവഹിച്ച അദ്ദേഹം മകന്റെ ഏജന്റായും പ്രവർത്തിച്ചിരുന്നു.

നിലവിൽ ഇന്റർമയാമിക്കായി കളിക്കുന്ന മെസ്സി മയാമിയിലാണുണ്ടായിരുന്നത്. മരണവാർത്ത അറിഞ്ഞയുടനെ ഭാര്യ അന്റോണെല്ലയ്ക്കും മക്കൾക്കുമൊപ്പം പ്രൈവറ്റ് ജെറ്റിൽ റൊസാരിയോയിലെത്തുകയായിരുന്നു.

Content Highlights: Jorge Messi passed away at the age of 68 following a long-term illness in Rosario., A private funeral was held at the El Prado cemetery with strict security., The Argentine Football Association held a minute's silence and players wore black armbands in tribute., Abanderado Grandoli, Messi's childhood club, shared a moving tribute on social media.