‘മരണം സുനിശ്ചിതമാണ്...‘; വേർപാടിന് പിന്നാലെ വൈറലായി ജസ്പാൽ റാണയുടെ ഇൻസ്റ്റഗ്രാം ബയോ

ന്യൂഡൽഹി: ഷൂട്ടിങ് പരിശീലകനും ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ ജേതാവുമായ ജസ്പാൽ റാണ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ച വാർത്ത കായിക ലോകം ഞെട്ടലോടെയാണ് കേട്ടത്. ഇരട്ട ഒളിമ്പിക് മെഡൽ ജേതാവ് മനു ഭാക്കറുടെ പരിശീലകൻ കൂടിയായിരുന്നു റാണ. മരണവാർത്തയ്ക്കു പിന്നാലെ അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം ബയോ ആണ് സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയാകുന്നത്. 'മരണം സുനിശ്ചിതമായിരിക്കുമ്പോൾ സ്വയം ഒരു നല്ലകാര്യത്തിനായി സമർപ്പിക്കുന്നതാണ് ഏറ്റവും ഉചിതം' എന്നാണ് ബയോ ആയി നൽകിയത്.
മരണം തികച്ചും ഉറപ്പായ ഒന്നായതിനാൽ, നമ്മുടെ പരിമിതമായ സമയം നിസ്സാരമായ കാര്യങ്ങൾക്കായി കളയുന്നത് അർഥശൂന്യമാണെന്ന് അദ്ദേഹം സ്വന്തം ജീവിതത്തിലൂടെ അടിവരയിട്ടു.
നാഷണൽ റൈഫിൾ അസോസിയേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് കലികേഷ് നാരായൺ സിങ് ഡിയോ ആണ് ജസ്പാൽ റാണയുടെ മരണവാർത്ത സ്ഥിരീകരിച്ചത്. ജർമനിയിലെ മ്യൂണിക്കിൽ നടന്ന ഐ.എസ്.എസ്.എഫ്. ലോകകപ്പ് കഴിഞ്ഞ് ഇന്ത്യൻ സംഘത്തോടൊപ്പം മടങ്ങുന്നതിനിടെ വിമാനത്തിൽവെച്ച് അസുഖബാധിതനായതിനെത്തുടർന്ന് അദ്ദേഹത്തെ അടുത്തിടെ ചികിത്സയ്ക്ക് വിധേയനാക്കിയിരുന്നു.
ഡൽഹിയിൽ ഇറങ്ങിയ ഉടൻതന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ഹൃദയത്തിലെ തടസ്സം നീക്കാൻ സ്റ്റെന്റ് സ്ഥാപിക്കുകയും ചെയ്തു. ആദ്യഘട്ടത്തിൽ നില തൃപ്തികരമാണെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് ആരോഗ്യം വഷളാവുകയായിരുന്നു. ഭാര്യ റീന റാണ, മകൾ ദേവാൻഷി, മകൻ യുവരാജ്, പിതാവ് നാരായൺ സിങ് റാണ, സഹോദരങ്ങളായ സുഷമ സിങ്, സുഭാഷ് റാണ എന്നിവരടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.
Content Highlights: Jaspal Rana, renowned Indian shooting coach and former athlete, passes away at 49., Fans are reflecting on his poignant Instagram bio regarding life and mortality.