ടോക്യോ പാരാലിമ്പിക്സ്: ഹൈ ജമ്പില്‍ ഇന്ത്യയുടെ നിഷാദ് കുമാറിന് വെള്ളി

ടോക്യോ പാരാലിമ്പിക്‌സ് ഹൈ ജമ്പ് ഫൈനലില്‍ നിഷാദ് കുമാറിന്‍റെ പ്രകടനം | ചിത്രം: AP
ടോക്യോ പാരാലിമ്പിക്‌സ് ഹൈ ജമ്പ് ഫൈനലില്‍ നിഷാദ് കുമാറിന്‍റെ പ്രകടനം | ചിത്രം: AP

ടോക്യോ: ടോക്യോ പാരാലിമ്പിക്‌സ് ഹൈ ജമ്പില്‍ ഇന്ത്യയുടെ നിഷാദ് കുമാറിന് വെള്ളി. 2.06 മീറ്റര്‍ ചാടിയാണ് നിഷാദ് കുമാര്‍ വെള്ളി മെഡല്‍ കരസ്ഥമാക്കിയത്. ഈ പ്രകടനത്തിലൂടെ ഏഷ്യന്‍ റെക്കോഡും നിഷാദ് സൃഷ്ടിച്ചു. നേരത്തെ വനിതാ ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ ഭവിന പട്ടേലും വെള്ളി മെഡല്‍ നേടിയിരുന്നു. ഇതോടെ ടോക്യോ പാരാലിമ്പിക്‌സില്‍ ഇന്ത്യയുടെ മെഡല്‍നേട്ടം രണ്ടായി.  

അമേരിക്കയുടെ റോഡെറിക് ടൗണ്‍സെന്‍ഡ് സ്വര്‍ണ്ണവും ദല്ലാസ് വൈസ് വെങ്കലവും നേടി. 2.15 മീറ്റര്‍ ഉയരം ചാടിക്കടന്നാണ് ടൗണ്‍സെന്‍ഡ് സ്വര്‍ണം കരസ്ഥമാക്കിയത്. വൈസ് 2.06 മീറ്റര്‍ ഉയരം ചാടി വെങ്കല മെഡല്‍ നേടി.

നിഷാദും വെങ്കലം നേടിയ ദല്ലാസ് വൈസും ഒരേ ഉയരമാണ് ചാടിയതെങ്കിലും ആദ്യ ശ്രമത്തില്‍ കൂടുതല്‍ ഉയരം ചാടിയതിന്റെ ആനുകൂല്യത്തില്‍ നിഷാദ് രണ്ടാം സ്ഥാനം സ്വന്തമാക്കുകയായിരുന്നു. നിഷാദ് തന്റെ ആദ്യ ശ്രമത്തില്‍ 2.02 മീറ്റര്‍ ഉയരമാണ് മറികടന്നത് എന്നാല്‍ വൈസിന് രണ്ട് മീറ്റര്‍ ഉയരം മാത്രമേ മറികടന്നിരുന്നുള്ളു. ഇന്ത്യയുടെ തന്നെ രാംപാല്‍ ചഹര്‍ 1.94 മീറ്റര്‍ ചാടി അഞ്ചാം സ്ഥാനത്തെത്തി.

നേരത്തെ വനിതാ ടേബിള്‍ ടെന്നീസില്‍ ഇന്ത്യയുടെ ഭവിന പട്ടേലും വെള്ളി മെഡല്‍ നേടിയിരുന്നു. ഇന്ത്യയ്ക്കായി പാരാലിമ്പിക്‌സില്‍ മെഡല്‍ നേടുന്ന ആദ്യ ടേബിള്‍ ടെന്നീസ് താരവും ദീപ മാലിക്കിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ വനിതാ കായിക താരവുമാണ് ഭവിന. 2016 റിയോയില്‍ വനിതകളുടെ ഷോട്ട്പുട്ടില്‍ ദീപ വെള്ളി നേടിയിരുന്നു.

Content highlights: India's Nishad Kumar wins silver in high jump at tokyo paralympics 

Content Highlights: