മെല്‍ബണില്‍ തോറ്റാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് മറ്റൊരു നാണക്കേട്

മെല്‍ബണ്‍: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ സംബന്ധിച്ച് അത്ര നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ഒരു വര്‍ഷമല്ല 2020. തുടര്‍ച്ചയായ ഏകദിന മത്സരങ്ങളിലെ തോല്‍വികളും പരിക്കും താരങ്ങളുടെ മോശം ഫോമുമെല്ലാം ടീമിനെ പിന്നോട്ടടിക്കുകയാണ്.
ഓസീസിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ടെസ്റ്റ് ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും ചെറിയ സ്‌കോര്‍ എന്ന നാണക്കേടും ടീമിന്റെ തലയിലായി. ഇപ്പോഴിതാ ക്രിസ്മസ് പിറ്റേന്ന് ബോക്‌സിങ് ഡേയില്‍ ഓസീസിനെതിരേ രണ്ടാം ടെസ്റ്റിനിറങ്ങുന്ന ഇന്ത്യയെ മറ്റൊരു നാണക്കേട് തുറിച്ചുനോക്കുന്നുണ്ട്.
മെല്‍ബണ്‍ ടെസ്റ്റ് ജയിക്കാനോ സമനിലയിലെത്തിക്കാനോ ഇന്ത്യയ്ക്ക് സാധിക്കാതിരുന്നാല്‍ ഒരു കലണ്ടര്‍ വര്‍ഷത്തിലെ എല്ലാ ടെസ്റ്റ് മത്സരങ്ങളും തോല്‍ക്കുകയെന്ന നാണക്കേടാണ് ഇന്ത്യന്‍ ടീമിനെ കാത്തിരിക്കുന്നത്. അങ്ങനെ സംഭവിച്ചാല്‍ ഇന്ത്യയുടെ 88 വര്‍ഷത്തെ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തെ സംഭവമാകും ഇത്.
ടെസ്റ്റ് ചരിത്രത്തില്‍, ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഒരു രാജ്യം കളിച്ച എല്ലാ ടെസ്റ്റുകളും പരാജയപ്പെടുന്ന സാഹചര്യം മുന്‍പ് 19 തവണ ഉണ്ടായിട്ടുണ്ട്. മെല്‍ബണില്‍ വിജയമോ സമനിലയോ നേടാനായില്ലെങ്കില്‍ ഇന്ത്യയും ഈ നാണക്കേടിന്റെ പട്ടികയില്‍ ഉള്‍പ്പെടും.
ബംഗ്ലാദേശ് അഞ്ചു തവണയും സിംബാബ്‌വെ, ഓസ്‌ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവര്‍ മൂന്നു വട്ടവും ഈ നാണക്കേടിലേക്ക് വീണിട്ടുണ്ട്. ഇംഗ്ലണ്ട്, ന്യൂസീലന്‍ഡ്, വെസ്റ്റിന്‍ഡീസ്, ശ്രീലങ്ക എന്നിവര്‍ക്ക് ഓരോ തവണയും ഈ നാണക്കേടുണ്ടായിട്ടുണ്ട്.
ഈ വര്‍ഷം ന്യൂസീലന്‍ഡിനെതിരെയായിരുന്നു ഇന്ത്യയുടെ ആദ്യ ടെസ്റ്റ് പരമ്പര. ആ പരമ്പരയിലെ രണ്ടു ടെസ്റ്റിലും ഇന്ത്യ തോറ്റു. തുടര്‍ന്ന് ഇപ്പോഴിതാ ഓസീസിനെതിരായ ആദ്യ ടെസ്റ്റിലും.
Content Highlights: India vs Australia India stare at an unwanted record
Content Highlights: